രചന : ഗീത മന്ദസ്മിത✍️

ആറ്റുനോറ്റുണ്ടായൊരു പെൺമണി
വീടിൻ കൺമണിയായിരുന്നവൾ
കണ്ണിൻ കൃഷ്ണമണിപോലായിരുന്നവൾ
ഏവർക്കും പൊന്മണിയായിരുന്നവൾ
വീടിൻ നിലവിളക്കായിരുന്നവൾ

കുഞ്ഞു നാളിലൊരു പാവയെ വാങ്ങിടുമ്പോൾ,
പട്ടു പാവാട തൈയ്ച്ചിടുമ്പോൾ
പാട്ടുകൾ പാടിടുമ്പോൾ,
ഒരു പായസം വെച്ചിടുമ്പോൾ,
യാത്രകൾ പോയിടുമ്പോൾ,
യാത്രക്കൊരുങ്ങിടുമ്പോൾ
ഇഷ്ടങ്ങൾ കേട്ടതല്ലേ, അവളുടെ അനിഷ്ടമറിഞ്ഞതല്ലേ

എന്നാലീ ജീവിതയാത്രയിൽ
തനിക്കു കൂട്ടായിരിക്കേണ്ടവനാരെന്നതോതുവാൻ
അവൾക്കായൊരവസരം കൊടുത്തതില്ലേ,
ആരുമവളുടെ ഇഷ്ടമാരാഞ്ഞതില്ലേ,
അവളുടെ അനിഷ്ടങ്ങൾ കേട്ടതില്ലേ..!

അജ്ഞാതവഴികളിൽ അവൾക്കു കൂട്ടായ് പോയ താതൻ
അജ്ഞാതരോടുരിയാടരുതെന്നവളോടാജ്ഞയിട്ട താതൻ
താതനാണെൻ കൺകണ്ട ദൈവമെന്നു നിനച്ചിരുന്നൊരാ പെൺകിടാവിനെ
ഒരുനാളിലൊരജ്ഞാതനു ‘കന്യാദാനമായ് ‘ നൽകുവതുചിതമോ..!

ഭാരതഭൂവിൽ തുടരുന്നൂ ഇന്നുമീ അജ്ഞാത നിയമങ്ങൾ..!
അനീതിയുടെ തേർത്തട്ടിൽ നിന്നുയരും അധർമ്മങ്ങൾ..!
അജ്ഞാനത്തിൽ നിന്നുടലെടുക്കും അലിഖിത നിയമങ്ങൾ..!
അന്ധവിശ്വാസത്തിൻ പുകമറ തീർക്കും അന്ധകാരങ്ങൾ..!

ദാനമായ് നൽകേണ്ടവളല്ല പുത്രി,
‘കന്യാദാന’മെന്നോതി കൈയ്യൊഴിയേണ്ടവളല്ല പുത്രി
വരദാനമായ് ദൈവം തന്ന നിധിയാണവൾ..!
നിധിയോടൊപ്പം നൽകേണ്ടതില്ല മറ്റൊരു ധനവും ദാനമായ്
നിധിയെ കാത്തുസൂക്ഷിക്കേണ്ടതവരുടെ ദൗത്യമത്രെ
നിധി– അത് കിട്ടുന്നതവരുടെ സൗഭാഗ്യമത്രെ..!

ഗീത മന്ദസ്മിത

By ivayana