രചന : ശ്രീകുമാർ എം പി*

കൊട്ടും കുരവയുമായ് കൊടിയേറി
കൊട്ടാരമമ്പലതിരുവുത്സവം
പൊട്ടും വെടിയുമായ് കൊടിയേറി
നാട്ടിൽ തിരുവാതിര മഹോത്സവം !
തകിലടിമേളം മുഴങ്ങിനിന്നു
നാദസ്വര നാദമൊഴുകി വന്നു
കനകപ്പട്ടങ്ങളണിഞ്ഞു ചേലിൽ
കരിവീരരങ്ങു നിരന്നു നിന്നു
നടുവിൽ ഗജരാജശിരസ്സിലായ്
കരനാഥൻ ദേവൻ വിളങ്ങി നിന്നു
കതിരവനവിടുദിച്ച പോലെ
കമനീയ കാന്തി ചൊരിഞ്ഞു നിന്നു
ചാരുവെഞ്ചാമരങ്ങൾ വീശീടുന്നു
ആലവട്ടങ്ങളുമുയർന്നു താണു
മേളങ്ങൾ പലവിധം മാറിവന്നു
മേലെയൊ വാനവും തെളിഞ്ഞു നിന്നു
മാലോകരിമ്പത്തിലിളകിയാടി
മനം കവർന്നീടുന്ന പൂരമല്ലൊ
നിറമാർന്ന മുത്തുക്കുടകൾ മാറെ
നിലാവെട്ടമൊന്നായി പൂത്തിറങ്ങി
തീവെട്ടിനാളങ്ങൾ ജ്വലിച്ചു നിന്നു
നിറദീപമെങ്ങും വിളങ്ങിനിന്നു
ആതിരച്ചന്ദ്രനൊ ചിരിച്ചു നിന്നു
ആഘോഷ മുത്സവരാവിതിന്റെ
അമ്പലമാകവെ നിറഞ്ഞു നിന്നു
ആതിരദീപത്തിൽ കുളിച്ചു നിന്നു !
ഇത്രമേലിമ്പത്തിലാരാധന
ഇന്നാട്ടിലല്ലാതിനിയൊന്നുണ്ടൊ !
ഈശ്വരപ്രേമം കലയായെന്നാൽ
ഇത്രമേലുജ്ജ്വല ചാരുതയൊ !

ശ്രീകുമാർ എം പി

By ivayana