ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
രചന : തോമസ് കാവാലം.

എങ്ങുപോയെങ്ങുപോയെന്റെ ഗ്രാമം
നന്മവിളഞ്ഞൊരാ നല്ല കാലം
നല്ല മനുഷ്യരും നാട്ടുവഴിയും
നാട്ടറുവുകളും അന്യമായോ?

എന്റെ മനസ്സിലെൻഗ്രാമമുണ്ട്
വഞ്ചിപ്പാട്ടിൻതാള, മീണമുണ്ട്
വെള്ളത്തിലോടുന്നു വഞ്ചിവീടുക-
ളോളപ്പരപ്പിലെ കരിനാഗങ്ങൾ.

തൊടും പുഴയും ചേർന്ന കായൽ
മരതക പച്ച വിരിച്ച പാടം
വെള്ളം വറ്റിച്ചു കൃഷിയിറക്കി
ഉള്ളം നിറയെ നെല്ലളന്നിരുന്നു.

മണ്ണിൻ മണമുള്ള മനുഷ്യരെല്ലാം
എല്ലുമുറിയെ പണിയെടുത്തിരുന്നു
കാറ്റിലും കോളിലും ലക്ഷ്യമോടെ
മക്കളെ പോറ്റി വളർത്തീരുന്നു.

കാരിരുമ്പൊക്കും കൈക്കരുത്താൽ
കരുമാടികുട്ടന്റെ ആശ്രിതരായ്
കട്ടകുത്തിപൊക്കി കണ്ടമാക്കി
വേണ്ടപോലെ കൃഷി ചെയ്ത കൂട്ടർ.

നെല്ലുവിതച്ചും പുല്ലരിഞ്ഞും
തിര്യക്കുകൾക്കും തീറ്റനൽകി
നല്ലമനസ്സും പല നന്മചെയ്തും
സന്മാർഗചിന്ത പുലർത്തീരുന്നു .

കുട്ടനാടിനിറ്റു ലഹരി നൽകും
ഉത്സവങ്ങളും കലോത്സവവും
ചുണ്ടനും ചുരുളനും വെപ്പുകളും
വള്ളംകളിച്ചാർത്തു മത്സരിച്ചു.

പള്ളിപ്പെരുന്നാൾ പ്രദിക്ഷണങ്ങൾ
ക്ഷേത്രമുറ്റത്തെ തോറ്റങ്ങളും
ഒരുമയിൽ കൊണ്ടാടി ഗ്രാമീണരും
നാടിന്റെ സംസ്കാര പൈതൃകമായ്.

എങ്ങുപോയെങ്ങുപോയെന്റെ ഗ്രാമം
നന്മവിളഞ്ഞൊരാ നല്ല കാലം
നല്ല മനുഷ്യരും നാട്ടുവഴിയും
നാട്ടറുവുകളും അന്യമായോ?

ആറും തോടും മീതെ പാലമായി
നീറ്റൊഴുക്കാകെ തടസ്സമായി
ആറ്റിലെ കുത്തൊഴുക്കുകൂടി
പ്രളയജലം തലമീതെയായി.

പണിയാളില്ലാതെ പാടങ്ങളിൽ
വിഷമൊഴുക്കി കളനീക്കിടുന്നു
മണ്ണും ചെടിയും മരവിച്ചപോലെ
വരികൊയ്യൽ തലേവരയായി .

നാടുമാറി ഏറെനാട്ടുകാരും
മലകൾ വന്നു നിലം നികന്നു
തോടുനികന്നു റോഡുകളായ്
കുടിവെള്ളം കിട്ടാക്കനിയായി.

പട്ടണം പോലെയീ ഗ്രാമമായി
പട്ടിണിയൊട്ടു കുറഞ്ഞുമില്ല
കെട്ടുവള്ളങ്ങളിലെത്തിയ്ക്കണം
ഒരിറ്റു കുടിനീർ മോന്തിടുവാൻ.

യന്ത്രകൈ വന്നു തെല്ലാശ്വാസത്താൽ
കൊയ്ത്തും മെതിയും എളുപ്പമല്ലോ !
കാറ്റുവിതച്ച നാൾ പോയ്മറഞ്ഞു
കൊടുങ്കാറ്റു കൊയ്യാനിനി നേരമായി .

എങ്ങുപോയെങ്ങുപോയെന്റെ ഗ്രാമം
നന്മവിളഞ്ഞൊരാ നല്ല കാലം
നല്ല മനുഷ്യരും നാട്ടുവഴിയും
നാട്ടറുവുകളും അന്യമായോ?

തോമസ് കാവാലം

By ivayana