Yasir Erumapetty.

മഞ്ചു വാര്യരുടെ പുതിയ ഫോട്ടോ ആഘോഷിക്കുന്ന ഒരു കൂട്ടം ആളുകളെ ഒരു തെറ്റും പറയാനൊക്കില്ല…സ്ത്രീകളാണ് ആ ചിത്രം ആഘോഷിക്കുന്നവരിൽ ബഹുഭൂരിഭാഗവും…എന്തായിരിക്കും കാരണം എന്നറിയോ…

ഒരു പെണ്ണ് ഒറ്റക്ക് ജീവിതത്തോട് പോരടിക്കുമ്പോൾ, കലഹിക്കുമ്പോൾ, പൊരുതുമ്പോൾ ഒക്കെയും അവളുടെ ധൈര്യം അവളൊറ്റക്കാണ്‌ എന്നത് മാത്രമാണ്…ഒരു ഫുട്‌ബോൾ വീഡിയോ കണ്ടതോർക്കുന്നു. കളിക്കിടെ ഒരു കളിക്കാരൻ വീഴുന്നുണ്ട്.. എണീപ്പിക്കാൻ ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി അയാള് ചെയ്തത് എന്താണെന്നോ തന്റെ മറ്റേ കൈകൊണ്ട് ഒരു കൈപിടിച്ച് സ്വയം എണീക്കുകയാണ്… പിന്നെ ഓട്ടമാണ്…ഒറ്റക്കായവര് ഓടുന്നതും അങ്ങനെയാണ്… ചുരുക്കം ചിലർക്കേ പുറകിൽ നിൽക്കാൻ ആളുണ്ടാകൂ… മറ്റുള്ളവർ ഒറ്റക്ക് ഓടി എത്തേണ്ടിവരും…!!

മഞ്ചുവാര്യരിലേക്ക് വരുമ്പോൾ കാര്യങ്ങൾക്ക് ചെറിയ വ്യത്യാസമുണ്ട്…എന്തോരം ഓഡിറ്റുകൾക്കിടയിലൂടെയാണ് അവര് സഞ്ചരിച്ചിട്ടുള്ളത്…എന്തോരം ഫാൻസ്‌ വെട്ടുകിളികളുടെ ‘കടിമൂത്തവളെന്ന’ വിളികളെയാണ് അവര് നേരിട്ടിരിക്കുന്നത്…മാതൃത്വത്തിന്റെ വില അറിയാത്തവൾ, സ്വന്തം സുഖം നേടി പോയവൾ എന്നൊക്കെ ഒരു ബന്ധവുമില്ലാത്ത എത്രയോ ശരങ്ങളാണ് അവര് വേദനയോടെ ഏറ്റുവാങ്ങിയത്….

എന്നിട്ടും തന്റെ മുൻ ഭർത്താവിനെപ്പറ്റി മോശമായൊരു പ്രസ്ഥാവന നാലാൾക്ക് മുൻപിൽ പറഞ്ഞവസാനിപ്പിക്കാതെ അവര് അവരുടെ വഴിയേ നടന്നു പോയി….പിന്നാലെ ശബ്‌ദിച്ചും കുരച്ചും ഓളിയിട്ടും വെട്ടുകിളികൾ അവരെ വെറുപ്പിച്ചുകൊണ്ടേയിരുന്നു….റിയാസിന്റെ ഉമ്മയേ ഓർക്കുന്നു…ഫാസിലിന്റെയും ആഷിക്കിന്റെയും ഉമ്മയേ ഓർക്കുന്നു…ഒറ്റക്ക് ജീവിതത്തോട് മല്ലിട്ട് മക്കളെ വളർത്തി വലുതാക്കി സമൂഹത്തിന് മുന്നിൽ നിവർന്നു നിന്ന എന്റെ പ്രിയപ്പെട്ട ഉമ്മമാർ….ഒരു പെണ്ണ് ഒറ്റക്കാവുമ്പോൾ അവളുടെ ആകാശം പോലും ചുരുങ്ങുന്നുണ്ട്…

ഭൂമി ചെറുതാകുന്നുണ്ട്… പക്ഷെ അതൊക്കെ വെറും തോന്നലാണെന്നും മറ്റുള്ളവന്റെ ചിന്ത എന്തായിരിക്കുമെന്നും ഓർത്ത് ചൂളി ഇരിക്കാതെ എനിക്കോടിയേ തീരൂ എന്നൊരു ഉറപ്പ്കൊണ്ട് ദൂരം താണ്ടിയവരെ ഒരു കൂട്ടം ആളുകൾ ആഘോഷിക്കുകതന്നെ ചെയ്യും…എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന ഉള്ളിലെ പിടച്ചിലാവാം ചിലർക്ക്…ഇനിയും സമയമുണ്ടല്ലോ എന്നൊരു പ്രതീക്ഷയുടെ വെട്ടമാകാം ചിലർക്ക്…മഞ്ചു വാര്യർക്ക് വ്യത്യസ്തമായ അവസ്ഥയാണ് എന്റെ അവസ്ഥ വേറെയും, എങ്കിലും ഒരു പോസിറ്റിവിറ്റി അതിലൂടെ അവര് നിറക്കുന്നുവല്ലോ എന്ന തോന്നലാകാം….നഷ്ടമാക്കിയ സമയത്തെപ്പറ്റിയുള്ള വേദനയാകാം ചിലർക്ക്…അവരത് ആഘോഷിക്കട്ടെ….

ഒരു പെണ്ണ് ഒറ്റക്ക് ജീവിക്കുന്നതിനെ നമ്മുടെ സമൂഹം ഇനിയെങ്കിലും ഒരല്പം പരിഗണിക്കേണ്ടതുണ്ട്..പരിഗണിച്ചില്ലെങ്കിലും ആക്ഷേപിക്കാതിരിക്കേണ്ടതുണ്ട്…അവർക്ക് നൂറിൽ നൂറ് മാർക്കാണോ എന്നൊക്കെ മാർക്കിടാൻ നമ്മളാരാണ്…നമ്മുടെ കയ്യിലുള്ള ചോദ്യങ്ങളുടെ ഉത്തരംപോലും നമുക്കറിയുന്നില്ല.. പിന്നെ എന്തിനാണ് മറ്റുള്ളവരുടെ ഉത്തരക്കടലാസിനെപ്പറ്റി നമ്മള് ചിന്തിച്ചു കൂട്ടുന്നത്..

ഒരു കാര്യം ഉറപ്പാണ്…മഞ്ചുവാര്യർ എഴുതിയ ഉത്തരങ്ങളിൽ ചിലതെങ്കിലും കൃത്യമാണ്… ശക്തമാണ്…!!അതുകൊണ്ട് തന്നെയാണ് അവര് ആഘോഷിക്കപ്പെടുന്നതും…

By ivayana