രചന : സുദേവ് ബി.

മേശപ്പുറത്തേ
പുസ്തകക്കെട്ടിടങ്ങൾക്കിടയിലെ
ചത്വരത്തിൽ ഞാനെത്തുമ്പോഴേക്കും
ഏതാണ്ട് ശുന്യമായിത്തീർന്നിരുന്നു
തൻ്റെ അവസാന ഗാനം വായിക്കുന്ന വയലിനിസ്റ്റ്,
രണ്ടോ മൂന്നോ കാഴ്ചക്കാർ,
സിൽവിയ .
ഞാനവർക്കരികിലേക്ക് പോയി
ആ ഗാനത്തിന് താളം കൊടുത്തു
അയാളെന്നെ അഭിവാദ്യം ചെയ്തു
ഞാനയാളേയും
എല്ലാവരും ചേർന്ന്
ആ ഗാനത്തെ മധുരമായി അവസാനിപ്പിച്ചു.
കയ്യടിച്ചു
അവരെല്ലാം തിരച്ച് പോകുന്നതും നോക്കി
ഞാനൊരു സിഗാറെരിച്ചു
പുസ്തക നിലകളിലേക്ക് നോക്കി
പുകയൂതി വിട്ടു
പ്രതിമയ്ക്കു ചുവട്ടിലെ
ജലധാരക്കരികിലേക്ക് നടന്നു
അവിടെ ഭൂതകാലം
പ്രതിധ്വനിയ്ക്കുന്നു
കഥാപാത്രങ്ങൾ പിറുപിറുക്കുന്നു
ജന്നൽപ്പാളികളിലൂടെ
രതിയുടേയും മരണത്തിൻ്റേയും അനക്കങ്ങൾ…
ആത്മഹത്യയുടെ ഒറ്റ വെടികൾ..
മുറിവിട്ടോടിയകലുന്ന
നിലവിളികൾ…
അടുത്തു വരുന്ന
പീരങ്കിപ്പട..
ഏതോ പുസ്തക മുറിയിൽ നിന്ന് എന്നെ
ഉന്നംവെക്കുന്ന ഒരാൾ
ഇതുവരെ പ്രണയം പറയാത്ത ഒരുത്തി
സുക്ഷ്മമായി നോക്കുമ്പോൾ
കവിത മതിയാകാത്തത്ര
വിശദാംശങ്ങൾ.
എന്തിനതെല്ലാം പറയണം
മടുത്തു .
സിഗററ്റുകുറ്റി നിലത്തിട്ടു ചവുട്ടി
താഴത്തെ നിലയിലെ മുറിയലേക്ക് നടന്നു
കതക് തുറന്നിട്ടിരുന്നു
ഒരു പുകയിലപ്പൊടി ഗന്ധം
“കൊച്ചു താരകങ്ങളേ! നൂല്ക്കുവിനിരുട്ടിൻ്റെ
മച്ചിലാകിലും നിങ്ങളാത്മീയപ്രകാശത്തെ “
ജി വായിക്കുന്നു
”ചുടുചോര ചിന്നിയ ഭാസ്വച്ചക്രം ജ്വലിക്കുന്നു.”
“അരുവിത്തെളിനീരിലാഴുന്നു ”
ഇന്നിനി ഇവിടെ.

സുദേവ് ബി.

By ivayana