രചന : രഘുനാഥൻ കണ്ടോത് *

അന്യമൊരാകാശത്തിൻ ചോട്ടിൽ
കൊന്നകളില്ലാമരുഭൂവിൽ
പ്രവാസമോർപ്പൂ കൗമാരത്തിൻ
കൗതുകമാർന്ന വിഷുക്കാലം!
ആ നാളുകളെത്തിരഞ്ഞുവീണ്ടും
തിരിഞ്ഞുപോകാൻ മനം കൊതിപ്പൂ
ഇല്ലില്ലിനിയൊരു ബാല്ല്യം;ജീവിത
രഥമിതു പിന്നോട്ടിനിയില്ലൊട്ടും!
ധരണിക്കു പീതപ്രസൂനങ്ങളാലെങ്ങും
തോരണം ചാർത്തിയ കർണ്ണികാരങ്ങളേ!
മകരം കൊയ്തൊഴിയുമ്പോൾ
മീനം തിളയ്ക്കുമ്പോൾ
മേടപ്പിറവിയ്ക്കു സദ്യയൊരുക്കുവാൻ
വെള്ളരിക്കായ്കൾ നിറഞ്ഞിടുമ്പോൾ
മരതകക്കാടിനെ മണവാട്ടിയാക്കുന്നു
മഞ്ഞക്കണിക്കൊന്ന മാലചാർത്തി!
മഞ്ഞിൻ കുടമേന്തി നീളേനിരക്കുന്നു
കൊന്നപ്പൂവിതളുകൾ ചന്തമോടെ!
മഞ്ഞുകണങ്ങളും മഞ്ഞബിന്ദുക്കളായ്
മന്ദഹസിക്കും പ്രഭാതമെങ്ങും
മഴയില്ലാത്തെളിവാനം
മനതാരിൽക്കുടചൂടി
കൊന്നപ്പൂച്ചെണ്ടുകൾ ചാർത്തിനിൽക്കും!
കർണ്ണികാരങ്ങൾ വിതാനിച്ച മേടയിൽ
കണ്ണിമാങ്ങ,കണിവെള്ളരിക്ക
അവിലുംമലർപഴം ശർക്കരതേങ്ങയും!
മഞ്ഞൾപ്രസാദവും ചൂടിനിന്നീടുമേ
മഞ്ഞത്തുകിലുമായ് മേഘവർണ്ണൻ!
മാണിക്യച്ചുണ്ടിലോ മായാമുരളിയും
സ്മിതമോ കണിക്കൊന്ന പൂത്തപോലെ!
കണ്ണടച്ചുള്ളിലാക്കണ്ണനെ ധ്യാനിച്ചു
കണികണ്ടകാലം മറന്നിടാമോ?
കണിയും കൈനീട്ടവുമിടിമിന്നൽ തീർക്കുന്ന
പൂരപ്പടക്കങ്ങൾ കേളികളും
പിന്നെ മൃഷ്ടാഹ്ന്നഭോജനമേളകളും!
സംവത്സരങ്ങളൊട്ടേറെയും കണ്ടവൾ
സംക്രമപ്പക്ഷിതൻ പാട്ടുകേട്ടു
മർത്ത്യനു ഭുവിയിതു മാത്രമേയുള്ളല്ലോ
തട്ടകം; കാക്കുകീപ്പേടകത്തെ!!

രഘുനാഥൻ

By ivayana