രചന : ബിജുകുമാർ മിതൃമ്മല.

മിഠായി
കിട്ടാക്കനിയായവന്
എന്നും രസികൻമിഠായി
കൗതുകമായിരുന്നു.
എത്രതരം മിഠായികൾ
ചില്ലു ഭരണി നിറച്ചും

അവലൂസുണ്ട
പുളിമിഠായി
റബ്ബർ മിഠായി
പല്ലി മിഠായി
നാരങ്ങ മിഠായി
പടി മിഠായി
ജീരക മിഠായി
അമ്മേ കൊതിയാവുന്നു.

കൂട്ടുകാർ പറഞ്ഞു
നാല് പറിങ്ങാണ്ടിയ്ക്ക്
ഒരു പല്ലിമിഠായിയെന്ന്
പറിങ്ങാണ്ടീ നീ
എൻ്റെ മുത്താണ്

മൂടുകീറിയ നിക്കറിൽ
രണ്ട് പോക്കറ്റ്
മതിയാകില്ലല്ലോ
ദൈവമേ
എല്ലാ മിഠായിയും
വാങ്ങി പരീക്ഷിക്കാൻ

ആദ്യമായി
പറങ്കിമാവിനോട്
മൂകമായി അനുവാദം
തേടി
വേദനിക്കാതിരിക്കാൻ
പറങ്കിമാങ്ങ നിലനിർത്തി
പറങ്ങാണ്ടി മാത്രം
പറിച്ചോയെന്ന് കശുമാവ്

കുരുവില്ലാതെ
മാങ്ങമാത്രം
തൂങ്ങി നിന്ന
പറങ്കിമാവ് കണ്ട്
അച്ഛൻ ആശ്ചര്യപെട്ടിരുന്നു.

മിഠായീ നീയെന്നെ
പറിങ്ങാണ്ടി
കള്ളനാക്കിയല്ലോ….?

ഒന്നും നോക്കിയില്ല
നാല് പറിങ്ങാണ്ടി
അങ്ങ്നീട്ടി
വലം കൈയ്യിൽ
തുപ്പലുംപുരട്ടി
അപ്പുപ്പൻ്റകൈ
ഭരണിയിലേയ്ക്ക്

അപ്പുപ്പൻ ചൊല്ലി
രസികൻ മിഠായി.

അപ്പുപ്പൻ എല്ലാം
രസികൻ ചേർത്തു
മാത്രമേ ചൊല്ലു
രസികൻ പേന
രസികൻ പെൺസിൽ
രസികൻ ബുക്ക്
അങ്ങനെ

എന്തായാലും
അപ്പുപ്പൻ്റെ
തുപ്പലിനും
രസികൻ
മിഠായിയ്ക്കും
എന്തൊരു സ്വാദ്.

ബിജുകുമാർ മിതൃമ്മല.

By ivayana