Vaisakhan Thampi

നിങ്ങൾ ഒരു മനോഹരമായ കാഴ്ച കാണുന്നു, അതൊന്ന് ഫോട്ടോയിൽ പകർത്തണം എന്ന് തോന്നുന്നു. നിങ്ങളുടെ കൈയിൽ ക്യാമറയുണ്ട്. നിങ്ങൾ അതെടുത്ത് ക്ലിക്കുന്നു, പതിഞ്ഞ ഫോട്ടോയിൽ നോക്കുന്നു, നിരാശപ്പെടുന്നു!

നിങ്ങൾ പടംപിടുത്തം പഠിച്ചിട്ടുള്ള ഒരു ഫോട്ടോഗ്രാഫറല്ലായെങ്കിൽ, ഈ നിരാശ നിങ്ങൾക്ക് പരിചയമുണ്ടാകും. എന്തുകൊണ്ടാണ് കണ്ണുകൊണ്ട് കാണുന്ന കാഴ്ചകൾ ഫോട്ടോയിൽ പതിയുമ്പോൾ ആ ഭംഗി കിട്ടാത്തത്?
കാരണത്തിൽ പല ഘടകങ്ങൾ ഉണ്ടാകാം.

ഇവിടെ നമ്മൾ പറയുന്നത്, ഫോട്ടോഗ്രാഫിയുടെ പിന്നിലെ കുറച്ച് ഭൗതികശാസ്ത്രം ആണ്. മൊബൈൽ ഫോണിലെ ക്യാമറ വെച്ചുള്ള ഫോട്ടോഗ്രഫിയ്ക്കും ഇത് ബാധകമാണെങ്കിലും, അവിടെ അധികമായി പറയേണ്ട ഒരു പ്രധാന കാര്യം ഉണ്ട്. അത് അവസാനം പറയാം.

പറയാനുള്ള സൗകര്യത്തിന്, ഒരു വസ്തുവോ, ഒന്നിലധികം വസ്തുക്കളോ, വെറും ആകാശമോ എന്നിങ്ങനെ കാണപ്പെടുകയോ പടമെടുക്കപ്പെടുകയോ ചെയ്യുന്ന എന്തിനേയും ഒരു സീൻ ആണെന്ന് വിളിക്കാം. ഫോട്ടോഗ്രഫിയിലും, കാഴ്ചയിലും പൊതുവായുള്ള കാര്യം ആദ്യം പറയാം. പടമാകുന്ന/കാണുന്ന സീനിൽ നിന്നും വരുന്ന പ്രകാശം ഒരു സ്ക്രീനിലേയ്ക്ക് ഫോക്കസ് ചെയ്യപ്പെടുന്നുണ്ട്. ഫോക്കസ് ചെയ്യപ്പെടുക എന്നുവെച്ചാൽ ചുമ്മാ പ്രകാശം വന്ന് സ്ക്രീനിൽ വീണാൽ പോരാ.

സീനിലെ ഒരു ബിന്ദുവിൽ നിന്ന് വരുന്ന പ്രകാശം സ്ക്രീനിലെ ഒരു ബിന്ദുവിലേയ്ക്ക് മാത്രം വീഴുമ്പോഴാണ് അത് ഫോക്കസ് ചെയ്യപ്പെടുന്നത്. എന്നാൽ മാത്രമേ സീനിന്റെ ഒരു പ്രതിബിംബം അഥവാ ഇമേജ് രൂപം കൊള്ളൂ. ഇതിന് ഒരു ഒപ്റ്റിക്കൽ ഉപകരണം ഉണ്ടായേ കഴിയൂ (പിൻ ഹോൾ ക്യാമറ പോലെ ചില സാഹചര്യങ്ങളിൽ ഒഴികേ). കണ്ണിലും ക്യാമറയിലും ലെൻസ് ആണ് ഇത് ചെയ്യുന്നത്.

