രചന : ജയശങ്കരൻ .ഓ .ടി .

അമ്മ,ഇവിടെ യുണ്ടായിരുന്നപ്പൊഴേ
ക്കപ്പുറത്തെന്തോ തിടുക്കം.
പൂജക്കു പൂക്കളിറുക്കയാവാം,പോക്കു
വെയിൽ മാഞ്ഞുപോവതിൻ മുമ്പേ
പാൽ മണം മാറാത്ത പൈക്കിടാവിന്നിളം
തേൻപുല്ലു നുള്ളുകയാവാം.
ദൂരെയെങ്ങോ നിന്നുമെത്തുമതിഥിയെ
കാത്തുവഴിയിൽ നില്പാവാം.
സ്വല്പ നേരം താങ്കൾ വിശ്രമിച്ചാലു ,മീ
പൂമുഖവാതിൽക്കലെത്തും
പൂത്ത കണിക്കൊന്ന പോൽ ചിരി തൂകിവ-
ന്നിത്തറവാട്ടിലെയമ്മ.
ഏതു പുണ്യത്തിനാൽ നമ്മളീയമ്മതൻ
ഊഷ്മളസ്നേഹമേൽക്കൂന്നു
രാപകലില്ലാത്ത യാത്രതൻ ഭാരമീ
കാൽക്കലിറക്കി വെക്കുന്നു
വന്നവർ,പോയവ,രൊക്കെയുമമ്മക്കു
തൻ മക്കൾ പിഞ്ചു പൈതങ്ങൾ.
അമ്മതൻ വാഴ് വിലുടയവൻ നൽകിയ
നൽവരങ്ങൾ നമ്മളെല്ലാം .
രാവിലെ സൂര്യനെക്കാൾ മുമ്പുണരണം ,
കാവിൽ തിരി കൊളുത്തേണം.
കാതുയർത്തുന്ന പൂവാലിക്കു വാമൊഴി
പ്പാട്ടായ് സ്വകാര്യമോതേണം.
കാറ്റടിച്ചാകെ കരിയില ചാർത്തിയ
ചാറ്റടി വൃത്തിയാക്കേണം.
മൂത്തവർക്കൂന്നു വടിയായി നിൽക്കണം
താണവർക്കും തുണ വേണം
പാടത്തു നിന്നും വരുന്ന പണിക്കാർക്കു
തൂശനില നിരത്തേണം.
രാവും പകലും വിരാമമില്ലാതെയീ
തീയടുപ്പൂതി നിൽക്കേണം.
മേടവും ചിങ്ങവും ആതിരക്കാലവും ഓർക്കാതെയോർത്തുവെക്കേണം
ഓരോ വിശേഷവുമാണ്ടും പിറന്നാളും
മോടിയായ് തന്നെയാടേണം.
കാറും കുളിരും വെയിലും കിടാങ്ങൾക്കു
വാട്ടമാകാതെ നോക്കേണം
കൊയ്ത്തും മെതിയുമടുത്തു വന്നാൽ കള –
മുറ്റം മെഴുകി വെക്കേണം.
നെന്മണിക്കറ്റയാലില്ലംനിറ,പൊടി –
ക്കൂട്ടാലരി മാവിൻ കോലം.
വേനൽ തിളച്ചു നിന്നാലും വളപ്പിൻ്റെ
വേലി കെട്ടിക്കഴിയേണം
കാറ്റും മഴയുമൊരുങ്ങുന്നതിൻ മുമ്പെ
മേൽപുര ഓല മേയേണം
നൂറു പണികളാണെപ്പോഴുമമ്മക്കു
മേനി നിവർക്കുവാൻ വയ്യ
കാലും നിവർത്തി പടിയിലിരുന്നേറെ
പാട്ടുകൾ പാടുവാൻ വയ്യ.
കൊഞ്ചും കിടാങ്ങൾക്കു നേർവഴിയോതുന്ന
ചെല്ലക്കഥക്കിടമില്ല.
എപ്പോഴുമമ്മക്കൊരേ ഭാവ മെല്ലാർക്കു
മമ്മ തൻ സ്നേഹമാധുര്യം.
എത്ര പെയ്താലും നിറയില്ല ,കാറ്റടി
ച്ചാർത്താലും അണമുറിയില്ല.
എത്ര വെയിലേററാലും വാടിവീഴി,ല്ലേതു
മഞ്ഞിലും മരവിക്കുകില്ല..
അമ്മയുമെപ്പൊഴോ കണ്ണിൽ കനവുമായ്
തുമ്പി പോൽ പാറിയിട്ടില്ലെ
പൂക്കളോടും പുഴയോടും,പറക്കുന്ന
പക്ഷിയോടും കൊഞ്ചിയില്ലേ.
കൺകൾ തിളങ്ങുന്ന ജാലകപ്പാളിയിൽ
കൈമഴപ്പാറലേറ്റില്ലേ?
അമ്മയായ് തീർന്നതോടൊപ്പമീ ലോകവു
മന്യമായ് തീർന്നു പോയെന്നോ?
മിന്നാമിനുങ്ങിൻ്റെ വെട്ടമൊതുങ്ങിയ
വീടുറങ്ങിപ്പോയ പോലെ.
ഉള്ളിൽ നിന്നാരും പതുങ്ങിയ ശബ്ദത്തി
ലൊന്നു മുരിയാടുന്നില്ല
മുന്നിലെ പാരിജാതത്തിൻ്റെ പൂവീണു
മണ്ണിൽ പതിഞ്ഞിരിക്കുന്നൂ,
ചാരുപടിയിലെ പൂച്ചതൻ കാലുകൾ
വെൺചിതൽ മൂടി നില്ക്കുന്നു
അമ്മ, ഇവിടെ ഉണ്ടായിരുന്നെങ്കിലു
മപ്പുറത്തെന്തോ തിടുക്കം.
കൽവിളക്കിൻ തിരി കെട്ടുപോയ്
മുറ്റത്തു മഞ്ഞിൻ്റെ കോടി പുതപ്പായ്.
കണ്ണിമമാളി ത്തുടങ്ങിയെങ്കിൽ താങ്ക
ളിത്തിരി നേരമുറങ്ങൂ
നാളെ വെളുപ്പിനുണരേണ്ടതല്ലേ
യാത്ര തുടരേണ്ടതല്ലേ??

By ivayana