കഥാരചന : ഉണ്ണി കണ്ണൻ*
പുറത്തെ കോണിച്ചുവട്ടിലെ കൊച്ചുകൊച്ചു മണ്‍ചുഴികള്‍ ശ്രദ്ധയോടെ ഊതി പറത്തിയപ്പോള്‍ കുഴിയാന പുറത്തുവന്നു. രക്ഷപ്പെടാനനുവദിയ്ക്കാതെ ഈര്‍ക്കിലുകൊണ്ട് കിള്ളിയെടുത്ത് പ്ലാവിലയിലേയ്ക്കിട്ടപ്പോള്‍ അവനൊന്നിടഞ്ഞു. കാലുകളിലൊന്നുകൂടി പൊങ്ങിനിന്ന് മുന്‍വശത്തെ മുള്ളുകള്‍ വിറപ്പിച്ചു. അതിന്റെ ഫീച്ചേഴ്സിലേക്ക് സൂം ചെയ്തപ്പോള്‍ ഞാന്‍ കണ്ടു, അത് ശരിക്കും ഒരാനയായി മാറുന്ന കാഴ്ച. നിന്നിരുന്ന ഇലക്കീറ് ചവിട്ടിമെതിച്ച് ഒരു കൊമ്പനാന എന്‍റെ പിറകേ പാഞ്ഞു വരുന്നു. കിട്ടാവുന്ന വേഗത ആര്‍ജ്ജിച്ചു ഞാനോടി.തൊട്ടു പിറകേ കൊമ്പനും.
ഓട്ടത്തിനിടയില്‍ കാലുതെറ്റി വെള്ളക്കുഴിയിലേയ്ക്ക് ഞാന്‍ വീഴുന്നു. ഏറെനേരം കഴിഞ്ഞിട്ടും എങ്ങുമെത്താതാവുമ്പോള്‍ ആകെ വെപ്രാളമായ്,നിലവിളിയായ്. കണ്ണുവലിച്ചുതുറന്ന് ഞാന്‍ ചാടിയെഴുന്നേല്ക്കും. ഒരു സ്വപ്നത്തിന്റെ തീവ്രത ശരിയ്ക്കുമറിയും. ഫുള്‍സ്പീഡില്‍ തിരിയുന്ന ഫാനിന്റെ ചുവട്ടില്‍ ഞാന്‍ വിയര്‍ത്തുകുളിച്ചിട്ടുണ്ടാകും. ഇത് ഞാന്‍ ഇടയ്ക്കിടക്ക് “സ്ഥിരം”കാണാറുണ്ടായിരുന്ന ഭീകരസ്വപ്നങ്ങളിലൊന്നാണ്.
തോട്ടിലോ പുഴയിലോ ഇറങ്ങി കളിക്കുന്ന ദിവസങ്ങിളില്‍ രാത്രി ഞങ്ങളുടെ അമ്പലക്കുളത്തിന്റെ ചുറ്റുമതിലിടിയും ഇടിഞ്ഞമതിലിനോടോപ്പം അഗാധതയിലേക്ക് പതിയ്ക്കുമ്പോള്‍ ഞാന്‍ നിലവിളിച്ചുകൊണ്ടുണരും.
ഇതെല്ലാം പേടിസ്വപ്നങ്ങള്‍.“സ്ഥിരം”കണ്ടിരുന്നവയില്‍ ചിലത് മധുരസ്വപ്നങ്ങളുമുണ്ടായിരുന്നു.
