Vaisakhan Thampi

Amuseum Artscience പ്രഭാഷണപരമ്പരയുടെ മൂന്നാം അദ്ധ്യായം വരുന്ന 26-ന് (തിങ്കളാഴ്ച) കൈകാര്യം ചെയ്യുന്നു. കുറച്ചുനാൾ മുൻപ് സോഷ്യൽ മീഡിയയിൽ നടന്ന ഒരു സംവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രഭാഷണപരമ്പര വിഭാവനം ചെയ്യപ്പെട്ടത്. ‘അറിവ് നേടുന്നതിനുള്ള മാർഗം ശാസ്ത്രം മാത്രമോ?’ എന്നതായിരുന്നു വിഷയം.

എന്താണ് അറിവ്, എന്താണ് ശാസ്ത്രം എന്നൊക്കെ മനസ്സിലാക്കാൻ കുറേ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ ആ പ്രസ്താവനയെ ഞാൻ ചോദ്യം ചെയ്തിരുന്നു. അതിന് കിട്ടിയ പ്രതികരണം പക്ഷേ രസകരമായിരുന്നു. കവലയിൽ തല്ല് നടക്കുമ്പോൾ ആളുകൾ ചുറ്റുംകൂടി ‘അവനത് വേണം’, ‘ലവൻ മറ്റേതാ’ എന്നൊക്കെ കമന്റടിക്കുന്നത് പോലെ ആവേശക്കമ്മിറ്റിക്കാര് പാഞ്ഞുകൂടി ചർച്ച എങ്ങാണ്ടൊക്കെയോ കൊണ്ടുപോയി. അതിനിടെ പലരും അവരവർക്ക് ഉപയോഗിക്കാൻ പാകത്തിന് സ്ക്രീൻഷോട്ട് ഒക്കെ വെട്ടിയെടുത്ത് ഞാൻ ശാസ്ത്രത്തെ തള്ളിപ്പറയുന്നു എന്നുവരെ പ്രചരിപ്പിക്കാൻ തുടങ്ങി.

എന്ത് പറയുന്നു എന്നത് പരിഗണിക്കാനോ, വിലയിരുത്താനോ ശ്രമിക്കുന്നതിന് പകരം എന്റെ യുക്തിവാദത്തിന് എത്ര മാർക്ക് തരാം, എന്റെ ലക്ഷ്യങ്ങളെന്തൊക്കെ, ഞാൻ ആരുടെയൊക്കെ അടിമയാണ്, എന്നൊക്കെയുള്ള ‘ശാസ്ത്രീയമായ’ അപഗ്രഥനങ്ങളിലേയ്ക്ക് ചർച്ച കടന്നപ്പോഴേയ്ക്കും ഞാൻ സ്റ്റാൻഡ് വിട്ടു. ശാസ്ത്രത്തിന്റെ ബോഡിഗാർഡാകാനുള്ള താത്പര്യമോ, എന്റെ ബോധ്യങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്തിയേ അടങ്ങു എന്ന വാശിയോ ഇല്ലാത്തതിനാൽ, അവിടെ തർക്കിക്കുന്നതിന് പകരം ജീരകത്തിന്റെ പരിപ്പെടുക്കുന്നത് പോലെ കൂടുതൽ പ്രൊഡക്റ്റീവായ വല്ലതും ചെയ്യുന്നതാണ് നല്ലത് എന്ന് കരുതി അതവിടെ നിർത്തിയതാണ്. അതിന് ശേഷമാണ് അമ്യൂസിയം ഈ വിഷയം ഏറ്റെടുക്കുന്നത്.

ആരോഗ്യകരമായ ഒരു അക്കാദമിക ചർച്ചയെന്ന നിലയിൽ എനിക്കീ വിഷയത്തിൽ പറയാനുള്ള കാര്യങ്ങൾ, ഒരു ശാസ്ത്രവിദ്യാർത്ഥിയുടെ (ഞാനിപ്പോഴും ഇതൊക്കെ പഠിച്ചുകൊണ്ടിരിക്കുന്നേ ഉള്ളൂ) കണ്ണിലൂടെ അവതരിപ്പിക്കാമെന്ന് കരുതുന്നു. ഇനിയും ഈ വിഷയത്തിൽ നിലപാടെടുക്കാത്തവരെയാണ് പ്രധാനമായും അഡ്രസ് ചെയ്യുന്നത്. അടിയുറച്ച ബോധ്യങ്ങളുള്ളവർക്ക് അനുയോജ്യമായേക്കില്ല. തീയതിയും സമയവും: April 26 (Monday), 07:00 PMസൂം ലിങ്ക് : https://us02web.zoom.us/j/81295390610 (Pass Code: amuseum)ഫെയ്സ്ബുക്ക് ലൈവ്: www.facebook.com/Amuseumartscience

By ivayana