Shaju V V

കൊറോണാകാല നിർബന്ധിത ഭവനബന്ധനസന്ദർഭത്തിൽ മധ്യവർഗ്ഗ /ഉപരിവർഗ്ഗ മനുഷ്യർ നേരിടുന്ന ആപൽക്കരമായ സ്ഥിതിവിശേഷങ്ങളിൽ പ്രഥമം പാർട്ട്ണർമാർക്കിടയിൽ ന്യായമായും രൂപപ്പെട്ടു അനുദിനം വഷളായി വരുന്നയുദ്ധകാലപരിതോവസ്ഥയാണ്.

വെടിനിർത്തൽ പ്രേരണാ ഘടകങ്ങളും നയതന്ത്ര സുഭാഷിതങ്ങളും അനുരഞ്‌ജന മാധ്യമങ്ങളുമായ കുഞ്ഞുങ്ങൾ എന്ന തുറുപ്പു ശീട്ട് ഇല്ലെങ്കിൽ സാഹചര്യം കൂടുതൽ വിപൽക്കരമാകുന്നു .അക്ഷരാർത്ഥത്തിൽത്തന്നെ കവി പറഞ്ഞ പോലെ ജീവിതം ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിൽ ആർത്തനാദം പോലെ ആടിയുലഞ്ഞ് വ്യവഹരിക്കുകയാണ് . ജനാധിപത്യ മര്യാദകളോ തിര്യക് സഹജമായ പ്രതിപക്ഷോദാസീനതയോ കൂടാതെ 24 മണിക്കൂറും പരസ്പരം ഗൂഢമായി മോണിറ്റർ ചെയ്യുന്ന സഞ്ചരിക്കുന്ന രണ്ടു നിരീക്ഷണ ക്യാമറകൾ .

ഓരോ നിമിഷവും ചരിത്രമാകുന്ന ഭീതിദ സാഹചര്യം. അന്യോന്യം ദിനംപ്രതി ശരാശരി നൂറിൽ കുറയാത്ത അതീവ ഗുരുതരമായ കുറ്റാരോപണങ്ങൾ .എന്റെ കൂട്ടുകാരൻ ഇന്നലെ അവന്റെ ഭവന കോടതിയിൽ ഉടലെടുത്ത രൂക്ഷമായ അന്യോന്യ വിചാരണയുടെ മൂല കാരണ രഹസ്യം പ്രസ്താവിക്കുകയുണ്ടായി. അവൻ തേങ്ങ ചിരകുന്നു .ചിരട്ടയോടടുത്തപ്പോൾ അവൾ വിലക്കുന്നു .ചിരട്ടയുടെ ചർമ്മ ഭാഗത്തുള്ള തേങ്ങ ചിരകണ്ട. ആ തവിട് വർണ്ണം മോരു കറിയുടെ സ്വാഭാവിക നിറത്തിനു ഭീഷണിയാകും. ആ ലെയറിലെ തേങ്ങയാണ് പോഷക സമ്പുഷ്ടമെ ന്ന് അവൻ വാദിക്കുന്നു .

നീ അടക്കമുള്ള മനുഷ്യരാശിയുടെ പ്രാഗ്മാറ്റിസരോഗം ഒരു കുട്ടി വൈറസിനു കീഴടങ്ങി മുഴുവൻ ലോകവും വീട്ടിലൊളിച്ചു കഴിയുന്ന ഈ ചരിത്ര ഘട്ടത്തിലെങ്കിലും കയ്യൊഴിഞ്ഞൂടെ എന്നവൾ മനുഷ്യകുലത്തെ സാമാന്യമായും അവനെ സവിശേഷമായും അപഹസിക്കുന്നു. ആനന്ദവാദികളുടെ അരാഷ്ട്രീയതയെക്കുറിച്ച് ആക്ഷേപിച്ച് അവൻ തിരിച്ചടിക്കുന്നു .തേങ്ങ ചിരകിന്റെ രീതിശാസ്ത്രത്തർക്കത്തിൽ ആരംഭിച്ച ആ സംഭാഷണം ഏഴു വർഷം മുമ്പ് അവരുടെ വിവാഹ ദിനത്തിലെ ഫോട്ടോയെടുപ്പുവേളയിൽ അവളുടെ കുടവയറിനെപ്രതി അവൻ പുറപ്പെടുവിച്ച ബോഡി ഷെയിമിങ്ങിന്റെ സ്വഭാവമുള്ള വാചകത്തെപ്രതിയുള്ള ഗുരുതരമായ കുറ്റാരോപണമായി വളർന്നു പന്തലിച്ചു.