കുഞ്ഞുനാളില്‍ അമ്മയോടുചേര്‍ന്ന് ചൂടുപറ്റി കിടന്നുറങ്ങുമ്പോള്‍ ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തില്‍ മാലാഖകുഞ്ഞുങ്ങള്‍ പറന്നിറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരെന്നെ തലോടും. പുറത്തെ നിലാവില്‍ അവരോടൊപ്പം കളിക്കാന്‍ എന്നെ നിര്‍ബന്ധിയ്ക്കും. അവരെന്‍റെ കൈകളില്‍ പിടിച്ച് വലിക്കും. ഞാന്‍ ചിരിച്ചുകൊണ്ട് അമ്മയോടോന്നുകൂടി ഒട്ടികിടക്കും. ഉറങ്ങുന്ന അമ്മയുടെ കരവലയത്തീന്ന് എന്നെ വേര്‍പെടുത്താനകാതെ കുഞ്ഞുമാലാഖമാര്‍ വിഷണ്ണരായ് മടങ്ങും.
എനിക്ക് പറക്കാന്‍ കഴിയുമായിരുന്നു. ഗ്ലൈഡിങ്ങ്. കൈകള്‍ മുന്നോട്ട് നീട്ടിപിടിച്ച് വായുവിലൂടെ ഞാനിങ്ങനെ തെന്നിനടക്കും. ഈയിടെ കണ്ട ഇംഗ്ലീഷ് സിനിമയില്‍ ചില കഥാപാത്രങ്ങള്‍ ഇങ്ങിനെ പറന്നു നടക്കുന്നത് കണ്ടു. അന്ന് എന്റൊപ്പം പറക്കാന്‍ കൂടിയിരുന്ന തവിട്ടുനിറത്തിലും ചാരനിറത്തിലുമുള്ള രണ്ടു കുരുവികള്‍ ഇന്നുമെന്റെ മനസ്സില്‍ പറന്നു നടക്കുന്നുണ്ട്. ഈ കുരുവികളോടൊപ്പം ഏതെല്ലാം പുഴയും കാടും മലയുമെല്ലാം താണ്ടി പറന്നിരിക്കുന്നു, എന്തെല്ലാം കാഴ്ചകള്‍ കണ്ടിരിക്കുന്നു.
ഇതൊക്കെ ആവര്‍ത്തിച്ചു കണ്ടിരുന്ന സ്വപ്നങ്ങളായതിനാല്‍ ഇപ്പോഴും മനസ്സിലുണ്ട്. ഓരോ കാലങ്ങളില്‍ ഇങ്ങിനെ പലതും കൂടെയുണ്ടായിരുന്നു പിന്നെയെങ്ങോട്ടു മറഞ്ഞുവെന്നറിയില്ല.
ഓര്‍ത്തിരിക്കുന്ന ചില സ്വപ്‌നങ്ങള്‍ ഇനിയും ബാക്കിയുണ്ട്.
ഒരു നട്ടുച്ചനേരം. വിജനമായ റോഡിലൂടെ ഞാനോടുന്നു.
ആരോ എന്നെ ഓടിക്കുന്നതുപോലെയാണ് സീന്‍. അമ്പലത്തിന്റെ പുറമ്മതിലിന്റെ ഓരം ചേര്‍ന്ന് ഞാനോടി. കുളകടവിലെ പൂജാരിമാരുടെ കുളിപുരയില്‍ കയറി വാതില്‍ കൊട്ടിയടച്ചു. കല്പടവുകളിലിരുന്നു കിതക്കുമ്പോള്‍ പുറകില്‍നിന്ന് ആരോ എന്നെ കെട്ടിപുണരുന്നത് ഞാനറിഞ്ഞു. ഞെട്ടി തിരിഞ്ഞപ്പോള്‍ ഒരു മെലിഞ്ഞ കറുമ്പിപെണ്ണ്. അവള്‍ തലയില്‍ കുളിര്‍ക്കെ എണ്ണ പൊത്തിയിട്ടുണ്ട്. മുഖത്തേക്ക് ഒലിച്ചിറങ്ങുന്ന എണ്ണയില്‍ നെറ്റിയിലെ വലിയ കുങ്കുമപൊട്ട് അലിഞ്ഞു ചേരുന്ന കാഴ്ച. ആ കരവലയത്തിനുള്ളിലൂടെതന്നെ ഞാനവളുടെ നേരെ തിരിഞ്ഞു. ആ കണ്ണുകളില്‍ ജ്വലിക്കുന്നതെന്തോ ഞാന്‍ കണ്ടു. എണ്ണയില്‍ മുക്കിയ ആ കറുത്തനഗ്നതയിലൂടെ തെന്നിനീങ്ങുന്ന വെളുത്തകരങ്ങള്‍ക്കൊപ്പം ക്ലോസപ്ഷോട്ടുമായി ഒരു സ്വപ്നവും തെന്നിനീങ്ങുന്ന കാഴ്ച്ച.
