ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. അടുത്ത പത്ത് ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിച്ചതായി വ്യാഴാഴ്ചയാണ് മാധ്യമറിപ്പോർട്ട് പുറത്തുവരുന്നത്. ഇതോടെ ഏപ്രിൽ 24 ശനിയാഴ്ച രാത്രി 11.59 മുതൽ യാത്രാ നിരോധനം പ്രാബല്യത്തിൽ വരുമെന്നും 10 ദിവസത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വിലക്ക് നീട്ടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മുതല്‍ അടുത്ത 10 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയതായി എമിറേറ്റ്‌സും ഫ്ലൈ ദുബായിയും ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്.

പുതിയ പരിഷ്കാരത്തോടെ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈഡുബായ്, എയർ അറേബ്യ വെബ്‌സൈറ്റുകളിൽ നിന്ന് ഏപ്രിൽ 24 ന് ശേഷം യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വിലക്കുണ്ടെന്നാണ് റിപ്പോർട്ട്.അതേ സമയം രാജ്യത്ത് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു മാളുകളിലും കടകളിലും വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റസ്റ്റോറന്റുകള്‍ കഫേകള്‍ കോംപ്ലക്സുകള്‍ എന്നിവിടങ്ങളിൽ 50 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ഒരേ സമയം ഉണ്ടാകാൻ പാടില്ലെന്നും നിർദേശമുണ്ട്. 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സിംഗപ്പൂരും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന നിർദേശവും സിംഗപ്പൂർ നൽകിയിട്ടുണ്ട്.ഇന്ത്യയിലെ രോഗവ്യാപനം എക്കാലത്തെയും ഉയർന്ന തോതിലേക്ക് എത്തിയതോടെ യുകെ സർക്കാർ ഇന്ത്യയെ റെഡ് ലിസ്റ്റിലേക്ക് ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തിയിരുന്നു.

By ivayana