രചന : അൻസാരി ബഷീർ

മതമെനിക്ക് സ്വകാര്യവും
മാതൃഭൂമി വികാരവും
മനസ്സെനിക്ക് സുതാര്യവും
മർത്ത്യജീവൻ പ്രധാനവും..

ജാതി ചിന്തയെരിച്ചൊരു
ജാതകക്കുറി സ്വന്തവും
പാതിവെന്ത മനുഷ്യന്
നീതിയെന്നുടെ സ്വപ്നവും!

നേര് തോറ്റയിടങ്ങളിൽ
പോരടിച്ച ചരിത്രവും
നേര് നേർത്ത മനുഷ്യരെ
നേരിടുന്നത് ശീലവും

പാരിലുള്ള വിശുദ്ധിയെ
ചാരിയാണ് പ്രതീക്ഷകൾ,
നേരിലുള്ള പ്രതീക്ഷയെ
ചാരിയാണ് കിനാക്കളും!

നാരിയെന്ന വിശുദ്ധിയെ
ആദരിച്ച ചരിത്രവും
പെണ്ണ് നൊന്ത വ്രണങ്ങളിൽ
കണ്ണുനിറയും ശീലവും!

പ്രേമമെന്ന വിശുദ്ധിയിൽ
കാമവില്പനയന്യവും
കാമമെന്ന വികാരമെൻ
സീമ താണ്ടില്ലെന്നതും…

ഭാരതീയതയെന്നതിൻ
വേരിലാണതിജീവനം
ഭാരതീയനതെന്നതിൻ
പേരിലാണഭിമാനവും.

‘ഞാൻ’ എന്ന രചനബിന്ദു ടീച്ചർ Bindhu Vijayan മനോഹരമായി ആലപിച്ചിരിക്കുന്നു.. പ്രിയമിത്രം ദീപ മംഗലംഡാം എഡിറ്റ് ചെയ്ത് സുന്ദരമാക്കിയിരിക്കുന്നു.

www.ivayana.com

By ivayana