രചന : മോഹൻദാസ് എവർഷൈൻ.

തൊടിയിൽ മഷിത്തണ്ട് തേടി നടക്കുന്ന
കാലംമുതൽ തുടങ്ങിയ കൂട്ടാണ്!.
കണ്ണിമാങ്ങ ഉപ്പും കൂട്ടി കഴിച്ചൊരാ
കാലമിപ്പോഴും നാക്കിന്റെ തുമ്പിൽ പുളിപ്പ് മായി നിൽപ്പുണ്ട്.എന്നിട്ടിപ്പോൾ ഞാൻ അവന് ശത്രുവാണ് പോലും!.

അവന് വേണ്ടി എഴുതിയ പ്രേമലേഖനമെല്ലാം കൂടി ഒരു പുസ്തക മാക്കിയിരുന്നെങ്കിൽ അതിന്റെ റോയൽറ്റി വാങ്ങി ജീവിക്കാമായിരുന്നു. ഇപ്പോഴത്തെ പി. എസ്. സി. കോച്ചിംഗ് തലവേദനവേണ്ടി വരില്ലായിരുന്നു. ലക്ഷ്മിക്ക്‌ അവനെക്കുറിച്ചോർക്കുമ്പോഴേ അരിശം വരും.അവനെ അത്രയ്ക്കങ്ങു ഇഷ്ടപ്പെട്ടു പോയത് തെറ്റായി പോയെന്ന് തോന്നിത്തുടങ്ങിയത് ഈ അടുത്ത കാലത്താണ്…
അവന്റെ അച്ഛൻ പിശുക്കൻ ചെല്ലപ്പൻ (മാമൻ )മകൾക്ക്‌ ഓഹരി കൊടുക്കാനായി പുരയിടം അളന്നപ്പോൾ നമ്മുടെ അതിര് കല്ല് അങ്ങോട്ട് ചായ്ഞ്ഞ്
നില്ക്കുന്നു പോലും!

അതിന്റെ പേരിൽ എന്റെ അച്ഛനുമായി യുദ്ധം പ്രഖ്യാപിച്ചു.
അതോടെ എന്റെ അങ്ങോട്ടുള്ള സഞ്ചാരങ്ങൾക്ക് അച്ഛൻ ഉപരോധം ഏർപ്പെടുത്തി. യൂ എൻ സെക്രട്ടറിയെ പോലെ അമ്മ ഇടപെട്ടെങ്കിലും,അച്ഛൻ കർക്കശ നിലപാട് എടുത്തു.
അതിന് ശേഷം ഞാൻ ഒളിച്ചും, പാത്തും കൊടുത്ത ഒരു കത്തിനും മറുപടി തന്നില്ല. ഫോൺ വിളിച്ചൂടെ എന്നൊക്കെ ചോദിച്ചാൽ എനിക്കൊന്നേ പറയാനുള്ളൂ.
ഇതാവുമ്പോൾ കൂടെ കൂടെ എടുത്ത് വായിക്കുമ്പോൾ അനുരാഗ തീരത്ത് കുളിർ കാറ്റ് കൊള്ളുന്ന സുഖമുണ്ട്!

അവൻ ഇപ്പോൾ എന്നെ കാണാതെ ഒളിച്ചു നടക്കുകയാണ്!
ചിലപ്പോൾ പിശുക്കൻ ചെല്ലപ്പൻ തട്ടികളയുമെന്ന് ഭീഷണി മുഴക്കി കാണും.. പണ്ടേ അവൻ ഒരു പേടിതൊണ്ടനാ!.
പ്രേമത്തിൽ ഒരു അതിര് കല്ലിന് ഇത്രയും സ്വാധീനം ചെലുത്താൻ പറ്റുമെന്ന് ഇപ്പോഴും വിശ്വാസം വരുന്നില്ല.
അല്ലെങ്കിൽ ആ മണുക്കൂസൻ വിചാരിക്കണ്ടേ എന്നെ കെട്ടിയാൽ ഈ സ്വത്തെല്ലാം ആർക്കാ പിന്നെ?.നമുക്കല്ലേ!. അവിടെ ആദ്യം ആ അതിര് കല്ല് പിഴുതു ദൂരെ കളയണം.അല്ല പിന്നെ ദേഷ്യം വരില്ലേ?.