പുഴയുടെ തീരത്തെ കുന്നിന്‍ചരുവില്‍ ഞാന്‍ പണിത അമ്പലം. സ്ഫടികത്തില്‍ തീര്‍ത്ത ശ്രീകൃഷ്ണവിഗ്രഹം. ഞാന്‍ തന്നെയാണ് പൂജാരിയും ഭക്തനുമെല്ലാം. ശ്രീകോവിലിനുള്ളിലൊരു നീരുറവയുണ്ട്. അത് ഭഗവാന്‍റെ പാദങ്ങളെ തഴുകി ശ്രീകോവിലില്‍ നിന്നും പടികളിലൂടൊഴുകി അടുത്തുള്ള പുഴയില്‍ ലയിക്കുന്നു. അമ്പലത്തിനടുത്ത് ഒരു ചെറിയ ആല്‍ത്തറ. ശ്രീകോവിലിനുമുന്നില്‍ ഒരു കല്‍മണ്ഡപം. മണ്ഡപത്തില്‍ ഭഗവാനെ തോഴുതുനില്‍ക്കുന്ന ഗരുഡന്റെ ചെറിയ വിഗ്രഹം. കല്‍മണ്ഡപത്തിലിരുന്ന് പച്ചവിരിച്ച വിദൂരതയിലേക്ക് ഞാന്‍ നോക്കിയിരിക്കും.
ഈ വഴി ആരുവരാനാണ്.
സൂര്യന്‍ പടിഞ്ഞാറ് പുഴയില്‍ മുങ്ങിതാഴാനൊരുങ്ങുന്നു.
ദൂരെ നടപ്പാതയില്‍ പ്രത്യക്ഷപ്പെട്ട ഒരു കറുത്തപൊട്ട്. അടുത്തെത്തിയപ്പോള്‍ അത് “കനി”യായ് മാറുന്നു. അബ്ദുള്‍ഖനിയെന്ന കനിസായ്‌വ്.
ഏതാണ്ട് നാലരയടി പൊക്കം.
മുതുകത്തൊരു മുഴ.
ഒട്ടും കട്ടിയില്ലാത്ത താഴേക്ക് ഒലിച്ചിറങ്ങുന്ന മീശ, ഊശാന്‍ താടി.
നെറ്റിയില്‍ നിസ്കാരതഴമ്പ്.
ജുബ്ബാ പോലെ നീളത്തിലും ലൂസിലും തയ്പ്പിച്ച്ചൊരു നെടുങ്കന്‍കുപ്പായം.
നീലനിറത്തിലുള്ള കള്ളിമുണ്ട്.
കറുത്ത തുകലിന്റെ ഷൂ. ഇതാണ് കനിസായ്‍വിന്റെ രൂപം.
മരം അറുക്കലാണ് അദ്ദേഹത്തിന്‍റെ ജോലി. വെട്ടിയിട്ടമരത്തിനെ ഓരോ സൈസ്സിലുള്ള ഉരുപ്പടിയാക്കുവാന്‍ ആ നാട്ടുകാര്‍ക്ക് സായ്‍വിന്‍റെ സഹായം കൂടിയേ തീരൂ. ചുരുട്ടികെട്ടിയ അറക്കവാള്‍ ഒരു കൈയ്യിലും മറ്റ് അനുബന്ധസാമഗ്രികളും വര്‍ക്കിംഗ് ഡ്രെസ്സുമടങ്ങിയ തുണിസഞ്ചി തോളിലും തൂക്കിയാല്‍ കനിസായ്‍വിന്റെ പ്രോഫേല്‍ പൂര്‍ത്തിയായി.
