കൊറോണ വാക്സിന്‍റെ വരവോടെ ലോകം വീണ്ടും പഴയപടിയിലേക്കുള്ള പാതയിലാണ്. മാറ്റിവച്ചിരുന്ന യാത്രകളും പ്ലാനുകളും എല്ലാം പൊടിതട്ടിയെ‌ടുത്ത് മിക്കവരും പണി തുടങ്ങി. സുരക്ഷിത യാത്രകള്‍ക്കായി പല രാജ്യങ്ങളും പച്ച കൊടി കാണിക്കുകയും ചെയ്തതോടെ പഴയ തിരക്കുകളിലേക്ക് ലോകം മെല്ലെ നീങ്ങുകയാണ്. വാക്സിനുകളു‌ടെ എത്തിച്ചേരലോടെ വിനോദ സഞ്ചാരികളെ ധൈര്യപൂര്‍വ്വം സ്വീകരിക്കുവാന്‍ മിക്ക രാജ്യങ്ങളും റെഡിയായി‌ട്ടുണ്ട്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സ്വന്തമായി കൊറോണ പാസ്‌പോർട്ട് ആരംഭിച്ച ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഡെൻമാർക്ക് മാറിയിരിക്കുകയാണ്. വാക്സിനേഷൻ ലഭിച്ച പൗരന്മാർക്ക് രാജ്യ അതിർത്തികൾക്കപ്പുറത്തേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് പുതിയ കൊറോണ പാസ്‌പോർട്ട് നൽകുന്നത്.

കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ നിലവിലെ സ്ഥിതിയും വിവരങ്ങളും അടങ്ങിയ ഇ-സര്‍‌ട്ടിഫിക്കറ്റാണ് കൊവിഡ് വാക്സിനേഷന്‍ പാസ്പോര്‍ട്ട്. ഇത് ഡിജിറ്റൽ ഫോർമാറ്റുകളിലോ സ്മാർട്ട്ഫോൺ അപ്ലിക്കേഷനിലോ സൂക്ഷിക്കാം. കൊവിഡ് വാക്സിനേഷന്‍ പാസ്പോര്‍ട്ട് അംഗീകരിച്ച രാജ്യങ്ങളില്‍ ഇത് കാണിച്ചാല്‍ ക്വാറന്‍റൈന്‍ അടക്കമുള്ള കാര്യങ്ങളില്‍ ഒഴിവ് ലഭിക്കും. കൊവിഡ് വാക്സിന്‍ ശരീരത്തില്‍ കൊവിഡ് വൈറസിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിനാല്‍ വാക്സിന്‍ സ്വീകരിച്ചവര്‍ രോഗം പകരുന്നതിനു കാരണക്കാരാവില്ല എന്നതാണ് ഇതിന്‍റെ പിന്നിലുള്ളത്.

കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയ പൗരന്മാർക്ക് സർക്കാർ വെബ്‌സൈറ്റിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിക്കാം. കൂടാതെ, ബിസിനസ് യാത്രക്കാർക്കായി 90 ദിവസത്തിനുള്ളിൽ ഡെൻമാർക്ക് സർക്കാർ ഡിജിറ്റൽ കൊറോണ പാസ്‌പോർട്ടുകൾ വിതരണം ചെയ്യും.

ഡെന്മാര്‍ക്കിനു പുറമേ ഡിജിറ്റൽ വാക്സിൻ പാസ്‌പോർട്ട് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളു‌ടെ കൂട്ടത്തില്‍ സ്വീഡനും ഉള്‍പ്പെട്ടിട്ടുണ്ട്.

By ivayana