അച്ഛൻ പട്ടാളത്തിൽ നിന്നും പെൻഷൻ പറ്റിയ ആളായതിനാൽ മാസം തോറും മദ്യം ക്വട്ടാ കിട്ടും. അപ്പോൾ ഈ പിശുക്കൻ വരും.. ചക്കരേല് ഈച്ചപറ്റും പോലെ…
മുൻപും ഇതുപോലെ സംഘർഷാവസ്ഥയ്ക്ക് അയവ് വരുന്നത് അച്ഛൻ ക്യാന്റീനിൽ പോയി സാധനം വാങ്ങി വരുമ്പോഴാണ്!.
പിന്നെ അളിയനായി, മച്ചമ്പിയായി കെട്ടിപ്പിടുത്തവും, കരച്ചിലും ഒക്കെ ആയി രംഗം കോമഡി ആകും.

ഇത്തവണ ഒരു കൊടുക്കല് വാങ്ങലും ഇല്ലെന്ന് തറപ്പിച്ചു നിൽക്കുകയാ രണ്ടെണ്ണവും.
അവന്റേന്ന് വാങ്ങിയതൊക്കെ തിരിച്ചു കൊടുക്കണമെന്നങ്ങാനും അച്ഛൻ പറഞ്ഞാൽ ഞാൻ പ്പെട്ടു.. എത്ര മുത്തങ്ങൾ തിരിച്ചു കൊടുക്കേണ്ടി വരും.. ആലോചിക്കുമ്പോൾ തന്നെ ചിരി വരുന്നു…
ഈ പ്രേമത്തിന് ഇത്രയുംഎരിവും നൊമ്പരവുമൊക്കെ ഉണ്ടെന്നറിഞ്ഞത് അവൻ എറിഞ്ഞു തന്ന തുണ്ട് കടലാസ്സിലെ ഒറ്റ വാചകം വായിച്ചപ്പോഴാണ്!.
“അകലം പാലിക്കുക. നമ്മൾ ഇപ്പോൾ ശത്രുക്കളാണ് “.
എന്റെ കൈയിൽ കിട്ടിയാൽ——ഉപ്പിലിടും ഞാൻ നോക്കിക്കോ.. അവന്റെ ശത്രു..!.
പിശുക്കന്റെ അല്ലെ സന്തതി?. എങ്ങനെ ശരിയാവാൻ?.
എന്തായാലും അച്ഛൻ ക്യാന്റീനിൽ പോകുന്ന ദിവസം വരെ കാത്തിരിക്കാം.. അന്ന് മഞ്ഞുരുക്കം ഉണ്ടാകും…

“ലക്ഷ്മി… എടി ലക്ഷ്മീ..”
അമ്മ അടുക്കളയിൽ നിന്ന് വിളിക്കുകയാണ്!ഉടനെ ചെന്നില്ലെങ്കിൽ ഉപദേശം കൊണ്ട് വീർപ്പു മുട്ടിക്കും..
“വേറൊരു വീട്ടിൽ പോവേണ്ട പെണ്ണാണ്!
ഒന്നും വെച്ചുണ്ടാക്കാൻ അറിയില്ലെങ്കിൽ
വളർത്തിയ തള്ളയ്ക്കാവും പരാതി” എപ്പോഴും കേൾക്കുന്നതിനാൽ ഇപ്പോൾ എല്ലാം എനിക്ക് മനഃപാഠമാണ്!.
കൈയിലിരുന്ന തുണ്ട് പേപ്പർ ഉടുപ്പിനുള്ളിൽ തിരുകി അടുക്കളയിലേക്കോടി….
അടുക്കളയിൽ ചെല്ലുമ്പോൾ അതാ അമ്മയുടെ ചെവി കടിച്ചു നില്ക്കുന്നു സാക്ഷാൽ പിശുക്കന്റെ ഭാര്യ സുശീല.
(എന്റെ അമ്മായി ). കണ്ടപ്പോൾ എന്തോ
പന്തികേട് മണത്തു.