ഒപ്പം ഓർക്കുക, നമ്മുടെ ഒരു കണ്ണിൽ ഒരൊറ്റ ലെൻസേയുള്ളൂ. പക്ഷേ പ്രൊഫഷണൽ ക്യാമറകളിൽ ലെൻസ് എന്ന് വെറുതേ പറയപ്പെടുന്നത്, സത്യത്തിൽ ഒന്നിലധികം ലെൻസുകളുടെ ഒരു സങ്കീർണമായ ക്രമീകരണമാണ്. തത്കാലത്തെ സൗകര്യത്തിന് വേണ്ടി നമുക്കത് മറക്കാം.

ഒരു ലെൻസ് വെച്ച് നിങ്ങൾക്ക് ഒരു സീനിന്റെ പ്രതിബിംബം ഏത് സ്ക്രീനിലും സൃഷ്ടിക്കാം. പക്ഷേ അത് കാഴ്ചയോ ഫോട്ടോയോ ആകണമെങ്കിൽ ഫോക്കസ് ചെയ്യപ്പെടുന്ന സ്ക്രീനിന്, അതിൽ വീഴുന്ന പ്രകാശത്തിനെ ഒരു സിഗ്നലാക്കി മാറ്റാൻ കഴിയണം. നമ്മുടെ കണ്ണിൽ, റെറ്റിന എന്ന സ്ക്രീനിലുള്ള കോൺ-റോഡ് എന്നീ സവിശേഷ സെൻസർ കോശങ്ങളാണ് ഈ ജോലി ചെയ്യുന്നത്. ക്യാമറയിൽ ആക്റ്റിവ് പിക്സൽ സെൻസർ (APS) എന്ന് വിളിക്കുന്ന സൂക്ഷ്മ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇതേ ജോലി ചെയ്യുന്നത്. APS-കൾ പലതരമുണ്ട്, പക്ഷേ ഇന്നത്തെ മിക്ക ക്യാമറകളും CMOS സെൻസറുകളാണ് ഉപയോഗിക്കുന്നത്.

പ്രതിബിംബത്തിന്റെ ഓരോ ബിന്ദുവിലും വീഴുന്ന പ്രകാശത്തിന്റ തീവ്രത, ഫ്രീക്വൻസി എന്നിവ അളന്ന് അതിനെ ഒരു വൈദ്യുത സിഗ്നലാക്കി മാറ്റുകയാണ് സെൻസറുകൾ ചെയ്യുന്നത്. സെൻസറുകൾ എത്രത്തോളം ഞെരുങ്ങിയിരിക്കുന്നോ, പ്രതിബിംബത്തിന്റെ അത്രത്തോളം സൂക്ഷ്മത സിഗ്നലിൽ ഉൾപ്പെടും. കണ്ണുകളിൽ സെൻസറുകൾക്ക് ഒരു കോശത്തിന്റെ വലുപ്പമാണ്. അവ എത്രത്തോളം അടുങ്ങിയിരിക്കുന്നു എന്നത് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലാ താനും. ക്യാമറകളിൽ ഈ അടുക്കിന്റെ അളവാണ് മെഗാപിക്സൽ (MP) എന്ന വാക്ക് കൊണ്ട് സൂചിപ്പിക്കപ്പെടുന്നത്. ക്യാമറാ കമ്പനികൾ മെഗാപിക്സലിന്റെ വലിപ്പം കാണിച്ചാണ് പരസ്യം ചെയ്യുന്നത് എന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. എന്നാൽ ഫോട്ടോഗ്രഫിയെ പറ്റി അറിവില്ലാത്തവരെ പറ്റിക്കാനുള്ള ഒരു അടവ് മാത്രമാണീ മെഗാപിക്സൽ വീമ്പ്. അതറിയാൻ, റെഡ്മിയുടെ Note 8 എന്ന ഫോൺ അവകാശപ്പെടുന്നത് 64 MP ആണെങ്കിൽ, 85,000 രൂപ വിലയുള്ള നിക്കോൺ D7500 എന്ന പ്രൊഫഷണൽ ക്യാമറയ്ക്ക് 20.9 MP-യേയുള്ളു എന്ന കാര്യം ശ്രദ്ധിച്ചാൽ മതി.
ഇനിയാണ് കണ്ണും ക്യാമറയും തമ്മിലുള്ള വ്യത്യാസം പ്രസക്തമാകുന്നത്. കണ്ണിൽ സെൻസർ കോശങ്ങൾ ഉണ്ടാക്കുന്ന സിഗ്നൽ ഒപ്റ്റിക്കൽ നാഡിയിലുടെ മസ്തിഷ്കം എന്ന ഒരു സങ്കീർണ അവയവത്തിലേയ്ക്കാണ് എത്തുന്നത്.

