കഥാരചന : സച്ചു*
“നിന്നെ ചുംബിച്ചു ചുംബിച്ചു നിന്റെ ശിരസ്സിൽ പൂക്കുന്നൊരുഭ്രാന്താവണമെനിക്ക്
നീയറിയാതെ എന്നിലും ഒരു മഴ പോലെ നിന്നോടുള്ള പ്രണയം പെയ്തിറങ്ങുന്നുണ്ട് !!…
നിനക്കായ് മാത്രം…
തനിക്കരികിൽ മുഖം താഴ്ത്തി ഇരിക്കുന്ന കനിയുടെ മുഖം ഒരു കൈ കൊണ്ട് പൊക്കി തന്നോട് അഭിമുഖമാക്കി ചേർത്തു വെച്ചാണ് അർജുൻ ഇത്രയും പറഞ്ഞവസാനിപ്പിച്ചത്….
അവൾക്കായി എഴുതിയ വരികൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ പ്രണയം തുളുമ്പുന്ന വാക്കുകൾ കേട്ട് അവളുടെ മുഖം ചെമ്പക പൂവ് പോലെ ചുവക്കുന്നതും കണ്ണുകളിൽ തന്നോടുള്ള പ്രണയവുമായിരുന്നു പ്രതീക്ഷിച്ചത് …
പക്ഷെ പ്രതീക്ഷയ്ക്ക് വിപരീതമായി അവളുടെ കണ്ണുകൾ കലങ്ങി ചുവന്നിരിക്കുന്നു…
കണ്ണുകളിൽ പ്രണയത്തിനു പകരം ആരെയോ ദഹിപ്പിക്കാനുള്ള ഒരു അഗ്നിയായിരുന്നു അവന് കാണാൻ കഴിഞ്ഞത്.
ആ കണ്ണുകളിൽ നിന്ന് ഒരു കണ്ണുനീർ തുള്ളി ആ ചുവന്ന കവിളിലൂടെ ഒലിച്ചിറങ്ങുന്നു. ഇപ്പോൾ അവളുടെ കണ്ണുകളിൽ അഗ്നിയല്ല പകരം അവളുടെ കണ്ണുകളിൽ ഭയത്തിന്റെ നിഴലുകളാണ്….
അവൾ എന്റെ കൈകൾ ശക്തിയായി തട്ടി മാറ്റി എന്നിൽ നിന്നും അകന്നിരുന്നു…
“അർജുൻ നീയെന്നെ തൊടരുത്…
എനിക്ക് പേടിയാണ്…..
അതിലുപരി നിന്റെ വിരൽസ്പർശമേൽക്കുമ്പോൾ അറവു മാടിനെ പ്രീതിപ്പെടുത്തുന്ന ഇറച്ചിക്കഷ്ണങ്ങളെ മാത്രം സ്നേഹിക്കുന്ന കശാപ്പ്കാരനെ പോലെയാണ് തോന്നുന്നത്……
അല്പം അകന്നിരിക്കൂ…
കണ്ണുകൾ നിറച്ചു കൈ കൂപ്പി യാചിക്കുന്നതുപോലെ അവൾ പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു…..
“കനി…..
നിനക്കെന്നെ ഇഷ്ടമല്ലായിരുന്നെങ്കിൽ അത് തുടക്കത്തിലേ പറയാമായിരുന്നില്ലേ…
എന്തിനായിരുന്നു കല്യാണത്തലേന്നുള്ള ഈ കൂടി കാഴ്ച പോലും…
ഒഴിവാക്കാമായിരുന്നില്ലേ ആദ്യമേ….
വീട്ടുകാരുടെ സമ്മതത്തോടെ അല്ലേ നമ്മൾ ഒത്തു ചേരാമെന്നും ഒരുമിച്ച് ഒരു ജീവിതം തുടങ്ങാം എന്നും തീരുമാനിച്ചത്.
ഒടുവിൽ ഈ അവസാന വേളയിൽ ഇപ്പോൾ എന്താ ഇങ്ങനെ…
എന്തിനാണെന്നോടിത്രയും വെറുപ്പ്..
ഞാൻ…
ചുരുങ്ങിയ ദിവസങ്ങൾ ആയതെ ഉള്ളൂ നമ്മൾ തമ്മിൽ അറിയാനും, ഹൃദയം തുറന്നു സംസാരിക്കാനും തുടങ്ങിയിട്ട്….
