രചന : മനോജ് മുല്ലശ്ശേരി*

ഞാനിനിയെത്ര നാൾ കാത്തിരിക്കേണം.
കളിയും,ചിരിയുമായി ആർത്തുല്ലസ്സിച്ച്
അല്ലല്ലെന്തന്നറിയാതെ ആമോദത്തോടെ
വാണിരുന്നെൻ സ്വഗൃഹത്തിലേക്ക് –
വന്നീടാൻ.

വെട്ടിത്തിളങ്ങും പട്ടുചേലയിൽ
സർവ്വാഭരണ വിഭുഷികയായി
ഉറ്റവരും, ഉടയവരുമില്ലാതെ
ഉടഞ്ഞഹൃത്തുമായി മംഗല്യസൂത്രം
നല്കീടും പവിത്രമാം ബന്ധത്തിൻ
കെട്ടുറപ്പിൽ മറ്റൊരു ഭവനത്തിൻ ഭാഗമായി.

ദുഃസ്വപ്‌നങ്ങൾ ചെക്കേറിയ നിദ്രകളിൽ
ഭയത്താൽ അലറിവിളിച്ചീടും നേരം
നേഞ്ചോട് ചേർത്തുറക്കിയ മാതൃത്വത്തിൻ
കരങ്ങളിന്നകലെ.

ചത്വരമൊട്ടുക്കെ നട്ടു നനയ്ച്ചു ഞാൻ
വളർത്തി വലുതാക്കിയ ചെടികളിൽ
മലരുകൾ നിറഞ്ഞ് സൗരഭ്യം
പരത്തിയതും ഞാനറിയുന്നില്ല.

ജാലക പഴുതിലൂടെ വിരൽ നീട്ടിയെന്നെ
സ്പർശിക്കും അരുണകിരണങ്ങളെ
നീ കണ്ടുവൊയെൻ രക്തബന്ധങ്ങളെ.

കൊഴിയും ദിനങ്ങളെ കരശാഖയിലെണ്ണി
എനിക്കായ് കാത്തിരിക്കും അമ്മമാനസം
ഞാനറിയുന്നു.
എത്തിടാം ഞാൻ ശരവേഗതയിൽ
സ്വവസതിയിലതിഥിയായി.

മനോജ് മുല്ലശ്ശേരി

By ivayana