ഒരു ഡിജിറ്റൽ ക്യാമറയിൽ, ഈ സിഗ്നലിനെ അതേപടി 1 ഉം 0 യും മാത്രമുള്ള ഒരു ബൈനറി ഡേറ്റയാക്കി മാറ്റി മെമ്മറി കാർഡിലേയ്ക്ക് സൂക്ഷിച്ചുവെയ്ക്കുന്നു. കുറച്ചധികം ലളിതവൽക്കരിച്ചാണത് പറഞ്ഞതെന്ന് ഓർമ്മിപ്പിക്കട്ടെ, പക്ഷേ അടിസ്ഥാനപരമായ കാര്യം ക്യാമറയുടെ സെൻസറിൽ പതിഞ്ഞ പ്രകാശത്തിന്റെ മൊത്തം സ്വഭാവം അതേപടി പകർത്തിയാണ് ഫോട്ടോ ഉണ്ടാക്കുന്നത് എന്നതാണ്. അപ്പോ തലച്ചോറിന്റെ കാര്യമോ? തലച്ചോർ കണ്ണിൽ വീഴുന്ന പ്രകാശത്തെ അതേപടിയങ്ങ് കാഴ്ചയാക്കി മാറ്റുകയല്ല ചെയ്യുന്നത്. അതിനകത്ത് പലവിധ കടുകുവറുക്കലുകളും നടത്തി പൊലിപ്പിച്ചാണ് തലച്ചോർ കാഴ്ച എന്ന അനുഭവം സൃഷ്ടിക്കുന്നത്.

ഇവിടെ ഫോട്ടോഗ്രഫിയുടെ ശാസ്ത്രമാണ് വിഷയം എന്നതുകൊണ്ട് തലച്ചോർ കാട്ടിക്കൂട്ടുന്ന വിക്രിയകളുടെ വിശദാംശങ്ങളിലേയ്ക്ക് നമ്മൾ പോകുന്നില്ല. ചിന്തിക്കാനായി രണ്ട് ഉദാഹരണങ്ങൾ മാത്രം സൂചിപ്പിക്കാം. ഒരു ആപ്പിളിനെ നോക്കുമ്പോൾ ആപ്പിളിൽ നിന്ന് പ്രതിഫലിച്ച് വരുന്ന പ്രകാശമാണ് അതിന്റെ ഇമേജ് ഉണ്ടാക്കുന്നത്. എന്നാൽ ആപ്പിളിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ സ്വഭാവം തീരുമാനിക്കുന്നത്, അതിൽ വീഴുന്ന പ്രകാശത്തിന്റെ സ്വഭാവമായിരിക്കുമല്ലോ. അതായത്, ആപ്പിളിൽ സൂര്യപ്രകാശം വീഴുമ്പോഴും, ഒരു മഞ്ഞ ബൾബിൽ നിന്നുള്ളപ്രകാശം വീഴുമ്പോഴും പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമുണ്ട്.

