രചന : സരിത മോഹൻ.

അന്ന് കാണാതെ
പോയതെന്റെ
വെറും കല്ലുപെൻസിലല്ല
ദോശക്കല്ലുപോലുള്ള
മണിയിൽ
തട്ടിവിളിച്ചു കോഴിക്കുഞ്ഞുങ്ങൾ
മുളയും പോലെ
ആകാശം കാണാവുന്ന
വെട്ടുകല്ലിൻ മുറികളിൽ
കലപില കൂട്ടിയിരിക്കെ
കാണാതെ പോയതെന്റെ
ഹൃദയമാണ്,
പൈപ്പിൻ ചുവട്ടിൽ,
കലപില കൂട്ടും
പാത്രങ്ങൾക്കിടയിൽ
പൊരി വെയിലിൽ
പി ടി മാഷിന്റെ
കസർത്തുകൾ
വീഴ്ത്തും
വിയർപ്പുമണികൾക്കിടയിൽ
ഒരു വർഷം തുന്നിയിട്ടും
തീരാത്ത തൂവാലക്കടിയിൽ
മഞ്ഞയുപ്പുമാവിൻ മണം
മയക്കും അടുക്കളപ്പുരയിൽ
കൊമ്പൻ മീശക്കാരൻ
,’എഡ് മാഷിന്റെ ‘
ചൂരൽ കണ്ണുരുട്ടും
ആപ്പീസ് മുറിയിൽ
ഇനി നോക്കാനൊരിടവും
ബാക്കിയില്ലെന്റെ
കന്യാകുമാരി കല്ലുപെൻസിൽ
ഏഴാം ക്ലാസുകാരൻ
ചുരുളൻ മുടിയന്റെ
ഖൽബിലല്ലാതെ .

By ivayana