ഈ ഒരു കാലയളവിൽ ഞാനറിയാതെ എന്തെങ്കിലും തെറ്റ് ചെയ്തിരുന്നുവോ നിന്നോട്.? “
എന്റെ വാക്കുകൾ ഇടറുന്നത് കണ്ടിട്ടാവാം പെട്ടെന്ന് തന്നെ കണ്ണുകൾ തുടച്ചു സമനില വീണ്ടെടുത്തു അവൾ സംസാരിച്ചു തുടങ്ങി…
“വെറുപ്പോ… എനിക്ക് അർജ്ജുനെ ഒരിക്കലും വെറുക്കാൻ പറ്റില്ല… “
അത് കേട്ട അർജ്ജുൻ വീണ്ടും ആശയക്കുഴപ്പത്തിലായി…..
“കനി അപ്പോൾ പിന്നെ ഈ ഒഴിഞ്ഞു മാറലിന്റെ അർത്ഥം എന്താണ്….
നിനക്ക് എന്നെ നിന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണോ?
എന്റെ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖത്ത് കൃത്രിമമായ ഒരു പുഞ്ചിരി വിരിയിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…
കലങ്ങിച്ചുവന്ന കണ്ണുകളും ആ സുന്ദരമായ മുഖത്തിന് ചേരാത്തവണ്ണമുള്ള പുഞ്ചിരിയും ഒത്തു ചേർന്നപ്പോൾ ഭയവും കൗതുകവും കലർന്ന അവസ്ഥയിലായിരുന്നു ഞാൻ “
“എനിക്കിഷ്ടമാണ് അർജ്ജുൻ നിന്നെ…..
ഇഷ്ടം എന്ന് പറഞ്ഞാൽ ഒത്തിരി….
പക്ഷെ ദാ നമ്മൾ ഇത്രയും അകലത്തിൽ ഇരിക്കുമ്പോൾ മാത്രം..
പക്ഷേ അടുത്തേക്ക് വരുമ്പോൾ എന്നെ സ്പർശിക്കുമ്പോൾ എനിക്കത് ഉൾക്കൊള്ളാൻ ആവുന്നില്ല അർജ്ജുൻ… “
അവളുടെ ഓരോ വാക്കുകളും എന്നെ കൂടുതൽ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു….
ഏറെ നേരത്തേക്ക് ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല..
നിശബ്ദതയെ കീറി മുറിച് ഞാൻ തന്നെ സംസാരിച്ചു തുടങ്ങി
ഒരുമിച്ച് ഒരു ജീവിതം ആരംഭിക്കാൻ തുടങ്ങുന്നവരാണ് നമ്മൾ….
എന്റെ ജീവിതവും ജീവനുമായി മരണം വരെ എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഉറങ്ങേണ്ടവൾ ആണ് നീ…
എന്റെ സുഖ ദുഃഖങ്ങളിൽ എന്നോടൊപ്പം ചേർന്നിരിക്കേണ്ടവളാണ് നീ…
എന്നിട്ടും ഒരു വിരൽ സ്പർശനത്താൽ പോലും നിൻ അരികിൽ വരരുത് എന്ന് പറയുമ്പോൾ ഉൾക്കൊള്ളാൻ ആവുന്നില്ല കനി എനിക്ക്…
അർജ്ജുൻ നിനക്ക് തീരുമാനം എടുക്കാൻ ഇനിയും സമയമുണ്ട്, ലൈഫ് ഒന്നേ ഉള്ളൂ…
ഇങ്ങനെ ഉള്ള ഒരുവളെ നിനക്ക് ഭാര്യ ആയി വേണോ എന്ന് തീരുമാനിക്കാൻ ഇനിയും സമയമുണ്ട്…
കനി ഇപ്പോൾ ഞാൻ നിന്റെ കവിളിൽ സ്പർശിച്ചു എങ്കിൽ നിന്നെ എന്റെ പാതി ആയി കണ്ടത് കൊണ്ട് മാത്രമാണ്…. ഇനിയും നിനക്ക് എന്നെ മനസ്സിലാക്കാൻ സാധിക്കുന്നില്ലേ…
അവളുടെ കണ്ണിലെ ചുവപ്പ് മാറി മുഖത്ത് വീണ്ടും ചിരി പടർന്നു…
അവളിലെ സുന്ദരമായ ഈ ചിരി കാണുമ്പോൾ ഉള്ളിലെ പ്രണയം നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നുവെങ്കിലും കയ്യും കാലുമൊക്കെ ചങ്ങലയാൽ ബന്ധിച്ചതുപോലെ…
എന്റെ ഉള്ളിലെ പ്രയാസം തിരിഞ്ഞറിഞ്ഞതിനാലാവാം അവൾ വീണ്ടും സംസാരിച്ചു തുടങ്ങി…
“അർജ്ജുൻ… ഞാനൊരു കഥ പറയട്ടെ.? “
എനിക്കായി പ്രണയ വരികൾ എഴുതിയ അർജുന് ഞാനൊരു കഥ പറഞ്ഞു തരാം…
മറുപടിയായി ഞാനൊന്നു മൂളുക മാത്രം ചെയ്തു…
അവൾ പറഞ്ഞു തുടങ്ങി….