പക്ഷേ നിങ്ങളുടെ മസ്തിഷ്കത്തിന് ആപ്പിൾ ഏതാണ്ട് എങ്ങനെയിരിക്കും എന്നൊരു ധാരണയുണ്ട്. അതുകൊണ്ട് ഈ വ്യത്യാസം അതങ്ങ് തിരുത്തും. ക്യാമറയിൽ ഇത് നടക്കില്ല, അത് അതിന്റെ സെൻസറിൽ വീഴുന്ന പ്രകാശത്തെ അതേപടിയാണ് ചിത്രമാക്കുന്നത്. അതുകൊണ്ട് വെട്ടം മാറുമ്പോൾ പതിയുന്ന ചിത്രവും മാറും. വെയിലാണോ, മേഘാവൃതമായ ആകാശമാണോ, ഷൂട്ടിങ് ലൈറ്റാണോ, ട്യൂബ് ലൈറ്റാണോ എന്നതൊക്കെ ഫോട്ടോയെ കാര്യമായി ബാധിക്കും.

ആധുനിക ക്യാമറകളിൽ White balance adjustment എന്ന പേരിൽ കാണപ്പെടുന്ന സജ്ജീകരണം ഇതിന്റെ ഫലമാണ്.
രണ്ടാമത്തെ ഉദാഹരണം, optical illusion എന്ന പേരിൽ നമ്മൾ ആസ്വദിക്കുന്ന കൗതുക ചിത്രങ്ങളാണ്. തലച്ചോർ സീനിലെ വസ്തുക്കളുടെ വലിപ്പവും നിറവും ഒക്കെ തീരുമാനിക്കുന്നത് പരിസരവും മുന്നുഭവവും ഒക്കെക്കൂടി പരിഗണിച്ചിട്ടാണ്. അത് കാരണം ഒരേ വലിപ്പമുള്ള വൃത്തങ്ങൾ പല വലിപ്പമാണെന്ന് വ്യാഖ്യാനിക്കാം, നേർവര വളഞ്ഞതാണെന്ന് വ്യാഖ്യാനിക്കാം, അങ്ങനെ പല കുണ്ടാമണ്ടികളും ഒപ്പിക്കാം.

ചുരുക്കത്തിൽ ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പേരേയുള്ളൂ, ഇല്യൂഷൻ ഒപ്പിക്കുന്നത് തലച്ചോറാണ്. ഈ ‘അനധികൃത കൈകടത്തൽ’ ഇല്ല എന്നതാണ് ക്യാമറയുടെ പ്രത്യേകത. അത് അതിന്റെ സെൻസറിൽ വീഴുന്ന പ്രകാശത്തെ അതേപടി ചിത്രമാക്കി മാറ്റുന്നു. അവിടെയാണ് ഫോട്ടോഗ്രഫിയുടെ ശാസ്ത്രം അറിയുന്നത് നമ്മളെടുക്കുന്ന ചിത്രത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നത്. ഇനി നമുക്കതിലേയ്ക്ക് കടക്കാം.
ക്യാമറയ്ക്ക് സീനിൽ നിന്നുള്ള പ്രകാശം കൃത്യമായി, പൂർണമായി സെൻസറിലേയ്ക്ക് കിട്ടുക എന്നതാണ് മുഖ്യം. ഇതെങ്ങനെ സാധിക്കാം? മൂന്ന് പ്രധാന വഴികളാണ് ഉള്ളത്:

