ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജകുടുംബമാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിൻഡ്സർ കാസിലില്‍ രാവിലെയായിരുന്നു പ്രിൻസ് രാജകുമാരന്റെ അന്ത്യം. അണുബാധയെ തുടര്‍ന്ന് ഫിലിപ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ടു.

ഹൃദയ ധമനികളിലെ തടസ്സം അടക്കം നിരവധി രോഗങ്ങള്‍ മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫിലിപ് രാജകുമാരന്‍ മൂന്നു വര്‍ഷത്തോളമായി പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. രാജ്ഞിയും രാജകുമാരനും മാര്‍ച്ചില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.ഔദ്യോഗികമായി പ്രത്യേക പദവികളൊന്നും ഇല്ലായിരുന്നെങ്കിലും 70 വര്‍ഷമായി റോയൽ കുടുംബത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു ഫിലിപ് രാജകുമാരൻ. ഫിലിപ്പിന്റെ പെരുമാറ്റത്തെക്കുറിച്ചും ചില  പരാമർശങ്ങളെക്കുറിച്ചും പലപ്പോഴും വിമർശനം ഉയർന്നിട്ടുണ്ടെങ്കിലും എലിസബത്ത് രാജ്ഞിയുടെ ഏറ്റവും അടുത്ത വിശ്വസ്തനെന്ന നിലയിൽ അദ്ദേഹം രാജഭരണത്തിന് വിവേകവും ബുദ്ധിയും ഊർജ്ജവും കൊണ്ടുവന്നുവെന്ന് സുഹൃത്തുക്കൾ വിലയിരുത്തുന്നു.

1947 നവംബർ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. ‌ലോകമഹായുദ്ധത്തിന് ശേഷം രാജവംശത്തെ ആധുനികവത്കരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ബ്രിട്ടീഷ് നാവക സേനാംഗമായിരുന്ന ഫിലിപ് 1921 ജൂൺ 10ന് ഗ്രീക്ക്- ഡാനിഷ് രാജകുടുംബത്തിലാണ് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധ കാലത്താണ് അദ്ദേഹം നാവികസേനയിൽ പ്രവർത്തിച്ചത്. 1952ൽ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായത് മുതൽ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു. 2017 ഓഗസ്റ്റിൽ ഫിലിപ് 65 വർഷം നീണ്ട പൊതുജീവിതത്തിൽനിന്നു വിടവാങ്ങി.

By ivayana