കെട്ടും സഞ്ചിയുമെല്ലാം ആല്‍ത്തറയിലിറക്കി വച്ച് കനിസായ്‌വ് എന്നെ നോക്കി. ഞാന്‍ ചിരിച്ചു. “എന്താ സായ്‌വേ…… ഈ വഴിയൊക്കെ”. കുശലാന്വേഷണത്തോടെ ഞാന്‍ സംസാരത്തിന് തുടക്കമിട്ടു. സായ്‌വ് ചിരിച്ചു. “പുഴയ്ക്കക്കരെ ആ പോലീസുകാരന്‍മാപ്ലേടെ പറമ്പില് രണ്ട് പ്ലാവ് മുറിച്ചിട്ടിട്ടുണ്ട്.
അതൊന്ന് അറുത്തു കൊടുക്കണം. അതിനുള്ള പോക്കാണ്”.
സൂര്യന്‍ പുഴയില്‍ താഴ്ന്നു തുടങ്ങി.
“ഹൊ… സന്ധ്യയായ് ല്ലേ. നിയ്ക്കൊന്നു നിസ്കരിയ്ക്കണമല്ലോ.”സായ്‌വ് എന്നെ നോക്കി.
“അതിനെന്താ സായ്‌വേ………… നിങ്ങളിവിടെ നമസ്കരിചോളീന്‍”. കല്‍മണ്ടപം ചൂണ്ടികാട്ടി ഞാന്‍ പറഞ്ഞു.
ദേഹശുദ്ധി വരുത്താനായി സായ്‌വ് പുഴയിലേക്കിറങ്ങിയപ്പോള്‍ സന്ധ്യാദീപം തെളിയിക്കാനായി ഞാന്‍ അമ്പലത്തിനുള്ളില്‍ കടന്നു.
അകത്തേയും പുറത്തേയും വിളക്കുകളെല്ലാം കൊളുത്തിയ ശേഷം കല്‍മണ്ടപത്തില്‍ ഗരുഡന്റെ വിളക്കുകൊളുത്തുമ്പോള്‍ ഞാനാകാഴ്ച കണ്ടു. ഇരുള്‍ വീണുതുടങ്ങിയ കല്‍മണ്ടപത്തില്‍ ഗരുഡന്‍വിളക്കിന്റെ വെളിച്ചത്തില്‍ അല്ലാഹുവില്‍ മനസ്സര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന കനി സായ്‌വ്.
“അവുദ് ബില്ലാഹി മിന ശെയ്താനു റജീം.
ബിസ്മില്ലാഹി റഹ്മാന് റഹീം……..”
മണ്‍വിളക്കുകള്‍ പകര്‍ന്ന മഞ്ഞവെളിച്ചത്തിന്റെ ശോഭ ഉള്‍ക്കൊണ്ട് ക്യാമറ ഒരു ലോങ്ഷോട്ടിലേക്ക് കുതിയ്ക്കുമ്പോള്‍ പെട്ടെന്ന് സ്റ്റക്കായി.
ദീപാലകൃതമായ അമ്പലവും ഞാനും അബ്ദുള്‍ഖനി സായ്‌വും. കുറേനേരം അനങ്ങാതെ നില്‍ക്കുന്ന ആ സീനോടെ അവസാനിക്കുന്ന ഒരു സ്വപ്നം അങ്ങിനേയും.
ഇന്ന്…… .
ഇനി ഈ വരണ്ടമനസ്സില്‍ സ്വപ്‌നങ്ങള്‍ മുളയ്ക്കുമോന്ന് സംശയിക്കുമ്പോഴും നല്ല തിരക്കഥകളൊരുക്കി കണ്ണും പൂട്ടി ഞാന്‍ കിടക്കുന്നു ………………………….. ഒരു സ്വപ്നം കാണാനായെങ്കില്‍.

