ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
രചന : വി.ജി മുകുന്ദൻ

ഉറക്കം കെടുത്തുന്ന
ചിന്തകളെ തുറന്നുവിടാം…,
ആകാശത്തോളം സ്നേഹവും
ഭൂമിയോളം വാത്സല്യവും
പ്രണയം തുളുമ്പുന്ന മഴയും
ആവോളം കോരികുടിച്ച്
കാറ്റിനൊപ്പം കൂടി
നാടും നാട്ടുവഴികളും കണ്ട്
നാട്ടുനന്മകളുടെ
ഹൃദയങ്ങളിൽ ചേക്കേറി
സ്നേഹത്തിന്റെ
മാധുര്യം നുണയട്ടെ..!!
പ്രണയത്തിന്റെ
മാസ്മരിക ഭാവങ്ങൾ
ശബ്ദ വീചികളാൽ
ശരീരത്തെ ഉദ്ധീപിക്കുന്നതും,
സ്നേഹത്തിന്റെ
മൃദുഭാഷണങ്ങൾ
മനസ്സിനെ ഉണർത്തുന്നതും
വീണ്ടും അറിയട്ടെ..!!
കരുതലിനായ് കേഴുന്ന
കണ്ണുകൾക്കൊപ്പം
കരുതലായി
അതിരുകളില്ലാത്ത
സ്നേഹത്തിന്റെ
കൂച്ചുവിലങ്ങിടാത്ത ചിന്തകൾ
പാറിപ്പറന്നു നടക്കട്ടെ..!!
ഇനിയും പറയാത്ത
വാക്കുകൾ തേടി പിടിച്ച്
എഴുതാൻ മറന്ന വരികളിൽ
അനുഭൂതിയുടെ
തൂവൽ സ്പർശമേകും
സ്നേഹം പങ്കുവയ്ക്കട്ടെ..!!

വി.ജി മുകുന്ദൻ

By ivayana