കഥാരചന : ശിവൻ മണ്ണയം*

കോവിഡിൻ്റെ രണ്ടാം വ്യാപനമാണല്ലോ ഇപ്പോ .പലരും ഭീതിയിലും ഡിപ്രഷനിലുമാണ്. ഇതാ ഒരു ചെറിയ തമാശക്കഥ. പണ്ടെഴുതിയതാണ്. വിഷമാവസ്ഥയിലിരിക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെടട്ടെ. അവരിൽ ചെറിയ ഒരു ചിരിയും ഒരല്പം സന്തോഷവും ഉണ്ടാകുന്നെങ്കിൽ ഉണ്ടായിക്കോട്ടെ.❤️

സോമൻ എന്നാണ് കഥാനായകന്റെ പേര്.ഞാൻ സോമനെ സോമൻ കേൾക്കാതെ സ്ലോമൻ എന്നാണ് വിളിക്കുന്നത്. ഞാൻ കേൾക്കാതെ സോമൻ എന്നെ എന്താണാണാവോ വിളിക്കണത് ?
ഈ സോമൻ ഭയങ്കര സ്ലോ ആണ്. വികാരങ്ങളും പ്രതികരണങ്ങളും പ്രവർത്തികളും വളരെ താമസിച്ചേ സോമനിൽ നിന്ന് ഉത്ഭവിക്കൂ.

ഒരു ദിവസം ഈ സോമൻ എന്റെ വീട്ടിൽ വന്നു. വീട്ടിൽ വരുന്നവരോട് എന്തെങ്കിലും തമാശ പറയുന്നത് എന്റെയൊരു പതിവ് ക്രൂരതയാണ്. ചായയും കൊടുത്തിട്ട് ഫലിതബിന്ദുക്കളിൽ വന്ന ഒരു സൂപ്പർ തമാശ ഞാൻ സോമന് നേരെ വലിച്ചെറിഞ്ഞു. കിടിലം തമാശയാണ്. ആരും ചിരിച്ചു പോകും. പക്ഷേ സോമൻ ചിരിക്കുന്നില്ല! സോമൻ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കി ഒറ്റ ഇരിപ്പാണ്. എനിക്ക് ദേഷ്യവും വിറയലും ഒക്കെ വന്നു. എന്റെ വീട്ടിൽ കേറി വന്നിട്ട് ഞാൻ പറഞ്ഞതമാശയെ അപമാനിക്കുന്ന തരത്തിൽ ചിരിരഹിതനായിരിക്കുന്ന ദ്രോഹി! ഇവനെന്തിനാണ് ഞാൻ ചായകൊടുത്തത്?!

പിന്നെ ഞാനൊന്നും മിണ്ടാതെ സോമനോട് പിണങ്ങി താടിക്ക് കൈയും കൊടുത്ത് തിരിഞ്ഞിരുന്നു. വല്യ വിഷമമായി പോയി. ഇങ്ങനെയുള്ള അനുഭവം ശത്രുക്കൾക്ക് പോലും വന്ന് ഭവിക്കല്ലേ വേങ്കമല അമ്മച്ചീ…
ഒരു പത്ത് മിനിട്ടുകഴിഞ്ഞു കാണണം.
ബുഹ്ഹ്ഹ ഹ ഹാ…
ഒരു ഭയങ്കര ശബ്ദം!

പിണങ്ങി ഉത്തരത്തിലേക്ക് നോക്കിയിരുന്ന ഞാൻ ഞെട്ടിവിറച്ച് കസേരയോടെ തറയിലേക്ക് വീണു.എന്റെ വായിലൊക്കെ മണ്ണ് പറ്റി.
നോക്കിയപ്പോൾ സോമൻ വയറും കുലുക്കി തലയിൽ കൈയും വച്ച് പൊട്ടിപൊട്ടി ചിരിക്കുകയാണ്.
സൂപ്പർ തമാശ കേട്ടോ… ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിപ്പോയി.. സോമൻ പറഞ്ഞു.
ഞാൻ പതിനഞ്ച് മിനുട്ടിന് മുമ്പാണ് വിറ്റടിച്ചത്. ഇവൻ ചിരിക്കുന്നത് ഇപ്പോ… ചിരിച്ച് മണ്ണ് കപ്പി പോലും. തറയിൽ വീണ് മണ്ണ് കപ്പിയത് ഞാനല്ലേ.!ബ്ലഡി കൺട്രി മാൻ!
അന്നു മുതലാണ് ഞാൻ സോമനെ സ്ലോമൻ എന്ന് വിളിച്ച് തുടങ്ങിയത്.
പിന്നെയൊരു സംഭവം ഉണ്ടായി…