  • കൂടുതൽ വലിയ ദ്വാരത്തിലൂടെ പ്രകാശം അകത്തേയ്ക്ക് എടുക്കുക.
  • കൂടുതൽ നേരം പ്രകാശം എടുത്തുകൊണ്ടിരിക്കുക
  • സെൻസറുകളുടെ സംവേദനക്ഷമത (sensitivity) കൂട്ടുക, അഥവാ കുറച്ച് പ്രകാശം കൊണ്ട് തന്നെ കൂടുതൽ ശക്തമായ സിഗ്നൽ സൃഷ്ടിക്കാൻ സെൻസറിനെ സജ്ജമാക്കുക.
  • ക്യാമറകളിൽ ഇത് മൂന്നും സാധ്യമാണ്. ഇതിൽ ഏതൊക്കെ, എങ്ങനെയൊക്കെ, എത്രയൊക്കെ അളവിൽ ഉപയോഗിക്കുന്നു എന്നത് സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനിക്കേണ്ടതാണ്. ഇതൊരു ‘How to do’ എഴുത്തല്ലാത്തതുകൊണ്ടും, അതെഴുതാൻ എനിക്ക് യോഗ്യതയില്ലാത്തതുകൊണ്ടും അതിനിവിടെ മുതിരുന്നില്ല. പകരം ഇവ എന്താണ് എന്നതിന്റെ സയൻസ് മാത്രമേ പറയുന്നുള്ളൂ.
  • ആദ്യത്തെ ഓപ്ഷനായ, പ്രകാശം അകത്തേയ്ക്കെടുക്കുന്ന ദ്വാരത്തിന്റെ വലിപ്പം മാറ്റുന്നതിനെ, ക്യാമറയുടെ ഭാഷയിൽ Aperture മാറ്റുക എന്നാണ് വിളിക്കുന്നത്. ക്യാമറയുടെ ലെൻസിന് മുന്നിലെ വാതിൽ, വൃത്താകൃതിയിൽ, വ്യാസം (diameter) മാറ്റാവുന്ന രീതിയിലാണ് ഉണ്ടാവുക. ഇതിനെ f-number എന്നൊരു അളവ് കൊണ്ട് സൂചിപ്പിക്കും. ഉപയോഗിക്കുന്ന ലെൻസിന്റെ ഫോക്കസ് ദൂരവും (f), അപ്പെർച്ചറിന്റെ വ്യാസവും (D) തമ്മിലുള്ള അനുപാതമാണ് (f/D) ഈ സംഖ്യ. അതുകൊണ്ട് ഈ സംഖ്യ വലുതായാൽ, ലെൻസിന് മുന്നിലെ പ്രകാശകവാടം കൂടുതൽ ചെറുതാണ് എന്നാണർത്ഥം (D വലുതായാൽ f/D ചെറുതാകുമല്ലോ). അഥവാ പരമാവധി പ്രകാശം അകത്തേയ്ക്കെടുക്കാൻ, f-number പരമാവധി കുറച്ചുവെക്കണം എന്നർത്ഥം.
  • പക്ഷേ ഇതങ്ങനെ ചുമ്മാ മാറ്റിയാൽ ശരിയാകില്ല. കൂടുതൽ വലിയ കവാടത്തിലൂടെ പ്രകാശം അകത്തേയ്ക്കെടുത്താൽ അത് പൂർണമായും ഫോക്കസ് ചെയ്യാൻ ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെ മുഖ്യഫോക്കസിലുള്ള വസ്തുവൊഴികേ മറ്റുള്ളവ ബ്ലർ (ഫോക്കസാവാത്ത അവസ്ഥ) ആയിപ്പോകും.
  • പശ്ചാത്തലം ബ്ലർ ആക്കി സീനിലെ ഒരു വസ്തു മാത്രം ഷാർപ് ഫോക്കസിൽ നിർത്താൻ വേണ്ടി അപെർച്ചർ കൂട്ടുന്നത് (അഥവാ f-number കുറയ്ക്കുന്നത്) സഹായിക്കും എന്നത്ഥം. നേരേ മറിച്ച്, പല ദൂരങ്ങളിൽ മലയും മരങ്ങളും ഒക്കെയുള്ള സീനറികൾ പകർത്താൻ വലിയ അപ്പെർച്ചർ ഉപയോഗിച്ചാൽ ചിത്രത്തിന്റെ മിക്കഭാഗങ്ങളും ഫോക്കസ്സിന് വെളിയിലാവും (അഥവാ പടം പാളും!)
