രചന : മനോജ്‌ കാലടി

ഇരവിനെ പകലാക്കി നാളേയ്ക്ക് വേണ്ടി
അക്ഷരമേറെ പഠിച്ചോരവർ.
കുനിയാൻ കഴിയാത്ത നട്ടെല്ല് കൊണ്ട്
കുനിയാൻ ശ്രമിച്ചിന്ന് കൂനരായി.
എഴുതിത്തളർന്ന പരീക്ഷകളൊക്കയും
പ്രഹസനമാണെന്നറിഞ്ഞിടുമ്പോൾ
കോമാളിവേഷമണിഞ്ഞുള്ള നാളുകൾ
അവരെ നോക്കി ചിരിച്ചിടുന്നു.
വിദ്യകൊണ്ടൊന്നും പ്രബുദ്ധരായ് മാറുവാൻ
കഴിയില്ല മാറും വ്യവസ്ഥതിയിൽ.
കടലിരമ്പീടുന്നു കാതിലിപ്പോളെങ്ങും
ഇടനെഞ്ചിലെരിയുന്നു അഗ്നിഗോളം.
മണ്ണിനെ പൊന്നാക്കും കർഷകർക്കൊപ്പം
അഭ്യസ്ഥവിദ്യരും തോറ്റിടുന്നു.
കർണ്ണാഭരണങ്ങൾ ദാനമായ് വാങ്ങി
കർണ്ണനെ പണ്ട് ചതിച്ചതെങ്കിൽ.
പുറമേയ്ക്ക് നന്നായി പുഞ്ചിരിച്ചല്ലയോ
ഇവരെയും കാലം ചതിച്ചിടുന്നു.
ഇയ്യാം പാറ്റപോൽ കൊഴിയുമീ ജന്മത്തെ
“ഉദ്യോഗാർത്ഥി “യായ് വിളിയ്ക്കും നാളെ!

മനോജ്‌ കാലടി

By ivayana