ഞാനും അവനും കൂടെ ഒരു ഹോട്ടലിൽ പോയി. മസാല ദോശക്ക് ഓർഡർ കൊടുത്തിരിക്കുന്ന സമയത്ത് കുറച്ച് പയ്യൻമാർ കേറി വന്നു. അതിലൊരു പയ്യൻ്റ ദേഹത്ത് സോമൻ്റെ കൈ പതിയെ ഒന്ന് കൊണ്ട് പ്ധോം.. എന്നൊരു ചെർറിയ സമ്ണ്ട് ഉണ്ടായി. അതിന് ആ പയ്യൻ സോമന്റെ മുഖത്ത് നോക്കി അഞ്ചാറ് ചീത്ത. (പയ്യൻ FB യിലൊക്കെ ഉണ്ടെന്ന് തോന്നുന്നു)
സോമൻ ഒരു പാൽപ്പുഞ്ചിരിയോടെ ചീത്ത വിളിക്കുന്നവനെ നിർന്നിമേഷം നോക്കിയിരിക്കുകയാണ്. സന്യാസികൾക്ക് പോലും കഴിയാത്ത കാര്യമാണ് സോമൻ ചെയ്ത് കൊണ്ടിരിക്കുന്നത്. എന്തൊരു മാനസിക നിയന്ത്രണം! ഹോട്ടലിൽ ഇരുന്ന എല്ലാവർക്കും സോമൻ ഒരത്ഭുതമായി. ചിലർ സോമന്റെ ഫോട്ടോ എടുത്തു.യോഗീശ്വരൻ.. യോഗാചാര്യൻ… സംയമനകോകിലൻ.. എന്നൊക്കെ ചിലർ പിറുപിറുത്തു.

ചീത്ത വിളിച്ച പയ്യനും കൂട്ടരും ചായ കുടിച്ച് ഇറങ്ങിപ്പോയി രണ്ട് മിനിട്ട് കഴിഞ്ഞപ്പോഴാണ് സോമന്റെ മുഖഭാവം മാറിത്തുടങ്ങിയത്.അദ്ദേഹത്തിൻ്റെ മുഖത്ത് കാർമേഘങ്ങൾ വന്ന് മൂടി കാളിമനിറഞ്ഞു.മൂക്കിൽ നിന്ന് കൊടുങ്കാറ്റും ചുഴലിക്കാറ്റും ഒരുമിച്ച് വീശി. ചാടിയെഴുന്നേറ്റസോമൻ അവിടെ ഒരു സോമതാണ്ഡവം ആടി.
എന്നെ എന്തിനാണ് ആ നായിന്റെ മോൻ ചീത്ത വിളിച്ചത്… ഇതായിരുന്നു സോമന് അറിയേണ്ടിയിരുന്നത്. ചോദ്യം ന്യായമാണ്. പക്ഷേ കുറച്ചു മുമ്പേ ചോദിക്കണമായിരുന്നു…!
സോമന്റെ കല്യാണം എങ്ങനെ നടന്നു എന്ന് നിങ്ങൾക്കറിയണോ?

സോമന് വീണയോട് വല്യ ഇഷ്ടമായിരുന്നു. അവളെ കല്യാണം കഴിക്കണമെന്ന് ഭയങ്കര മോഹമായിരുന്നു. കുറേ നാള് അവളുടെ പിറകെ നടന്നു. പക്ഷേ പറഞ്ഞില്ല. മൗനാനുരാഗം. പക്ഷേ മൗനം ഒരു ഭാഷയാണല്ലോ. മൗനം മൗനത്തിനോട് സംസാരിക്കുമല്ലോ. അത്തരത്തിൽ സർ സോമന്റെ അന്തർഗതം മനസിലാക്കിയ വീണ ഒരു ദിവസം അമ്പലത്തിലെ ആലിൻചുവട്ടിൽ വച്ച് അങ്ങോട്ട് ചോദിച്ചു ” പറ..സോമേട്ടന് എന്നെ ഇഷ്ടമാണോ?”
സോമൻ വീണയുടെ കണ്ണുകളിലേക്ക് നോക്കി നിർന്നിമേഷം നിന്നു. ഒരഞ്ച് മിനിട്ട് കാത്ത് നിന്ന ശേഷം വീണ തന്റെ പാട് നോക്കി പോയി.