    പ്രകാശം കൂടുതൽ ശേഖരിക്കാനുള്ള അടുത്ത മാർഗം കൂടുതൽ നേരം സെൻസറിലേയ്ക്ക് പ്രകാശം വീഴിക്കുക എന്നതാണ്. അതിനെയാണ് Shutter speed കൊണ്ട് നാം നിയന്ത്രിക്കുന്നത്. ലളിതമായി പറഞ്ഞാൽ ഷട്ടർ സ്പീഡ് കൂട്ടുമ്പോൾ, ലെൻസിന് മുന്നിലെ കവാടം പെട്ടെന്ന് തുറന്നടയുകയും, അത് കുറയ്ക്കുമ്പോൾ ഷട്ടർ തുറന്ന് അല്പനേരം കഴിഞ്ഞ് മാത്രം അടയൂകയും ചെയ്യുന്നു. Shutter speed പൊതുവേ സെക്കൻഡിലാണ് പറയുക. 1/8, 1/16, 1/60, 1/120, 1/200 എന്നിങ്ങനെ അത് കാണാം. 1/60 എന്ന് പറഞ്ഞാൽ, ഒരു സെക്കൻഡിന്റെ 60-ൽ ഒരംശം സമയത്തേയ്ക്ക് നമ്മൾ പ്രകാശകവാടം തുറന്നുകൊടുക്കുന്നു എന്നർത്ഥം.
  • പക്ഷേ ഇവിടേയും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഷട്ടർ കൂടുതൽ നേരം തുറന്നുവെച്ചാൽ (ഷട്ടർ സ്പീഡ് കുറച്ചാൽ), സീനിലെ വസ്തുക്കളുടെ ചെറിയ ചലനം പോലും ഇമേജിനെ ബ്ലർ ചെയ്യും. മറിച്ച് ചിന്തിച്ചാൽ, വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ചിത്രമെടുക്കാൻ നല്ല ഷട്ടർ സ്പീഡുള്ള ക്യാമറയും ലെൻസും വേണ്ടിവരുമെന്നും മനസ്സിലാക്കാം.
    ഇനി മൂന്നാമത്തെ സാധ്യത, സെൻസറിന്റെ ക്ഷമത കൂട്ടുകയാണ്.
  • ഇതിനെ ക്യാമറാഭാഷയിൽ ISO എന്നാണ് വിളിക്കുക. ISO സംഖ്യ 100, 200, 400, 800,… എന്നിങ്ങനെ പോകും. ഇത് വലുതാകുന്തോറും സെൻസർ കൂടുതൽ സെൻസിറ്റീവാകും. അതുകൊണ്ട്, ISO 100-ൽ നിന്ന് 200 ആക്കിയാൽ ഒരേ സീനിന്റെ തെളിച്ചം (brightness) ഇരട്ടിയാകും എന്നർത്ഥം. പക്ഷേ ഇവിടേയുമുണ്ട് പ്രശ്നം. കൂടുതുൽ ഇലക്ട്രിക് ചാർജ് പമ്പ് ചെയ്താണ് സെൻസറിന്റെ ക്ഷമത കൂട്ടുന്നത്. ഒരു പരിധി കടന്നാൽ, ഈ ചാർജ് ചിതറി പ്രതിബിംബത്തിന്റെ ഗുണം കുറയ്ക്കും.
  • അതിന്റെ കണ്ടുമനസ്സിലാക്കാവുന്ന ഫലം ചിത്രത്തിൽ കുരുകരുപ്പ് (grains) പ്രത്യക്ഷപ്പെടും എന്നതാണ്. അതുകൊണ്ട് പൊതുവേ Aperture ഉം Shutter speed ഉം വെച്ച് സാധ്യമായതൊക്കെ ചെയ്തശേഷം മാത്രമേ കൂടുതൽ പ്രകാശം ശേഖരിക്കാൻ ISO യെ ആശ്രയിക്കാവൂ എന്നതാണ് ഒരു പൊതുതത്വം.
