രചന : അഷ്‌റഫ് കാളത്തോട്*

ഭോപ്പാലിൽ കോവിഡ് ബാധിച്ച് മരിച്ച
പരേതരുടെ മതാചാരമനുസരിച്ച്
വായ്ക്കരിയിട്ടതും ദഹിപ്പിക്കുന്നതും
ദാനിഷ് സിദ്ധീഖീയും, സദ്ദാം ഖുറേഷിയും
നന്മയുടെ പ്രകാശവുമായ് അങ്ങനെയും കുറച്ചു മനുഷ്യർ!
വേദനിക്കുന്നവരുടെ വിലാപത്തിനു മുൻപിൽ
നോമ്പനുഷ്ഠിച്ചുകൊണ്ടു ക്ഷീണം മറന്ന ത്യാഗികൾ!
കോവിഡ് ഭീതി നിരോധന കാലത്തേക്കാൾ
കൂരിരുട്ടായി മാറുകയും
ജീവശ്വാസത്തിനു വേണ്ടിയുള്ള
വെപ്രാളങ്ങൾ വഴിയിൽ പടരുകയും
വായുവിനു വേണ്ടി ഇരക്കുന്ന നീണ്ട നിരകൾ ദൃശ്യമാകുകയും!
ശവശരീരങ്ങൾകൊണ്ട് നിറഞ്ഞ ആകാശ ദൃശ്യങ്ങൾ!
നമ്മളെ ഞെട്ടിക്കുകയുമാണ്!
അപ്പോഴും അതിൽനിന്നെല്ലാം വിട്ടുനിന്ന്
ആകാശം മുട്ടുമോ എന്ന നിലയിൽ ആശ്ചര്യപെടുത്തുന്ന പ്രതിമ
എന്തിനു വേണ്ടി ആയിരുന്നു എന്ന് ജനം അത്ഭുതപ്പെടുകയാണ്?
ആ മഹാ അത്ഭുതത്തിന്റെ ഉയരങ്ങളുടെ
അളവെടുക്കുകയാണ് അപ്പോഴും ആധുനിക ന്യൂറോ ചക്രവർത്തി
പുതിയ നമസ്‌തേ പദ്ധതികൾക്കുവേണ്ടി ധനം ചെലവിടുമ്പോൾ
മയൂർ ഷെൽക്ക നീ ജീവനും മരണത്തിനുമിടയിലെ
ഒരു നല്ല സമരിയക്കാരനായ ഇടയാനായിരിക്കുന്നു..
ദേവാലയങ്ങൾക്ക് വേണ്ടി തകർക്കുവാനുള്ള
ഇതര ദേവാലയങ്ങൾ പരതുന്നവർക്ക്
ജാള്യത പകരുന്ന നാണിപ്പിക്കുന്ന നിശ്ചയദാർഢ്യം നിനക്കുണ്ട്!
പുതിയ ഭൂപടങ്ങളിൽ സഞ്ചരിക്കുവാനുള്ള
വിമാനങ്ങൾക്ക് വിലപേശുന്നവരുടെ മുഖത്ത്
കാർക്കിച്ചു പോകുന്ന മനുഷ്യത്വമാണ്,
ഈ മനുഷ്യരുടെ നന്മകർമ്മങ്ങളിൽ!
ഇവരിലൂടെ കാരുണ്യത്തുള്ളികൾ ഇറ്റിറ്റു ഉറവയാകുന്നു..
ജീവശ്വാസത്തിനുവേണ്ടി പിടയുന്നവർക്ക് മുൻപിൽ
ഷാനവാസ് ഷൈക്ക് നീ ഒരു മാലാഖയാണ്…
നിന്റെ ആഡംബരങ്ങളുടെ ഉല്ലാസ ലോകം ഒരു മായയാക്കി
ഹൃദയവായ്പോടെ നീ ഒരു നന്മയുടെ ബുദ്ധ ഭിക്ഷു ആയിരിക്കുന്നു!
റോസിയും, പാസ്‌ക്കൽ സാൽവേയും നിന്റെ മനുഷ്യത്ത്വമുള്ള
മനസിന്റെ ഒപ്പമുള്ള സഹയാത്രക്കാരാണ്..
എഴുതി തള്ളുവാനുള്ള കോർപ്പറേറ്റ് ലോണുകൾക്ക്
ഇനിയും ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന്
തിരയുന്നവരുടെ ഇരുമ്പു മനസ്സുകൾ..ഇങ്ങനെയങ്കിലും അലിയട്ടെ
കോവിഡ് മഹാമാരിയുടെ സംഹാര തരംഗം താണ്ഡവമാടി ..
രാജ്യം കത്തുമ്പോൾ വിരൽത്തുമ്പിന്റെ വിരുതുകളെ
വീണയിൽ ലയിപ്പിക്കുകയാണ് ആധുനിക ചക്രവർത്തി..
നിരത്തിൽ മരിച്ചൊടുങ്ങുന്നത് ദേശീയതയാണ്..
അവർക്കു വായ്ക്കരിയിടുവാൻ ആരും ഇല്ലാതാകരുത്
എന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തെ ആരൊക്കെയോ
തുടച്ചു നീക്കുവാൻ പദ്ധതിയിടുന്നുണ്ട്..
അവരുടെ മക്കളെയാണ് ദാഹജലം നൽകാതെ
ദൈവാങ്കണ പരിസരത്ത് തല്ലിച്ചതച്ചതും!
നിരോധന ബോർഡുയർത്തിയതും!
യുഗങ്ങൾ വിത്യാസമുള്ള നിലപാടുകളെ ഇനിയെങ്കിലും തിരിച്ചറിയൂ…
ഔദാര്യത്തിന്റെ അപ്പക്കഷ്ണവും
വീഞ്ഞും പ്രതീക്ഷിക്കാതെ കർമ്മനിരതരാകുന്നത്
ആരെന്നു തിരിച്ചറിയൂ..
മനുഷ്യനും മനുഷ്യനും തമ്മിലുള്ള
കടമകളാണ് അവർ നിർവ്വഹിക്കുന്നത്!
വേറിട്ട് ചിന്തിക്കുന്ന സൂര്യ ശിഖയാണ് അവർ പകരുന്നത്..
അതാണ് നാടിനു വേണ്ടത് എന്നാണ് അവർ ഉൽഘോഷിക്കുന്നത്
സ്വയം ഹൃദയത്തോട് സംവദിക്കുന്ന
ഒരു സമൂഹത്തിനെ നന്മമരങ്ങളാകുവാനും
ഇതരന് തണൽ നൽകുവാനും കഴിയു
എന്നവർ പഠിപ്പിക്കുന്നു!

അഷ്‌റഫ് കാളത്തോട്

By ivayana