മിനിക്കഥ : മോഹൻദാസ് എവർഷൈൻ*

ആ വഴിയിൽ ഇപ്പോഴും പടിപ്പുരയുള്ള ഒരു വീട് മാത്രമേ ഇന്നുള്ളൂ. മുൻപ് എല്ലാ വീടുകൾക്ക്മുന്നിലുംപടിപ്പുരഉണ്ടായിരുന്നു.കാലം മാറി, പടിപ്പുരകളും,കയാലകളും പൊളിച്ചു എല്ലാവരും മതിലുകൾ കെട്ടി, നല്ല ഗേറ്റ്കൾ സ്ഥാപിച്ചു. അങ്ങനെ അവരെല്ലാം പരിഷ്ക്കാരികൾ ആയപ്പോഴും അയാൾ മാത്രം മാറിയില്ല.

പൗരപ്രമാണിമാരെല്ലാം പലവട്ടം വന്ന് കണ്ട് പറഞ്ഞു..എന്നിട്ടും ഉണ്ണിത്താൻ കുലുങ്ങിയില്ല, പടിപ്പുരയും, നാലുകെട്ടും പൊളിയ്ക്കാൻ കൂട്ടാക്കിയതുമില്ല.ഈ പുത്തൻപണക്കാരുടെ ജാഡയൊന്നുംഅയാൾക്ക് ബോധ്യപ്പെട്ടിരുന്നില്ല.അവിടെ താമസിക്കുവാൻ ഇന്ന് ആരുമില്ലെങ്കിലും, അയാൾക്കത് വാടകയ്ക്ക് കൊടുക്കുവാൻ മനസ്സ് വന്നില്ല.ബിസിനസ്സിന്റ മാനസികപിരിമുറുക്കം കൂടുമ്പോൾ ഉണ്ണിത്താൻ വണ്ടിയെടുത്ത് നേരെ തറവാട്ടിലോട്ട് വെച്ച് പിടിക്കും.അവിടെ ചെന്ന് കുറച്ച് നേരം പുൽപ്പായ വിരിച്ച് തിണ്ണയിൽ കിടക്കും, നല്ല കുളിർ കാറ്റും കൊണ്ട് ഒന്ന് മയങ്ങി ഉണരുമ്പോൾ, മനസ്സിലെ വേലിയേറ്റവും, വേലിയിറക്കവുമെല്ലാം കഴിഞ്ഞ് ശാന്തമായിരിക്കും.

ചിലപ്പോൾ മയങ്ങുമ്പോൾ അമ്മയുടെ ‘ഉണ്ണിയെ ‘എന്നുള്ള സ്നേഹം നിറഞ്ഞ വിളി കാതിൽ മുഴങ്ങും. അച്ഛൻ അടുത്തിരുന്നു തലയിൽ തലോടുന്നത് പോലെ ഒരു തോന്നൽ…എവിടെ ആയിരുന്നാലും അയാൾ വിഷുക്കണി ഒരുക്കുവാൻ തറവാട്ടിൽ ഓടിയെത്തും.ഉമ്മറത്തെ ചാരുകസേരയിൽ നീണ്ട് നിവർന്ന് തലയെടുപ്പോടെ ഇപ്പോഴും വിഷുകൈനീട്ടവുമായി ഓർമ്മയിൽ കാരണവർ ഇരുപ്പുണ്ട്.

പലവഴി പിരിഞ്ഞു പോയ കുടുംബത്തെ ഒരുമിച്ച് കാണുവാൻ കൊതിയോടെ, കാരണവർ എല്ലാഉമ്മറത്തും വഴികണ്ണോടെ കാത്തിരിക്കുന്നുണ്ടാകുമെന്ന് ഉണ്ണിത്താന് തോന്നും.മുറ്റത്തെ കണിക്കൊന്ന ആരോടും പരിഭവിയ്ക്കാതെ നിറയെ പൂത്തു നിന്നു.അതിന്റെ ചുവടാകെ കൊഴിഞ്ഞ പൂക്കൾ മഞ്ഞ പരവതാനി വിരിച്ചിരുന്നു.. ഓഹരി വെച്ചപ്പോൾ അമ്മയ്ക്കാണ് തറവാട് കിട്ടിയത്. മുറ്റത്ത്‌ കൂടെ അളവ് കാരന്റെ ചങ്ങല ഇഴഞ്ഞു നടന്നു.

അത് വെറും ചങ്ങലയല്ലെന്നും, ഉഗ്ര വിഷമുള്ള ഇഴജന്തുവായിരുന്നു വെന്നും , പിന്നെയുള്ള ബന്ധുക്കളുടെ സംഭാഷണങ്ങളിൽ നിന്നുംമനസ്സിലായി.കൂട്ടുകുടുംബം പല വഴി പിരിഞ്ഞു പോയി.അതോടെ ശിഖരം കോതിയ മരംപോലെയായി തറവാട്!.അണുകുടുംബത്തിലേക്കുള്ള പറന്ന് പോക്ക്,തൂവലുകൾ നഷ്ടപ്പെട്ട പക്ഷിയെ പോലെ ഉണ്ണിത്താനെ വേട്ടയാടികൊണ്ടിരുന്നു.

എല്ലാ വിഷുവിനും അമ്മയുടെ ഉണ്ണികണ്ണനെ,പുതിയ മഞ്ഞ ചേലയുടുപ്പിച്ച്, തുളസിമാല ചാർത്തി, വിഷുക്കണിയൊരുക്കി, പടിപ്പുര തുറന്നിട്ട്‌ അയാൾ കാത്തിരുന്നു, പടിയിറങ്ങിയ വസന്തങ്ങൾ, കണികാണുവാൻ തിരികെ വന്നെങ്കിൽ എന്ന പ്രാർത്ഥനയോടെ…

By ivayana