“ഒരിടത്തൊരു കുഞ്ഞു പെൺകുട്ടി ഉണ്ടായിരുന്നു….
പൂക്കളേയും, പൂമ്പാറ്റയേയും, മഞ്ചാടി മണികളെയും, നക്ഷത്രങ്ങളെയും, ഇഷ്ടപ്പെടുന്ന കുട്ടി. അധികം ആഗ്രഹങ്ങൾ ഒന്നുമില്ലെങ്കിൽ കൂടി കിട്ടിയതിൽ പൂർണ സന്തുഷ്ടയായിരുന്ന ഒരു കൊച്ചു മിടുക്കി …
ആ കൊച്ചു കുട്ടിക്ക് കൂട്ടായി ഒരു കുഞ്ഞനുജനും, ഒരു ചേച്ചി പെണ്ണും മാത്രമായിരുന്നു കൂട്ട്…
ഒരു കുഞ്ഞു തറവാടും മുറ്റത്തു വിടരുന്ന പൂക്കളും, തനിക്കൊപ്പം കളിക്കാൻ വരുന്ന കുഞ്ഞു കുട്ടികളും അടങ്ങുന്നതായിരുന്നു അവളുടെ ലോകം…
അതുകൊണ്ട് തന്നെ പുറം ലോകത്തെ മായ കാഴ്ചകളിൽ അവൾ വ്യാകുലപ്പെട്ടിരുന്നില്ല….
വർഷത്തിൽ ഒരിക്കൽ ഉണ്ടാവുന്ന ഓണത്തിനും വിഷുവിനും കുടുംബക്കാർ ഒത്തു കൂടുക എന്നതിൽ ഉപരി അവളുടെ ആഘോഷങ്ങളും വളരെ ചുരുക്കമായിരുന്നു…
സ്നേഹിക്കാൻ മാത്രമറിയുന്ന ആ കുഞ്ഞു കുട്ടി പൂമ്പാറ്റയെ പോലെ പാറി നടന്നു….
എല്ലാ പ്രാവശ്യത്തെ പോലെ അന്നും ഒരു ഓണത്തിന് കുടുംബക്കാർ എല്ലാം ഒത്തു കൂടിയിരുന്നു തറവാട്ടിൽ….
ഉച്ചയ്ക്കത്തെ ഊണും കാര്യങ്ങളും എല്ലാം കഴിഞ്ഞപ്പോൾ വീട്ടിലെ സ്ത്രീകൾ എല്ലാം കൂടി നാട്ടു വർത്താനങ്ങളുമായി അടുക്കളയിൽ കൂടിയപ്പോൾ പുരുഷ കേസരികൾ പുറത്ത് മദ്യ സേവയിൽ ആയിരുന്നു….
കുട്ടികൾ എല്ലാവരും ഓരോ തരം കളിയിലും… കളികളിൽ കുട്ടികൾ ലയിച്ചപ്പോൾ പെട്ടെന്ന് ആ കുട്ടികളുടെ ഇടയിലേക്ക് വലിയച്ഛൻ കടന്നു വരുകയുണ്ടായി…
പതിയെ വലിയച്ഛനും അവർക്കൊപ്പം കളിയിൽ കൂടി….
ഇതുവരെ തങ്ങൾക്കൊപ്പം കൂടാത്ത വലിയച്ഛൻ അവർക്കൊപ്പം കൂടിയപ്പോൾ ഒത്തിരി സന്തോഷിച്ചിരുന്നു കുട്ടികൾ എല്ലാം…
വലിയച്ഛൻ കൂടി വന്ന സ്ഥിതിക്ക് എന്ത് കളിക്കും എന്നാലോചിച്ചിരിക്കുമ്പോഴാണ് കൂട്ടത്തിൽ ഉള്ള ഒരാൾ പറഞ്ഞത് ഒളിച്ചും പാത്തും കളിക്കാം എന്ന്….
