രചന: മണികണ്ഠൻ എം*

1
തൻകുഞ്ഞിനെയമർത്തി കൊല്ലുന്നവൻ
പിന്നിടിഴുകിച്ചേർന്ന ബന്ധമറുത്തോടുന്നവൻ
പൊഴിയിൽ താഴ്ന്ന ശവമോതാത്തവ
നിയമഹസ്തങ്ങളിൽ തങ്ങിപ്പൊങ്ങിവരുന്നൂ
ബീജാവാപത്തിൽ അണ്ഢസ്വീകാരൃതയിലന്നേ
നീ സംശയിച്ചിരുന്നുവോ കുഞ്ഞേ നീയിതു
സ്വീകരിക്കാൻ പിറപ്പെടുത്തോ, ഇനിയുമീ
ലൈംഗികതകൾ ശപിക്കപ്പെട്ടതാകട്ടെയെന്നോ
നിൻ ദുരന്തത്തിലൊരിറ്റു കണ്ണീരുമുണരുന്നില്ല
അഭിശപ്തമാം തപ്ത ജീവിതങ്ങൾ നയിക്കുന്നൂ
ജീവിതാനുഭവങ്ങളാം മരുഭൂവിൽ സ്വയമനാഥമാം
മരീചികകൾ നാം വിണ്ടകന്ന വയൽ വൃക്ഷങ്ങൾ..

ആരാണിവൻ

2

തോൾപ്പട്ടകൾ അയഞ്ഞിരിക്കുന്നൂ
അരക്കെട്ടൂർന്നീരിക്കുന്നൂ കൈപ്പത്തി
അടുത്തേക്ക് എന്തിനോ വിളിച്ചപോൽ
ഉയർന്നിരുന്നിനിയും ചെയ്യുവാൻ ബാക്കിയായ്
“ഉടുവസ്ത്റങ്ങളഴിക്ക, ഒറ്റിലയിക്കിറക്കി
കിടത്തുക, കുളികളഭനീർകൊടുപ്പാകാം
ഉണിക്കനുരുവിട്ടു,” വാവിട്ട ഗദ്ഗദങ്ങൾക്കിട
ക്കടക്കിയ ഒരുക്കങ്ങൾ, പൂർത്തിയായി….
കുളികഴിഞ്ഞെത്തീ മക്കൾ മരുമക്കളും
ഇടവഴി-താവഴി വർഗ്ഗങ്ങളും സവിശേഷമായ്
പലവുരു പറഞ്ഞപതങ്ങളിൽ മുങ്ങി നിന്നൂ
പ്രകൃതിതൻ പ്റസൂനമേ ഹാ! നിന്നന്തൃ ഗീതിക…
“എടുക്കാം” ഊണിക്കനൊടുവിലുരിയാടവേ
എന്തിനെന്നോ തടയാൻ വെമ്പി പെൺപിറന്നവർ
മറുത്തൊന്നുമാകാതെ വിഷണ്ണരായാൺ വീടോ
മതിലകത്തെവിടെയോ ചീവീടുകൾ തൻ മുരൾച്ച
മാവിൻ തണുവാർന്ന വെൺപരവതാനിയിൽ
സുഗന്ധാപൂരീത ലേപനസമൃദ്ധിയിൽ തെക്കോട്ട്
തലഭാരം താങ്ങുമാപ്പട്ടടയിലെരിഞ്ഞൊതുങ്ങുന്നു
– പിതൃത്വം….
3
പിഴയൊന്നുമേ പഴിയാകാതെ പഠനമായാൽ,
സതിയെങ്കിലും സ്ഥിതിയെന്തെന്ന് പുന: –
രാരായുമ്പോൾ, ഇടതടവില്ലാതുരുക്കഴിക്കും
പ്രിയതരമന്ത്റമുരുവിട്ട ഇടനാഴികളിലെ വിനാഴികകൾ…
കുറിച്ച കുറിപ്പടികളിൽ കുറിക്കാനുളളവയൂറും,
അനുഭവങ്ങൾ… സാക്ഷൃമായ് തിരിച്ചറിയലുകൾ
വെളിപ്പെടുത്തലുകൾ, സതൃം കേവലം ഭൂതകാല-
മവശേഷിപ്പിച്ച ഊതിപ്പെരുപ്പിച്ച കാഥികകലാപം…
തുണയായ് നിനക്കെന്ത്, ഭൂതാധിഷ്ഠിത യവനിക,
തിരുത്തലുകളിലൊതുങ്ങാത്ത അതികായ
രൂപതകൾ, പുറം തിരിഞ്ഞ് നിൽക്കും ഭാവനകൾ
ഇനിയും പലവുരു ആവർത്തിച്ചവയിലേതാണ്…
പലരും പലതെഴുതി കിഴക്കു നിന്ന് പടിഞ്ഞാറോട്ട്
തെക്ക് നിന്ന് വടക്കോട്ട് ദിശകളാവതും, ദേശങ്ങ-
ളും പിന്നനവധി നിരവധി സംസ്കൃതികൾതൻ
ശവപ്പറമ്പുകൾ, നദി മാറിയൊഴുകിയ അടയാളങ്ങൾ..
നിനക്ക് നീതാനവലംബം ഉരുക്കഴിച്ച ഗുണപാഠ
കലകളിൽ പുതിയതാമൊരധ്യായം കൂടിയെഴുതി
മടങ്ങാം മാൺപെറ്റ നാൾവഴിക്കണക്കുകൾ
നിൻറേതുമൊരധ്യായം വെളിച്ചത്തിൻ ഒരു കീറ്…
എല്ലാം ഉറക്കത്തിലാണ് ഉണരുമൊരുനാൾ
ചാർച്ചക്കാരേവരും കടന്നു വരും വിലാപങ്ങ-
ളോരോന്നും നിനക്കന്നോർമ്മ വരും ധനികമാം
അനുഭവസമ്പത്തു നിന്റെ സാക്ഷ്യമോതും…

ചരിത്രം

മണികണ്ഠൻ എം

By ivayana