ഒരൊറ്റ ദിവസം തന്നെ അസംഖ്യമസംഖ്യം പൊറുക്കാനാവാത്ത യുറേക്കാ മുഹൂർത്തങ്ങൾ .മനശാസ്ത്ര ബിരുദധാരികളെ നിസ്സാരപ്പെടുത്തുന്ന വിധം സഹജാവബോധമാത്രകൈമുതലുള്ള ,കുറ്റാന്വേഷണരീതിശാസ്ത്രത്തെ അവലംബിക്കുന്ന രണ്ട് മനോവിശ്ലേഷകരുടെ ബോക്സിങ്ങ് . കൊറോണയേക്കാൾ പതിൻമടങ്ങ് സംക്രമണശേഷിയുള്ള അസഹിഷ്ണുതകൾ, നീരസങ്ങൾ, നിന്ദാശരീരഭാഷകൾ. ധാരാളം സമയമുള്ളതുകൊണ്ട് ഭൂതകാലത്തിന്റെ ശസ്ത്രക്രീയാ പ്രതലത്തിൽ പരസ്പരം കുഴികളിലേക്കു വെടിവച്ചിട്ടുന്ന ബില്യാർഡ് ടേബിളുകൾ .

1989 ഒക്ടോബർ 4ന് പാരീസ് ഹോട്ടലിൽ വച്ച് അയാളോട് അവൾ പറഞ്ഞ അധിക്ഷേപ വാക്യം ഓർത്തെടുത്ത് ഒരു സമകാലീന പ്രശ്നമവതരിപ്പിക്കുന്ന വികാരവിക്ഷോഭത്തോടെ പൊട്ടിത്തെറിക്കാൻ മാത്രം അനന്തമായ സമയത്തിന്റെ ചതി അവർക്കിടയിലുണ്ട് എന്നതാണ് ഈ കുഞ്ഞുവൈറസ് മനുഷ്യബന്ധങ്ങളിലുണ്ടാക്കുന്ന വെന്റിലേറ്റർ കൊണ്ട് പരിഹരിക്കാനാവാത്ത ശ്വാസം മുട്ടൽ.കിടപ്പുമുറിക്കും സ്വീകരണ മുറിക്കുമിടയിലെ വാതിൽക്കൽ ഒറ്റപ്പകലിൽ 17 തവണ പരസ്പരം കൂട്ടിമുട്ടുന്ന രണ്ടു പേർക്കിടയിൽ സംഭവ്യതകളെന്തൊക്കെയെന്ന് നമുക്കെല്ലാമറിയാം. മനുഷ്യരെ എങ്ങനെ കുറ്റം പറയാനാണ്? കാണാത്ത നേരങ്ങളുണ്ടാക്കുന്ന തൊയിരമാണ് ഗാഢ ചുംബനങ്ങളുടെ ഊർജ്ജ സ്രോതസ്സെന്നത് ആർക്കാണറിഞ്ഞുകൂടാത്തത്?