എല്ലാവർക്കും ആ കളി ഇഷ്ടമായത് കൊണ്ട് തന്നെ അവർ ആ കളിക്ക് സമ്മതിച്ചു…
ആ കുട്ടീടെ ചേച്ചി ആയിരുന്നു ആദ്യം പൊത്തിയത് അതുകൊണ്ട് തന്നെ മറ്റു കുട്ടികൾ എല്ലാവരും ഒളിക്കാൻ ഓരോയിടം തിരഞ്ഞെടുത്തപ്പോൾ വലിയച്ഛനും ആ കുട്ടിയും തിരഞ്ഞെടുത്തത് തറവാട്ടിലെ തട്ടിൻ പുറമായിരുന്നു…
ആരും കടന്നു വരാത്ത സ്ഥലത്തേക്ക് ആ കുട്ടിക്ക് പോകാൻ ഭയമുണ്ടെങ്കിലും കൂട്ടിന് വലിയച്ഛൻ ഉള്ളത് കൊണ്ട് തന്നെ ആ കൊച്ചു കുട്ടി എപ്പോഴും സുരക്ഷിത ആയിരിക്കും എന്ന് കരുതി തട്ടും പുറത്ത് വലിയച്ഛനോടൊപ്പം പോയി ഒളിച്ചു…
പുറമെ നിന്ന് ആര് തന്നെ നോക്കിയാലും രണ്ട് പേർ അവിടെ ഇരിക്കുന്നത് ശ്രദ്ധിക്കാത്ത രീതിയിൽ അവർ അടുത്തിരുന്നു…
അൽപ സമയത്തിന് ശേഷം അവളെ അയാളുടെ മടിയിൽ കയറ്റി ഇരുത്തി..
എന്നിട്ട് അവളുടെ കണ്ണുകൾ നോക്കി പറഞ്ഞു അവൾ മനോഹരിയാണെന്നു…
അവളത് കേട്ട് എന്തിനെന്നറിയാതെ നാണിച്ചു ചിരിച്ചു..
അവളുടെ തുടുത്ത കവിളുകളിൽ അയാൾ പതിയെ ചുംബിച്ചു…
മദ്യത്തിന്റെ രൂക്ഷഗന്ധം അവളുടെ മൂക്കിൽ തട്ടിയപ്പോൾ അവൾ എതിർക്കാൻ ശ്രമിച്ചു
പക്ഷെ ഒരു കുഞ്ഞു കുട്ടിയുടെ എതിർപ്പ് അത്രയും ബലവാനായ അയാളുടെ കൈകളിൽ ഒന്നുമല്ലായിരുന്നു…
പിന്നീട് അയാൾ അവളുടെ വസ്ത്രങ്ങൾ എല്ലാം അഴിച്ചെടുത്തു വിവസ്ത്രയാക്കിയതിന് ശേഷം അയാളുടെ ഇറച്ചി കഷ്ണം അവളുടെ കാലുകൾക്കിടയിൽ തിരുകി കയറ്റി
അവൾ വേദനയും സങ്കടവും സഹിക്കവയ്യാതെ അലറിക്കരഞ്ഞു….
അയാളപ്പോൾ അവളുടെ വാ കൂടുതൽ പൊത്തിപ്പിടിച്ചു..
അവൾ ശ്വാസം കിട്ടാതെ പ്രാണവേദനയാൽ പിടഞ്ഞു….
മദ്യത്തിന്റെ ലഹരിയിൽ തന്റെ അനിയന്റെ മകൾ ആണ് എന്ന് പോലും ഓർക്കാതെ അവളെ പിച്ചി ചീന്തി….
ഒടുക്കം കാലുകൾക്കിടയിൽ നിന്ന് രക്ത തുള്ളികൾ വാർന്നൊലിച്ചപ്പോൾ അവൾക്ക് എല്ലാം നഷ്ടമായിരുന്നു…
അന്ന് മുതൽ ആണ് പൂമ്പാറ്റയെ പോലെ പാറി നടന്ന അവളുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും ഇല്ലാതെ ആയത്…
അന്ന് മുതലാണ് മറ്റൊരാളുടെ സ്പർശനം ദേഹത്ത് പതിക്കുമ്പോൾ ഇറച്ചി കഷ്ണങ്ങൾക്ക് മാത്രം വില കൊടുക്കുന്ന ഒരു കാശപ്പുകാരനെ ഓർമ വരുന്നത് …
കനി പറഞ്ഞ കഥ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു….
അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു…
അവൾ വീണ്ടും തുടർന്നു….
അർജുൻ ഞാൻ ഒന്ന് ചോദിച്ചോട്ടെ….
ഒരു പിറന്നു വീണ കുഞ്ഞിന്റെ മുന്നിൽ നമ്മൾ വിവസ്ത്രരായി നിന്നാൽ ആ കുഞ്ഞിന് കാമം തോന്നുമോ….
അതുപോലെ തന്നെയാണ് തലയും മുലയും ഉറയ്ക്കാത്ത ഒരു കുട്ടിയുടെ മുന്നിൽ ഒരാൾ വിവസ്ത്രനായി നിന്നാൽ ആ കുട്ടിക്ക് കാമമല്ല ഉണ്ടാവുക ഒരു തരം ഭയമായിരിക്കും….
പിഞ്ചു കുഞ്ഞുങ്ങളിൽ പോലും കാമം കണ്ടെത്തുന്ന ഇങ്ങനെ ഉള്ള ആളുകൾ ജീവിക്കുന്ന ഈ ലോകത്തിൽ ഞാനും ഒരു ഇര മാത്രം…
എന്നെ പോലെ ഒത്തിരി കനികളെ നമുക്ക് ചുറ്റും കാണാൻ സാധിക്കും അർജുൻ…
ചിലർ എല്ലാം സഹചര്യവുമായി പൊരുത്തപെട്ടു ജീവിക്കാൻ നിർബന്ധിതയാകുന്നു….
മറ്റു ചിലരാവട്ടെ ഇന്നും അവരുടെ ഭൂത കാല ഓർമകളിൽ നിന്ന് വിമുക്തമാവാതെ ഓരോ ദിവസവും നീറി നീറി കഴിയുന്നു….
അർജുൻ നിനക്ക് അറിയുമോ ഞാനൊന്നു ഉറങ്ങാൻ കൊതിക്കുന്നു വർഷങ്ങളായി….
പതിയെ പതിയെ ഞാൻ എല്ലാം മറക്കും എന്ന് കരുതുമ്പോഴും ദിവസങ്ങൾ കഴിയും തോറും എന്റെ മനസിൽ ആ ചിത്രം കൂടുതൽ തെളിഞ്ഞു വരുന്നത് പോലെ …
ഓരോ രാത്രികളിലും ഞാൻ ആ ഇറച്ചിക്കഷ്ണവും രക്തപാടുകളും ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റിട്ടുണ്ട്….
എന്റെ മനസ്സിലെ വർണങ്ങളും സ്വപ്നങ്ങളും, എല്ലാം ആ ഒരു ദിവസം കൊഴിഞ്ഞു വീണിരുന്നു അർജുൻ.
അർജുൻ ഒരു പെണ്ണിനെ കീഴ്പെടുത്തേണ്ടത് അവളുടെ ശരീരത്തിൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണോ?
ആരും തൊട്ടു നോക്കാൻ മടിക്കുന്ന അവളുടെ മനസിനെയും സ്വപ്നങ്ങളെയും അടുത്തറിഞ്ഞു കൊണ്ടല്ലേ ഒരു പെണ്ണിനെ കീഴ്പെടുത്തേണ്ടത്…..
നിമിഷ നേരത്തെ കാമ പൂർത്തീകരണത്തിന് വേണ്ടി പച്ചയായ ശരീരത്തിൽ അവളെ കുത്തി മുറിവേല്പിക്കുമ്പോൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ അവൾക്കും ഒരു മനസ്സ് ഉണ്ടെന്ന്…?
ഒരു പെൺകുട്ടി സമൂഹത്തിൽ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് ഈ ചൂഴ്ന്നു നോട്ടം….
അർജുൻ ചോദിച്ചില്ല……
പിന്നെ എന്തിന് വേണ്ടി ആയിരുന്നു ഈ കൂടി കാഴ്ച എന്ന്….
എല്ലാം തുറന്നു പറയാൻ ഉള്ള ഒരു അവസരമായി ആയിരുന്നു ഞാൻ ഇതിനെ കണക്കാക്കിയത്….
