Sumod S

അമല്‍ നീരദ് -മമ്മൂട്ടിയെ വച്ച് ചെയ്യുന്ന ‘ഭീഷ്മ പര്‍വ്വം ‘സിനിമയുടെ പോസ്റ്റര്‍ കണ്ടപ്പോള്‍ ലോഹിസാറിനെ ഓര്‍ത്തു..മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ‘ഭീഷ്മര്‍’ എന്ന സിനിമ എഴുതി ഏതാണ്ട് പൂര്‍ത്തിയാക്കിയിരുന്നു ലോഹിസാര്‍ . സംവിധാനം സിബിമലയില്‍ സാറിനെ ഏല്‍പ്പിച്ചിരുന്നു എന്നും പറഞ്ഞിരുന്നു.ലാലേട്ടന്റെ ജീവിതത്തിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാകുമായിരുന്നു ഭീഷ്മര്‍ ..

സാധാരണ ലോഹിസാറിന്റെ കഥപറച്ചില്‍ രീതികളില്‍ നിന്നും വൃതൃസ്തമായ, സസ്പെന്‍സുകളും ട്വിസ്റ്റുകളും നിറഞ്ഞ ഫാസ്റ്റായ കഥപറച്ചിലായിരിയ്ക്കും അദ്ധേഹം ഉദ്ദേശ്ശിച്ചിട്ടുണ്ടാകുക..വിദൃാഭൃാസ മന്ത്രി SSLC ഫലം പ്രഖൃാപിയ്ക്കുന്നിടത്തു നിന്ന് തുടങ്ങുന്ന കഥ അപ്രതീക്ഷിത തിരിവുകളിലൂടെയാണ് വികസിയ്ക്കുന്നത്..ഒരു വേനല്‍ക്കാല പകലില്‍, ‘അമരാവതിയുടെ കോലായില്‍ ഭീഷ്മരുടെ കഥകേട്ടിരിയ്ക്കുമ്പോള്‍,പതിവുപോലെ കഥയുടെ ദശാസന്ധിയിലെവിടെയോ ലോഹിസര്‍ മൗനമായി.

തന്റെ തന്നെ സൃഷ്ടികളുടെ വൃഥകളില്‍ വേപഥുപൂണ്ട്,പതറിയുള്ള ആ ഇരുത്തം ഒരു സ്പെഷൃലാണ്.താടിയും തലമുടിയും ഉഴിഞ്ഞു കൊണ്ടേയിരിയ്ക്കും.പിന്നെ ചാരുകസേരയ്ക്കു മുന്നിലെ മരടീപ്പോയില്‍ ചിതറിക്കിടക്കുന്ന അഭിനയാര്‍ത്ഥികളുടെ ഫോട്ടോകള്‍ ഒരോന്ന് മറിച്ചു നോക്കി. എന്നിട്ട് വിടര്‍ന്ന കണ്ണുകളും ആകര്‍ഷണീയമായ ചിരിയുമുള്ള ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ നീട്ടി ലോഹിസര്‍ പറഞ്ഞു..’ഭീഷ്മരുടെ പ്രതിനായകനായ ശിഖണ്ഡിയുടെ ഛായയുണ്ട് ഇവന് ”അത് അപ്പോള്‍ അയച്ചുകിട്ടിയ ഒരു ചിത്രമായിരുന്നു.ഫോണ്‍വിളിച്ചപ്പോള്‍ ആള് മലയാളിയാണ് ,പക്ഷെ ജനിച്ചുവളര്‍ന്നത് ഗുജറാത്തിലാണ്.

ഗുരുവായൂര് അടുത്ത ബന്ധുക്കളുണ്ട്.ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ണിയായ ഉണ്ണിമുകുന്ദന്‍ അമരാവതി യുടെ പടികയറി വന്നു.ആ വരവ് ഇപ്പോഴും കണ്‍മുന്നിലുണ്ട്.ചിരിയ്ക്കുന്ന കണ്ണുകള്‍ക്ക് പിന്നിലൊരു തീക്ഷ്ണതയില്ലേടാ..?എന്നോടാണ് ചോദൃം..എത്ര കറക്ടാണ് ഈ മനുഷൃന്റെ നിരീക്ഷണവും കഥാപാത്ര നിര്‍മ്മിതിയും എന്നോര്‍ത്ത് പതിവുപോലെ ഞാന്‍ വണ്ടറടിച്ചു.ഉണ്ണി പിന്നെ ഞങ്ങള്‍ക്ക് അമരാവതിയിലെ ഒരു അംഗത്തെ പോലെയായി..ഭീഷ്മരോളം തന്നെ ഭീഷ്മര്‍ ശിഖണ്ഡിയുടെ കഥകൂടിയായിരുന്നു .

സ്നേഹവും,പകയും ,വിശ്വാസവഞ്ചനയും ,പ്രതികാരവും ,മുടിയഴിച്ചാടുന്ന കഥാമുഹൂര്‍ത്തങ്ങള്‍..മഹാഭാരതത്തിലെ കഥാമുഹൂര്‍ത്തങ്ങളുടെ സദൃശൃാഖൃാനങ്ങള്‍.IAS ഉപേക്ഷിച്ച് കൃഷിചെയ്തു ജീവിയ്ക്കുന്ന അവിവാഹിതനായ ഒരാള്‍..അയാള്‍ ജീവനുതുലൃം സ്നേഹിച്ച് വളര്‍ത്തുന്നവളെ തിരക്കി മറ്റൊരാള്‍,ഓര്‍മ്മയിലെ പകനിലങ്ങള്‍,കനലേടുകള്‍,സംഘര്‍ഷങ്ങള്‍,യുദ്ധങ്ങള്‍ ..പക്ഷേ ആ ഭീഷ്മര്‍ യാഥാര്‍ത്ഥൃമായില്ല..അതിനുമുന്നേഭീഷ്മപിതാവ് യാത്രയായി..

ഞങ്ങള്‍ ഓരോ വഴിയ്ക്ക് പിരിഞ്ഞു ..അറിഞ്ഞിടത്തോളം,കേട്ടിടത്തോളം നിശ്ചയമായും പറയാം .ലോഹിസാറിന്റെ ,മോഹന്‍ലാലിന്റെ ,ഉണ്ണിമുകുന്ദന്റെ ഭീഷ്മര്‍ മറ്റൊരു ക്ളാസ്സിക്കായേനെ..ഇപ്പോള്‍ ഗോഡ്ഫാദര്‍ പാറ്റേണില്‍ മറ്റൊരു ഭീഷ്മരെ കാലം അവതരിപ്പിയ്ക്കുന്നു..വലിയ സന്തോഷം ..ആദൃ ഷോയ്ക്ക് പോണം..മമ്മൂക്കയെ,ഭീഷ്മരെ കാണണംകയ്യടിക്കണം,വിസിലടിയ്ക്കണം….ഇടയ്ക്കൊന്ന് കരയണം…

By ivayana