മായ അനൂപ്.

പൊന്നിൻ ചിങ്ങമാസത്തിൽ വന്നണയുന്ന തിരുവോണവും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഡിസംബർ മാസത്തിലെ ക്രിസ്ത്മസും പോലെ തന്നെ,മലയാളികളുടെ മനസ്സിൽ എന്നും ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്ന ഒന്നാണ് പൊന്നിൻ കണിക്കൊന്ന പൂക്കളുമായി മനസ്സിൽ വന്നു വിരിയുന്ന ഈ മേടവിഷുപ്പുലരിയും…..

മറ്റെല്ലാ ആഘോഷങ്ങളും പോലെ തന്നെ, കുട്ടിക്കാലത്തെ വിഷു ആഘോഷം ആണ് എന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നത്. ഒരാഴ്ച മുൻപ് മുതൽ എന്തൊരു ഉത്സാഹത്തോടെ ആണെന്നോ വീടും മുറ്റവും പരിസരവും എല്ലാം ഭംഗിയാക്കുന്നത്.വിഷുക്കണി കാണുക എന്നുള്ളതിനാണല്ലോ വിഷു ദിനത്തിൽ ഏറ്റവും പ്രാധാന്യം. അതിനായി കണി ഒരുക്കുന്നതിനുള്ള വസ്തുക്കൾ എല്ലാം തലേ ദിവസം തന്നെ ശേഖരിച്ചു വെയ്ക്കണം.

ഇന്ന് ആണെങ്കിൽ മുറ്റത്തു കണിക്കൊന്ന ഉണ്ട്. വിഷുക്കാലമായാൽ വീടിന് മുന്നിൽ നിൽക്കുന്ന ആ കണിക്കൊന്നയിലെ പൂക്കൾ കൊണ്ട് മുറ്റം മുഴുവൻ ഇപ്പോൾ മഞ്ഞ വിരിച്ചു കിടക്കുകയാണ്. എന്നും രാവിലെകണിക്കൊന്ന പൂക്കളാണ് കണി കാണുന്നത്. മുറ്റമടിക്കുന്ന നേരത്ത്, മുറ്റത്തു നിന്നും ആ പൂക്കൾ തൂത്തു കളയുവാൻ തോന്നുകയേ ഇല്ല. എത്ര വിഷമിച്ചാണെന്നോ ഞാനാ പൂക്കൾ എന്നും തൂത്തു വാരുന്നത്. എന്നാൽ അന്ന് ഈ കൊന്ന ഉണ്ടായിരുന്നില്ല.

അതിനാൽ കൊന്നപ്പൂ ഉള്ള സ്ഥലത്തു പോയി പൂക്കൾ പറിച്ചു കൊണ്ട് വരണമായിരുന്നു. കൂട്ടുകാരുമായി കൊന്നപ്പൂ പറിക്കാൻ പോകുന്ന ആ സന്തോഷമൊന്നും ഒരിക്കലും ജീവിതത്തിൽ മറക്കാൻ കഴിയുന്നതല്ല. കൊന്നപ്പൂ കിട്ടികഴിഞ്ഞാൽ പിന്നെ കണി വെക്കാൻ ഉള്ള മറ്റു വസ്തുക്കളും സംഘടിപ്പിക്കണം … പല തരം പൂക്കൾ, പഴങ്ങൾ, അങ്ങനെ എന്തെല്ലാം.. ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിന് മുന്നിൽ ഓട്ടുരുളിയിൽ ആണ് കണി വെക്കേണ്ടത്. കണിക്കൊന്ന പൂക്കൾ, സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി, നാളികേരം, പൊൻ പണം, സ്വർണ്ണം, വെള്ളി, പുസ്തകം, പുതു വസ്ത്രം, വാൽക്കണ്ണാടി അങ്ങനെ. ഇവയെല്ലാം വിഷുവിനു തലേ ദിവസം എല്ലാവരും ഉറങ്ങി കഴിയുമ്പോൾ അമ്മ ഒരുക്കി വെയ്ക്കും പുലർച്ചെ എല്ലാവർക്കും കണി കണ്ടുണരുവാൻ. വിഷു ദിവസം രാവിലെ, അമ്മ നിലവിളക്ക് കൊളുത്തി വെച്ചിട്ട് ഓരോരുത്തരെ ആയി കണി കാണാൻ കണ്ണ് പൊത്തിപ്പിടിച്ചു കൊണ്ട് പോകും.

ഇങ്ങനെ കൊണ്ട് പോകുന്നതിനിടയിലും ചിലപ്പോൾ അറിയാതെ കണ്ണ് തുറന്നു പോയി, വേറെ എന്തെങ്കിലും കണ്ടു എന്ന് വരും. അപ്പോൾ അറിയാത്ത പോലെ, ഒന്ന് കൂടി കണ്ണുകൾ ഇറുക്കി അടയ്ക്കും. കണ്ണനെ കണി കാണുവാനായി.