അർജുൻ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മാത്രമാണ് ഞാൻ ഈ കല്യണത്തിന് സമ്മതിച്ചത്.
പറഞ്ഞു മുഴുമിപ്പിക്കുന്നതിനിടക്ക് അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു…
“എനിക്കതിനു പറ്റില്ലെന്ന് ഉറപ്പായി അർജുൻ…
എന്റെ സ്വാർത്ഥമായ ചിന്തയിൽ എന്റെ വീട്ടുകാരുടെ സന്തോഷത്തിന് വേണ്ടി മറ്റൊരു ചെറുപ്പക്കാരന്റെ ജീവിതം കൂടി നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല …..
അത് പറഞ്ഞു അവൾ വീണ്ടും അകന്നിരുന്നു…!
അവളെ ചേർത്തു നിർത്തി നിനക്ക് ഞാനുണ്ടെന്ന് പറഞ്ഞു ആശ്വസിപ്പിക്കനമെന്നുണ്ട്…
അല്പം നേരം ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല….
പിന്നീട് മൗനം ദീർഖിപ്പിക്കുന്നതിനു മുന്നേ ഞാൻ തന്നെ പതിയെ അവളോട് സംസാരിച്ചു തുടങ്ങി…
“കനി.. തൊട്ടടുത്ത സ്ട്രീറ്റിൽ ഒരു കൾച്ചർ ഫെസ്റ്റ് നടക്കുന്നുണ്ട് അവിടെ നല്ലൊരു ബട്ടർഫ്ലൈ ഷോ നടക്കുന്നുണ്ട്….
നമുക്കൊന്ന് പോയി നോക്കിയാലോ… “
പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട കനിയുടെ മുഖത്ത് അമ്പരപ്പും സന്തോഷവും ഒരുമിച്ചു നിറയുന്നത് കാണാമായിരുന്നു……
ചുമ്മാ വാടോ മാഷേ….
“ദാ.. ഇത്ര അകലെ നിന്നു കൊണ്ട് ഒരു വിരൽ സ്പർശനം പോലുമില്ലാതെ എന്റെ പ്രണയം നിനക്ക് ആസ്വദിക്കാൻ കഴിയുമോ എന്ന് നോക്കാമല്ലോ….
അർജുൻ ഞാൻ…..
ചുമ്മാ വാടോ മാഷേ പുഴുവാണെന്ന് പറഞ്ഞു അകറ്റി നിർത്തിയവർക്ക് മുൻപിൽ തന്റെ സ്വപ്നങ്ങൾ വീണ്ടെടുത്ത്, അവർക്ക് മുൻപിൽ തന്നെ മനോഹരമായ ചിറകുകൾ വിടർത്തി അവരെ കൊണ്ട് തന്നെ മനോഹരമാണെന്ന് പറയിപ്പിച്ച ഒത്തിരി പൂമ്പാറ്റകളെ നിനക്ക് ഞാൻ കാണിച്ചു തരാം…
എന്റെ വാക്കുകളുടെ അർത്ഥം കനിക്ക് മനസിലാക്കാൻ സാധിച്ചിരുന്നു…
ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആദ്യമായി എനിക്ക് നേരെ അവളുടെ കൈകൾ നീട്ടിയിരിക്കുന്നു ഇപ്പോൾ…
ആദ്യമായ് കനിയുടെ മിഴികളിൽ പ്രണയത്തിന്റെ ആഴവും പരപ്പും എനിക്ക് കാണാൻ സാധിച്ചിരുന്നു….
ഇത്രയേറെ മനോഹരിയായി ഞാനവളെ കണ്ടിട്ടില്ല…
നടന്നകളുമ്പോഴും അവൾക്കുറപ്പായിരുന്നു തന്റെ കൈകൾ ഇരിക്കുന്നത് തന്റെ സ്വപ്നങ്ങൾക്ക് ചിറകാവുന്നവന്റെ കൈകളിലാണെന്ന് ….
ശുഭം….😊
ഈ കഥ ഞാൻ അറിയുന്ന ഒരു വ്യെക്തിയുടെ ജീവിതത്തിൽ സംഭവിച്ച കഥയാണ്…
ചില സാങ്കൽപിക രംഗങ്ങൾ കൂട്ടി ചേർത്തു കഥയാക്കാനൊരു ശ്രമം നടത്തി എന്ന് മാത്രം…!