ഏഴ് മിനിട്ട് കഴിഞ്ഞപ്പോൾ സോമനിൽ നിന്ന് വാക് മുത്തുകൾ പുറത്തേക്ക് ചിതറി വീണു.
“എനിക്കൊരുപാട് ഇഷ്ടമാണ് “
അപ്പോൾ അതിലുടെ കടന്നുപോയ രമണി ആണ് അത് കേട്ടത്.അവൾ ഉടനെ ഓടി വീട്ടിൽ ചെന്ന് അമ്മയോട് നാണത്തോടെ പറഞ്ഞു “സോമേട്ടന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു… “
ഉടനെ തന്നെ രമണിയുടെ ബന്ധുക്കൾ കൂട്ടം ചേർന്ന് സോമനെ ഓടിച്ചിട്ട് പിടിച്ച് രമണിയെക്കൊണ്ട് കെട്ടിച്ചു.
അവസാനമായി ഒരു കാര്യം കൂടി പറഞ്ഞ് നിർത്താം, സമയമില്ല. എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്.
ഞാനും സോമനും കൂടെ ഒരുദിവസം ലൈബ്രറിയിൽ ഇരിക്കുകയായിരുന്നു. സോമൻ ഒരു സെക്കന്റ് ഹാൻഡ് ബുള്ളറ്റ് വാങ്ങിയ സമയമായിരുന്നു അത്. ഞാൻ ചോദിച്ചു:
സോമാ… നീ വാങ്ങിയ ബുള്ളറ്റ് എങ്ങിനെ ഉണ്ട്?

സോമൻ എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ്. കുറച്ച് നേരം കാത്തിരുന്ന് മടുത്ത ഞാൻ പത്രവായന ആരംഭിച്ചു.ആ സമയത്താണ് കനകൻ അങ്ങോട്ട് വന്നത്.
കനകന് തന്റെ ഭാര്യയെന്ന് പറഞ്ഞാൽ ജീവനാണ്. ആരെ കണ്ടാലും ഭാര്യയുടെ ഗുണ ഗണങ്ങൾ പറഞ്ഞ് കനകൻ വെറുപ്പിക്കും.
കനകന്റെ ഭാര്യ ഒരു കഥയെഴുതിയിരുന്നു.അത് വായിച്ച് നോക്കാനായി കനകനത് എന്നെ രണ്ട് ദിവസം മുമ്പ് എല്പിച്ചിരുന്നു.അത് ഉദ്ദേശിച്ചാകണം കനകൻ എന്നോട് ചോദിച്ചു:
എങ്ങനെയുണ്ടടാ എന്റെ ഭാര്യ.. എന്താണ് നിന്റെ അഭിപ്രായം…?
ഞാൻ മറുപടി പറയാനായി വായ തുറക്കും മുമ്പേ അപ്പുറത്ത് നിന്ന് ശബ്ദം കേട്ട് തുടങ്ങി.

ഞാൻ അത്ഭുതത്തോടെ ചുറ്റും നോക്കി. സോമനാണ്.
“സൂപ്പർ വണ്ടി … അഞ്ചാറ് പേര് കൈമറിഞ്ഞാ എനിക്ക് കിട്ടിയത്.. എന്നാലും പഴയതാണെന്ന് കണ്ടാ പറയൂല… കേറിയിരുന്നാ ആനപ്പുറത്ത് ഇരിക്കണ ഗമയാണ്. ഓടിച്ചു തുടങ്ങിയാ നിർത്താൻ തോന്നൂല അളിയാ… ഒന്ന് രണ്ട് മണിക്കൂർ അതിലിരുന്നാലും നടുവേദന അനുഭവപ്പെടുകയേ ഇല്ല….”
ബുള്ളറ്റിനെ കുറിച്ചുള്ള സോമന്റെ അഭിപ്രായം ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഈ സമയത്ത് ദൈവത്തിനാണെ പ്രതീക്ഷിച്ചില്ല….!

By ivayana