    ഫോട്ടോഗ്രാഫിയിൽ Exposure triangle എന്നറിയപ്പെടുന്ന മൂന്ന് ഘടകങ്ങളെ കുറിച്ചാണ് നമ്മൾ പറഞ്ഞത്. ക്യാമറ, ലെൻസ് എന്നിവയുടെ മോഡലനുസരിച്ച് ഇവയെല്ലാം എത്ര വരെ കൂടാമെന്നതോ കുറയാമെന്നതോ മാറും. സാഹചര്യത്തിനനുസരിച്ച് ഇവയുടെ കൃത്യമായ കോംബിനേഷൻ സെറ്റ് ചെയ്യാൻ കഴിയുക എന്നതാണ് ഒരു ഫോട്ടോഗ്രാഫറുടെ മിടുക്ക്. (ഓട്ടോ, സെമി-ഓട്ടോ മോഡുകൾ ഉപയോഗിക്കുമ്പോൾ ഈ പണി പൂർണമായോ ഭാഗികമായോ ക്യാമറ തന്നെ ചെയ്യും).
  • ഇനി അവസാനമായി, മൊബൈൽ ഫോട്ടോഗ്രഫിയെപ്പറ്റി രണ്ട് വാക്ക് പറഞ്ഞ് നിർത്താം. പൊതുവേ, കാണുന്ന കാഴ്ചയെ എത്രത്തോളം ‘കൃത്യമായി’ ഫോട്ടോയിൽ പതിപ്പിക്കുന്നു എന്നതല്ല, മറിച്ച് കാഴ്ചയെ എത്രത്തോളം ‘ഭംഗിയായി’ ഫോട്ടോയിലാക്കുന്നു എന്നതാണ് മൊബൈൽ ഫോൺ ക്യാമറയെ വിലയിരുത്താൻ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന മാനദണ്ഡം. അതായത്, ഞാൻ ഒരു സെൽഫീ എടുക്കുമ്പോൾ എന്നെ പരമാവധി good-looking ആയിട്ട് കാണിക്കുന്ന ക്യാമറയാണ് എന്നെ സംബന്ധിച്ച് നല്ല ക്യാമറ. അതുകൊണ്ട് പൊതുവേ മൊബൈൽ ഫോണുകൾ ക്യാമറ വച്ച് ശേഖരിക്കുന്ന പ്രകാശത്തെ പ്രോഗ്രാം ഉപയോഗിച്ച് മിനുക്കി പരമാവധി ഭംഗി വരുത്തിയാണ് ഡിസ്പ്ലേ ചെയ്യുന്നത്. ഇന്നത്തെ ഫോണുകളിൽ Pro Mode എന്നൊക്കെ പറഞ്ഞ് അപ്പെർച്ചറും ഷട്ടർ സ്പീഡുമൊക്കെ മാറ്റാൻ കഴിയുമെങ്കിലും, ഭൂരിഭാഗം പേരും അതൊന്നും ഉപയോഗിക്കാറില്ല.
  • എല്ലാവരേയും ഫോട്ടോഗ്രാഫർമാരാക്കി മാറ്റുന്ന പൊടിക്കൈകൾ സോഫ്റ്റുവെയറുകളുടെ രൂപത്തിൽ കോർത്തിണക്കിയാണ് മൊബൈൽ ക്യാമറകൾ ആളുകളെ മയക്കുന്നത്. പക്ഷേ അവയുടെ സെൻസർ ഏരിയയും, അപ്പർച്ചറുമൊക്കെ ഒരു പരിധിക്കപ്പുറം കൂട്ടുന്നതിന് സ്വാഭാവികമായി പരിമിതികളുണ്ട്. മതിയായ പ്രകാശം സ്വാഭാവികമായി സെൻസറിൽ വീഴാത്ത സാഹചര്യങ്ങളിൽ (low-light conditions) ഏത് കൊലകൊമ്പൻ മൊബൈൽ ക്യാമറയും ബെയ്സ് മോഡൽ SLR ക്യാമറകളുടെ മുന്നിൽ തലകുത്തിവീഴുന്നത് അതുകൊണ്ടാണ്.

By ivayana