ഇക്കാലത്ത് വിവാഹിതരായവരുടെ ഹണിമൂണിനു കോവിഡ് 19 നേക്കാൾ വളരെക്കുറഞ്ഞ ആയുർദൈർഘ്യമേയുള്ളൂ.ബാൽക്കണിയിൽ നിന്ന് ഒഴിഞ്ഞ നിരത്തിലേക്കു നോക്കി അവൾ ദീർഘനിശ്വാസം പുറപ്പെടുവിച്ചത് കാമുകനെ ദിവസങ്ങളായി കാണാൻ കഴിയാത്തതിന്റെ വിരഹതീവ്രത കൊണ്ടാണെന്ന് സങ്കൽപ്പിച്ച് പിരാന്തെടുത്ത് ഫ്രിഡ്ജ് തുറക്കുമ്പോൾ അവസാനത്തെ മദ്യക്കുപ്പിയും തീർന്നു പോയെന്നതറിയുമ്പോൾ ആ മധ്യവയസ്കനനുഭവിക്കുന്ന അനാഥത്വം എത്ര പുറങ്ങളിൽ ഉപന്യസിച്ചാലാണ് നമുക്കാ വികാരത്തോട് നീതി പുലർത്താനാകുക? രാത്രിയുടെ ചർദ്ദിലാണ് നക്ഷത്രങ്ങൾ എന്ന കെട്ടബിംബ കൽപ്പന നിർമിക്കാൻ അവൾ കവിയാകേണ്ട. അവൾ ഉച്ചയുറക്കത്തിൽ നിന്നുണരാതെയാകുമ്പോൾ താൻ അലർച്ചയോടെ ആ നിശ്ചല ശരീരത്തിൽ വീഴുന്ന നിശാകാല സ്വപ്നമയാൾ നിരന്തരം കാണുന്നത് അത്ര ക്രൂരനായതുകൊണ്ടൊന്നുമല്ല.ഒച്ചുകളുടെ ഇടനാഴികൾ.

ആമ ജനവാതിലുകൾ .എങ്ങും വലനെയ്യുന്ന ചിലന്തിക്കൗശലങ്ങൾ. പല പകലുകൾ അട്ടിയട്ടിയായി വച്ച കൂറ്റൻ ഫ്ലാറ്റുകൾ പോൽ , വാച്ചുകളുടെ പത്രപരസ്യം കണക്ക് മൃതമായ പകൽ. കുറേക്കൂടി അയാൾ കുളിമുറിയിൽ ചെലവഴിച്ചെങ്കിൽ എന്നതു പോലത്തെ വിചിത്രമായ അഭിലാഷങ്ങൾ നിറയുന്ന സ്വകാര്യതാകാംക്ഷകൾ.ശീതയുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ രണ്ടിലൊരാൾക്ക് കാറോ ഇരുചക്രവാഹനമോ എടുത്ത് എങ്ങോട്ടെങ്കിലും ഓടിച്ചു പോകാൻ കഴിയുമോ? കവലയിൽ യതീഷ് ചന്ദ്രയുണ്ട്.

അയാൾ നിങ്ങളെ ഏത്തമിടീക്കുമ്പോൾ ടെറസിൽ നിന്ന് അവൾ പൊട്ടിച്ചിരിക്കുന്നത് മുട്ടുകാലിൽ നിന്ന് പതുക്കെ, തേയ്മാനം വന്ന ചിരട്ടയുടെ ദ്രവം വറ്റിയ വിജാഗിരി ശബ്ദത്തോടെ എഴുന്നേൽക്കും നേരം കാണേണ്ടി വരുന്നത് ഒന്നു സങ്കൽപ്പിച്ചു നോക്കൂ.വെന്റിലേറ്ററിൽ നിന്നു പോലും പ്രാണ ശ്വാസം കിട്ടാത്ത പ്രണയങ്ങളുടെ നിസ്സഹായത എന്തൊരു ദുരന്തമാണ് !മുഖ്യമന്ത്രി വിട്ടു പോയ ഒരു ദുരിതമേഖല ഇതാണ് .

By ivayana