രചന : വി.ജി മുകുന്ദൻ

ഈ പുസ്തകം
നിങ്ങൾ വായിക്കണം
എന്റെ ചോരയിലാണ്
ഇതിലെ ഓരോ വാക്കും
ഞാൻ
എഴുതിയിട്ടുള്ളത്.!
ഇത്
വായിച്ചു കഴിയുമ്പോൾ
നിങ്ങൾ
എന്നെ തിരക്കരുത്
ഇതെഴുതുന്നതിന് മുന്നേ
ഞാൻ മരിച്ചതാണ്..!!
നഗ്നനായ രാജാവിന്റെ
കണ്ണില്ലാത്ത രാജകിങ്കരന്മാർ
വാഴുന്ന രാജ്യത്ത്‌
കണ്ണുള്ളവനായി
എന്നതാണ് എന്റെ തെറ്റ്.
കല്ലെറിഞ്ഞ് വീണ്ടും
വീണ്ടും കൊല്ലുന്നതിനു മുമ്പ്
എഴുതി തീർത്തതാണ്;
അതിനാൽ നിങ്ങൾ
ഇത് വായിക്കാതെ പോകരുത്.

ആദ്യം എറിഞ്ഞത്
ഒരു നേരത്തെ
ഭക്ഷണം
കവർന്നവന്
മരണം വിധിച്ചവരിൽ
ഒരുത്തനായിരുന്നു.!
കൊണ്ടതെന്റെ നെഞ്ചിലാണ്.!!
ഹൃദയത്തിൽ നിന്നും
ഇറ്റു വീണ
രക്തമാണ്
ആദ്യത്തെ വരികളിൽ.
തകർന്ന
ഹൃദയത്തിൽ നിന്നും
എഴുതിയത് കൊണ്ടാകാം
ഇത് വായിക്കുമ്പോൾ
നിങ്ങൾക്ക്
വേദനിയ്ക്കുന്നത്.

അടുത്ത കല്ല്
വീണതെന്റെ കണ്ണിലായിരുന്നു.
പിഞ്ചോമനകളെ പീഡിപ്പിച്ച്
തൂക്കിലേറ്റിയവരിൽ ഒരുത്തന്റെ
ഏറായിരുന്നു;
കണ്ണിൽ നിന്നും രക്തം വാർന്നതുകൊണ്ടായിരിക്കാം
ഇവിടെ വാക്കുകൾ
മങ്ങിയ കാഴ്ചകളാകുന്നതും
നിങ്ങൾ കണ്ണുകൾ
തുടയ്ക്കുന്നതും.!

പിന്നീടെറിഞ്ഞവരെല്ലാം
രാജകിങ്കന്മാരായിരുന്നു
കൊള്ളക്കാർ..!!
അധികാരത്തിന്റെ
ലഹരിയിലാറാടി
പാവപ്പെട്ടവന്റെ
രക്തമൂറ്റികുടിക്കുന്നവർ.!

തലങ്ങും വിലങ്ങുമവരെന്നെ
എറിഞ്ഞുകൊണ്ടിരുന്നു..!!!

ഇതിലെ ആറാമത്തെ
കവിത കണ്ണുണ്ടായിട്ടും
അന്ധരായി ജീവിയ്ക്കുന്ന
നിങ്ങളെ കുറിച്ചാണ്;
ചങ്ങലയ്ക്കിട്ട നിങ്ങളുടെ
ചിന്തകളെ കുറിച്ച്.!

അതിജീവനത്തിന്റെ
പെരുമഴയത്ത്‌
തകർന്നടിയുന്ന
അഴിമതികളുടെ
സിംഹാസനങ്ങളെ പറ്റിയാണ്
അവസാനത്തെ കവിതയിൽ
‘കണ്ണ് തുറന്ന’
നിങ്ങൾ വായിക്കൂന്നത്.!!

വി.ജി മുകുന്ദൻ

By ivayana