കവിത : ജോയി ജോൺ*

അർബുദം കാർന്നവൻ്റ
വ്രണിത ഹൃദയാറകളിലൊഴുകി താളം
മുറിഞ്ഞ രക്തചംക്രമണമേറ്റ്
മരവിച്ച ദേഹിയും ജനിതകമാറ്റം
വന്ന കോശങ്ങളെരിച്ച ദേഹവും
തമ്മിലുള്ള രാസപ്രവർത്തനമാണ്
കീമോതെറാപ്പി!

പ്രതിപ്രവർത്തനത്തിൻ്റെ കറുത്ത
വടുക്കളേറ്റ ദേഹം,
പുറംതൊലി പൊഴിച്ച്‌ ,
വരണ്ട ഊഷരത്തിലെത്തുമ്പോൾ,
രാസവസ്തുക്കൾ ആഴ്ന്നിറങ്ങിയ
തലച്ചോറിനുള്ളിൽ ,
നാളെയുടെ ചിന്തകൾ വിറുങ്ങലിച്ച്
തളം കെട്ടിക്കിടക്കും

ഇനിയും സാക്ഷാത്ക്കരിക്കപ്പെടേണ്ട
സ്വപ്നങ്ങളൾക്കു മേൽ രാസ തന്മാത്രകളാഴ്ന്നിറങ്ങുമ്പോൾ,
ജീവ കോശങ്ങൾ പൊട്ടിയൊഴുകുന്ന
ചുടുകണ്ണീർ ,
പീലികൾ കൊഴിഞ്ഞ കൺപോളകൾക്ക്
ചുറ്റും
ഇരുണ്ട വലയമൊരുക്കുന്നത് കാണാം

വിഷം തീണ്ടിയ ഉടലിൽ പറ്റിക്കിടക്കുന്ന
അവശേഷിച്ച പ്രാണൻ്റെ പിടച്ചിൽ ,
അർബുദം കാർന്നവൻ്റെ
എണ്ണപ്പെട്ട ദിനങ്ങളുടെ സമയചൂചികയാണ്,
എല്ലുംകൂടേലൊട്ടിയ ദേഹം
ദേഹിയെ വെടിയുന്ന ദിനം
തേടിയോടുന്ന സൂചി.

By ivayana