രചന : ഹരിഹരൻ N.K.

കുടുംബസമേതം ഒരു യാത്രയിലായിരുന്നു ഞാൻ.
ഒരു മാസംമുമ്പേ ബുക്കുചെയ്ത ടിക്കറ്റും മറ്റും ജ്യേഷ്ടന്റെ കൈവശം ഭദ്രം. അവിടെയെത്തിയ കഥയൊന്നും പറയണ്ട ! എങ്ങനെയൊക്കെയോ ഏതോ ഒരു സ്റ്റേഷനിൽനിന്നും പുനർയാത്രയാണ്. ഞങ്ങളുടെ കൂടെ മറ്റു ബന്ധുക്കളും കൂടിയിട്ടുണ്ട്. പലരും കൊഴിഞ്ഞുപോയിട്ടുമുണ്ട്.

സ്റ്റേഷനിൽ കയറാൻ എല്ലാവരും ക്യൂവിലാണ്. അവസാനം ഭാര്യയും ഞാനും ബാക്കി. ഭാര്യയെക്കൂടാതെ ഞാൻ കയറുന്നതെങ്ങനെ ! ആരാദ്യം കയറും ! മറ്റേ ആൾക്ക് കയറാൻ പറ്റിയില്ലെങ്കിലോ !
ഭിത്തിയിലുണ്ടാക്കിയ തലയേക്കാൾ വണ്ണംകുറഞ്ഞ ഒരു ദ്വാരം മാത്രം.

അതിലൂടെ എല്ലാവരും അകത്തെത്തിയിട്ടുണ്ട്.
തല കയറിയാൽ മതി. പൽച്ചക്രങ്ങൾ തിരിയുന്ന ശബ്ദം കേൾക്കാം. പിന്നെ കാലടക്കം അങ്ങുള്ളിലെത്തിക്കൊള്ളും.
ഭാര്യ തലവെക്കാൻ ഒരു ശ്രമം തുടങ്ങിയതാണ്. പിന്നെ ഒഴിഞ്ഞുപിൻമാറി. അങ്ങനെ സമയം കുറച്ച് നീങ്ങിയപ്പോൾ ഒരു സ്ത്രീ ഗെയ്റ്റ് തുറന്ന് ഉള്ളിലേക്ക് ഞങ്ങളെ വിളിച്ചു. അതുവരെ അടുത്തൊന്നും ഗെയ്റ്റ് കണ്ടിരുന്നില്ല. എന്റെ ബാഗും മൊബൈലും ഭാര്യയുടെ കയ്യിലാണ്.

പിന്നെ സ്ത്രീകളെ മറ്റൊരു വഴിയിൽ ക്കടത്തി. ഞാൻ മാത്രം ടിക്കറ്റുപരിശോധനയിലാണ്. എന്റെകയ്യിൽ ടിക്കറ്റ് പോയിട്ട് ഒരു ബാഗുപോലും ഇല്ലതാനും. അങ്ങ് ദൂരെക്കാണാം ഭാര്യയും മറ്റു ബന്ധുക്കളുടെകൂടെ കൂടിയിട്ടുണ്ട്.

പിന്നെ ടിക്കറ്റ്‌ അവരുടെ കയ്യിലുണ്ടെന്ന് ഒരുദ്യോഗസ്ഥൻവന്ന് പറഞ്ഞപ്പോൾ എന്നെ കടത്തിവിട്ടു. പക്ഷേ അവരടുത്തെത്തുന്ന വഴി അടച്ചിരിക്കുന്നു. വലത്തായി ഒരു റെസ്റ്റോറന്റുവഴി കയറി പ്ലേറ്റ്ഫോമിലെത്താം. ഞാൻ ആ വഴി നീങ്ങി.
പക്ഷേ ട്രെയിനിന്റെ മുൻവശം കാണാം. അപ്പോൾ വണ്ടി നീങ്ങി. എല്ലാ കമ്പാർട്ടുമെന്റുകളും വാതിലടച്ച രീതിയിലാണ്. എങ്ങനെ കയറും !

അങ്ങനെ തികച്ചും ഒറ്റപ്പെട്ടുപോയപ്പോൾ കാണാം ഏതാനും പേർ ട്രെയിനിന്റെ മേലെ നില്ക്കുന്നു. ഞാനും അങ്ങനെ കയറിക്കൂടി.
ഒരു കാട്ടിൽ ട്രെയിൻ നിർത്തി. ഞങ്ങൾക്കുനേരെ ഒരു പ്ലേറ്റ്ഫോം ഉണ്ടായിരുന്നു. ഒരിൻസ്പെക്റ്റർ എല്ലാവരേയും ട്രെയിനിന്റെമേലെനിന്നും പുറത്ത് വരിവരിയായി നിർത്തുന്നു. ഞാനും കൂടെ വരിയിൽ നിന്നു.

ട്രെയിൻ നീങ്ങിനീങ്ങി അദൃശ്യമാവുംവരെ ഒരു വിങ്ങലോടെ അതുംനോക്കിനിന്നു. എനിക്ക് ഭാഷയറിയില്ല. അവിടത്തെ ഒന്നുമറിയില്ല. ഞാൻ പലരോടും അങ്ങെത്താനുള്ള മാർഗ്ഗം തിരക്കി. ആരും എന്നെ ശ്രദ്ധിക്കുന്നേയില്ല. ഞാൻ ശരിക്കും ഒരു കൊച്ചാവുന്നതുപോലെ !

അക്ഷരാർത്ഥത്തിൽ അവിടെ ഒരു കൊച്ചായി ഞാൻ ജന്മമെടുത്തു.
ഇന്നെനിക്ക് ഭാഷയറിയാം. അവിടുത്തെ (അതായത് ഇവിടത്തെ)
എല്ലാമറിയാം. ഞാനൊരു കുടുംബനാഥനായി ഇങ്ങനെ കഴിയുന്നു.
എങ്കിലും എന്റെ യഥാർത്ഥ ബന്ധുക്കൾ ഇവരൊന്നുമല്ലെന്ന തികഞ്ഞ ബോദ്ധ്യത്തോടെ അവരെ എപ്പോഴെങ്കിലും എങ്ങിനെയെങ്കിലും കണ്ടുപിടിക്കുമെന്ന വിശ്വാസത്തോടെ ഞാനും നിങ്ങളെപ്പോലെ ഈ മണ്ണിൽ ജീവിക്കുന്നു.
* ശുഭമസ്തു ****

ഹരിഹരൻ

By ivayana