അമ്മായി എന്നെ ചേർത്ത് പിടിച്ചു.. “മോളെ.. നന്ദു രണ്ട് ദിവസമായി അവിടുന്ന് ആഹാരം ഒന്നും കഴിക്കുന്നില്ല, അവനാകെ പ്രയാസത്തിലാണ്!.”
“അവൻ രാത്രിയിൽ കട്ടെങ്കിലും തിന്നും തള്ളേ.. അല്ലെങ്കിൽ ഹോട്ടലിൽ നിന്നും തട്ടും…പട്ടിണി കിടക്കണ ഒരു സാധനം!.”അങ്ങനെ പറയുവാൻ തോന്നിയെങ്കിലും ഞാൻ അതങ്ങു മിഴുങ്ങി.തള്ളയുടെ കൊണം മാറിയാൽ വായിൽ,കൊടുങ്ങല്ലൂർ പൂരത്തിന് പോലും പാടാൻ അറയ്ക്കുന്ന ഭാഷ വരും.

എന്നെയും പിടിച്ചു കൊണ്ട് അടുക്കള
പടിയിൽ ഇരുന്ന്, എന്റെ തലയിൽ പേൻ നോക്കി തുടങ്ങി.
“നമ്മള് മുതിർന്നവർ പലകാര്യത്തിലും മുഷിയും അതിന് നീയും അവനും കൂടി പിണങ്ങണോ!.”
“അമ്മായീ ഞാനല്ല.. നന്ദുവാണ് പറഞ്ഞത് നമ്മളിപ്പോൾ ശത്രുക്കൾ ആണെന്ന്!.”
“അവനെ നീ ഇന്നും ഇന്നലെയും ഒന്നും കണ്ടതല്ലല്ലേ…അവന് അതിയാനെ ഭയങ്കര പേടിയാ.. നിന്നോട് ഭയങ്കര ഇഷ്ടവും.. ഇതിനിടയിൽ തീ തിന്നാൻ ഞാനും നാത്തൂനും മാത്രം!. “
അമ്മായി തലയിൽ കൈ ഓടിച്ചപ്പോൾ അത് ഹൃദയത്തിൽ സ്നേഹമായി ഒഴുകി വരുന്ന പോലെ… ഞാൻ ഒന്നും മിണ്ടാതെ അമ്മായിയുടെ മടിയിൽ തലചായ്ച്ചിരുന്നു..
അമ്മ ആവി പറക്കുന്ന കപ്പയും, പുളിയും മുളകും ഞെരടിയതും കൂടി കൊണ്ട് വന്ന് അടുത്തിരുന്നു.

വെളിച്ചെണ്ണയിൽ കടു താളിച്ചതിന്റെ മണം അതിന്റെ ആവിയിൽ നിറഞ്ഞു നിന്നു.
“അവനിത് വലിയ ഇഷ്ടമാ, രണ്ട് കഷണം ഒരു വാഴയിലയിൽ പൊതിഞ്ഞെടുത്തോ ഞാൻ പോകുമ്പോൾ കൊണ്ട് കൊടുക്കാം!.”അമ്മായി പറഞ്ഞു.
“രാവിലെ നന്ദുവും മാമനും കൂടെ പോണത് ഞാൻ അമ്പലത്തിൽ പോയി വരുമ്പോൾ കണ്ടു!. എവിടെ പോയതാ?”.
“അതോ ജ്യോത്സ്യന്റെടുത്ത് ഒരു നാൾ പൊരുത്തം നോക്കാൻ പോയതാ!. “അമ്മായി പറഞ്ഞു.
ഉള്ളിലെ ഞെട്ടൽ പുറത്ത് വരാതെ ഞാൻ ചോദിച്ചു…
“അതെന്തിനാ ഇപ്പോൾ?..”
“അവനെ കൊണ്ട് ഉടനെ പെണ്ണ് കെട്ടിച്ചേ അടങ്ങൂന്ന് പറഞ്ഞു നില്കയാണ്, അതിയാൻ, നാൾ പൊരുത്തമുണ്ടെങ്കിൽ പോയി ഉറപ്പിക്കാൻ ഉള്ള പുറപ്പാടാ!അവരടുത്തു ഈ നമ്മൾ പറഞ്ഞാൽ വല്ലതും കേൾക്കുമോ!”.