കുഞ്ഞിലേ, വിഷു ദിനത്തിലെ ഏറ്റവും ഇഷ്ടമുള്ള കാര്യം എന്തെന്നാൽ വിഷു കൈനീട്ടം കിട്ടും എന്നുള്ളതായിരുന്നു. വീട്ടിൽ ഉള്ള മുതിർന്നവർ തരുന്നത് കൂടാതെ, അന്ന് നമ്മൾ എവിടെ പോയാലും, അവിടെ നിന്നൊക്കെ കൈ നീട്ടം കിട്ടും. പിന്നെ വീട്ടിൽ ആരൊക്കെ അന്ന് വരുന്നോ, അവരും തരും. എല്ലാം കൂടി ചേർത്താൽ കുറച്ചു പൈസ കൈയിൽ കിട്ടും എന്നുള്ളത് കൊണ്ട് വിഷു ദിനം ഒരു ആഹ്ലാദത്തിന്റെ ദിനം തന്നെ ആകുമായിരുന്നു. വിഷു കൈ നീട്ടം കിട്ടുന്ന പൈസ ചേർത്ത് ഇഷ്ടമുള്ളത് എന്തെങ്കിലും വാങ്ങുകയും ചെയ്യും. ഇതൊക്കെ ചെറുപ്പത്തിൽ. പിന്നെ കുഞ്ഞു മക്കൾ ഉണ്ടായികഴിഞ്ഞപ്പോൾ അവരുടെ കൈയിൽ എല്ലാവരും വെച്ചു കൊടുക്കുന്ന കൈ നീട്ടങ്ങൾ വാങ്ങി വെയ്ക്കുവാൻ ഉള്ള അവകാശം അമ്മ എന്ന നിലയിൽ, അമ്മമാർക്കാണല്ലോ. ആ സമയങ്ങളിൽ അങ്ങനെയും കുറെ
പൈസ കുഞ്ഞുങ്ങളെ കളിപ്പിച്ചു കൈക്കലാക്കുമായിരുന്നു.

അങ്ങനെ അങ്ങനെ വിഷുവിനെ സംബന്ധിച്ചുള്ള എത്രയെത്ര രസമുള്ള ഓർമ്മകൾ. അല്ലെങ്കിലും ഓർമ്മകൾ ആകുമ്പോൾ ആണല്ലോ, ഏതിനും ഭംഗി കൂടുതൽ ഉണ്ടാവുക.
ഇന്നിപ്പോൾ മഹാമാരികൾക്കിടയിൽ ആഘോഷങ്ങൾ ഒന്നും ഇല്ല, ഓണം ഇല്ല, വിഷു ഇല്ല. എല്ലാം ഓർമ്മകളിൽ മാത്രം. എല്ലാം പേരിന് മാത്രമായി എന്തൊക്കെയൊ കാട്ടിക്കൂട്ടുന്നു. അത്ര മാത്രം. മനസ്സിൽ ആഘോഷങ്ങൾ വരുമ്പോൾ അന്നുണ്ടായിരുന്ന ആ സന്തോഷവും, ഇന്നെങ്ങോ പോയി മറഞ്ഞു. എങ്കിലും നമുക്ക് കുറച്ചെങ്കിലും, ആഘോഷത്തിന്റെ പ്രധാന കാര്യങ്ങൾ എങ്കിലും ചെയ്യേണ്ടതായിട്ടുണ്ട്. എന്തെന്നാൽ, ഇന്നത്തെ ഈ തലമുറയിലെ നമ്മുടെ കുഞ്ഞുങ്ങൾക്കായി…… നമ്മുടെ ചെറുപ്പകാലത്തെ സന്തോഷങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലാത്ത നമ്മുടെ കുഞ്ഞുങ്ങളുടെ സന്തോഷത്തിനായെങ്കിലും, പഴയ വിഷു ദിനത്തിന്റെ ഒരു ഓർമ്മ പുതുക്കൽ എന്നത് പോലെങ്കിലും…….

കോവിഡ് മഹാ മാരി മൂലവും അല്ലാതെയും അകാലത്തിൽ നമ്മെ വേർപിരിഞ്ഞ നമ്മുടെ ബന്ധു ജനങ്ങളെയും പ്രിയ ജനങ്ങളെയും മറക്കാതെ, അവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട്, അവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് കൊണ്ട്, എത്രയും വേഗം ഈ മഹാമാരിയിൽ നിന്ന് നമുക്ക് രക്ഷ കിട്ടണമേ എന്ന് പ്രാർഥിച്ചു കൊണ്ട്, വീണ്ടും ഒരു വിഷു ദിനത്തെ കൂടി നമുക്ക് വരവേൽക്കാം..

ഈ വിഷു ദിനത്തിലും തുടർന്നും എല്ലാവർക്കുംഎല്ലാ ഐശ്വര്യവും സമ്പദ് സമൃദ്ധിയും ഉണ്ടാകുവാനും, എല്ലാ മനസ്സുകളിലുംസ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കണിക്കൊന്നപ്പൂക്കൾ എന്നും വിടരട്ടെ എന്നും ആശംസിച്ചു കൊണ്ട്, എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ🌹

മായ അനൂപ്

By ivayana