സ്വർണ്ണക്കടത്ത് വിവാദങ്ങളും ആരോപണങ്ങളും നിലനിൽക്കുന്നതിനിടയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ വീണ്ടും കുടുക്ക്. ശ്രീരാമകൃഷ്ണനും പൊന്നാനിയിലെ ബിനാമിയും ചേർന്ന് ഗൾഫിൽ തുടങ്ങാനിരുന്ന കോളേജിൻറെ വിവരങ്ങൾ സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷ് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

ക്രൈംബ്രാഞ്ചിനെതിരേ കസ്റ്റംസ് കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്പീക്കര്‍ക്കെതിരായ സ്വപ്‌നയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്. പൊന്നാനി സ്വദേശിയായ ലഫീര്‍ മുഹമ്മദ് മരക്കാരക്കയില്‍ എന്നയാള്‍ എംഡിയായാണ് ഒമാനില്‍  മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ആരംഭിക്കാനിരുന്നതെന്നാണ് മൊഴിയിലുള്ളത്. 

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍, സ്പീക്കർ ശ്രീരാമകൃഷ്ണന്‍ എന്നിവരാണ് ലഫീറിനേയും കോളേജ് ഡീനായ കിരണ്‍ എന്ന വ്യക്തിയേയും തനിക്ക് പരിചയപ്പെടുത്തിയതെന്നു സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നു.ഷാർജയുടെ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതിനായി ഹോട്ടൽ ലീല പാലസാണ് തിരഞ്ഞെടുത്തതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. പ്രധാനമായും ഷാർജയിൽ കോളേജിനുള്ള ഭൂമി എങ്ങിനെ കണ്ടെത്താം. സൌജന്യമായി ഭൂമി ലഭിക്കാനുള്ള നടപടികൾ തുടങ്ങിയവയാണ് ചർച്ച ചെയ്തതായി സൂചനയുള്ളത്.

സ്വപ്ന തന്നെ നേരിട്ട് 2018-ൽ ഇതിനായി ഒമാനിൽ നേരിട്ട് പോവുകയും മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഡയറക്റ്ററായ ഖാലിദുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന മൊഴി നല്‍കി. ശിവശങ്കറും ഇതുമായി ബന്ധപ്പെട്ട് എത്തിയിരുന്നു. അതേസമയം സ്പീക്കർ വൻ തുക കൈമാറിയെന്നാണ് കേസിലെ മറ്റൊരു പ്രതിയായ സരിത്തിൻറെ മൊഴി. 2020 ജനുവരിയിലോ ഫെബ്രുവരിയിലോ തങ്ങൾ സ്പീക്കറെ കണ്ടിരുന്നെന്നും. പണവുമായാണ് പോയതെന്നും 10 കെട്ട് നോട്ടുകൾ ഇതിൽ ഉണ്ടായിരുന്നെന്നും സരിത്തിൻറെ മൊഴിയിൽ പറയുന്നു.എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷണൻ ഇതുവരെ പ്രതികരണങ്ങൾ ഒന്നും തന്നെ പറഞ്ഞിട്ടില്ല.

By ivayana