ഇടവ മാസത്തിലെ ഇടിയും, മിന്നലും, പെരുമഴയും ഒരുമിച്ച് മനസ്സിൽ താണ്ഡവ മാടുന്നത് പോലെ.. കണ്ണുകൾ നിറഞ്ഞു.
അമ്മായിയുടെ മടിയിൽ നിന്നും പിടഞ്ഞെണീറ്റു എങ്ങനെ മുകളിലത്തെ മുറിയിൽ എത്തിയെന്നറിയില്ല!തലയിണയിൽ മുഖഅമർത്തി പൊട്ടിക്കരഞ്ഞു.പ്പെട്ടന്ന് ചിറകുകൾ നഷ്ട പ്പെട്ട പക്ഷിയെ പോലെ മനസ്സ് പിടഞ്ഞു..
അമ്മായി വന്നന്റെ അടുത്തിരുന്നു..
“നീ ഇത്രെ ഉള്ളു.. എന്റെ ചട്ടമ്പികല്യാണിയാണോ ഈ കിടന്ന് കരയുന്നത്? എഴുന്നേറ്റു വാ മോളെ “
എങ്ങലടക്കുവാൻ കഴിയാതെ ഞാൻ കമിഴ്ന്നു കിടന്നു..
പുറത്ത് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അമ്മായി എന്നെയും കൂടി പിടിച്ചെഴുന്നേൽപ്പിച്ചു ജനലിൽ കൂടി നോക്കി…

അച്ഛനും, പിശുക്കനും കൂടി ചിരിച്ചു സംസാരിച്ചു വരുന്നു.. വേറെ ആരൊക്കെയോ ഉണ്ട് കൂടെ, ഒരാൾ അമ്മായിയുടെ സഹോദരൻ ആണ്.. എല്ലാവരുടെയും പുറകിലായി നന്ദുവും ഉണ്ട്…
ഞാൻ അമ്മായിയെ നോക്കി…
അമ്മായി ചിരിച്ചു.. “
“എടീ മണ്ടി നിന്നെ ഞാൻ വേറെ ഏതെങ്കിലും വീട്ടിൽ പറഞ്ഞ് വിടുമോ!അവര് നാള് നോക്കാൻ പോയതല്ല, നിങ്ങളുടെ കല്യാണത്തിന് തീയതി നോക്കാൻ പോയതാ “!
ഞാൻ അമ്മായിയെ മുറുകെ കെട്ടിപ്പിടിച്ചു..
“എല്ലാവരും കൂടി എന്നെ പ്പറ്റിക്കുകയായിരുന്നു അല്ലെ?..”

“ഇല്ല മക്കളെ,നിങ്ങളുടെ ഉയിരെരിയുമ്പോൾ നമുക്ക് ഉറങ്ങാൻ കഴിയുമോ? നിനക്ക് വേണ്ടി അവൻ വീട്ടിൽ നമ്മളോട് യുദ്ധം നടത്തിയത് വല്ലതും നീ അറിഞ്ഞോ ? “.ഞാൻ അത്ഭുതതത്തോടെ അമ്മായിയെ നോക്കി.
അവന്റെ അരികിലെത്താൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു,ഞാൻ താഴോട്ടിറങ്ങാൻ
നേരം അമ്മായി എന്നെ പിടിച്ചു നിർത്തി. “അവൻ ഇങ്ങ് കയറി വരും.. നീ രണ്ടെണ്ണം കൊടുക്ക് “.. ഞാൻ അവന്റെ വരവിനായി വാതിലിൽ മിഴി നട്ടിരുന്നു. മനസ്സിൽ അപ്പോൾ കല്യാണമേളം മുഴങ്ങുകയായിരുന്നു…..

By ivayana