കഥ : നിഷിബ എം നിഷി*

രാവിലെ എഴുന്നേറ്റതു മുതൽ മീനാക്ഷിയമ്മയ്ക്ക് വല്ലാത്ത ഒരു അസ്വസ്ഥത. വീട് വിട്ട് ഒരിക്കലും നിൽക്കാത്തതാണ്. അതും അദ്ദേഹത്തെ വിട്ട് ഒരു രാത്രി പോലും കഴിഞ്ഞിട്ടില്ല. ഇത് അദ്ദേഹവും കൂടി നിർബന്ധിച്ചല്ലേ എന്നെ ഇവിടേക്ക് പറഞ്ഞു വിട്ടത്. നാളെ ആളിന്റെ പിറന്നാളാണ്, ഒപ്പം എന്റെയും. രണ്ടു പേരുടേയും പിറന്നാൾ ഒരേദിവസം അതെല്ലാവർക്കും അത്ഭുതം തന്നെയാണ്. തറവാട്ടു ക്ഷേത്രദർശനം മുടക്കാത്തതാണ്. കുട്ടികൾക്ക് അതെല്ലാം ഓർമ്മയുണ്ടോ ആവോ..
മീനാക്ഷിയമ്മയുടെ അദ്ദേഹം, മാധവൻ തമ്പി, അവർക്ക് മൂന്നു മക്കൾ, ഹരിഹരൻ, ഹരീന്ദ്രൻ, ഹരിത.

ഹരിഹരൻ വിദേശത്താണ് കുടുംബസമേതം. ഹരീന്ദ്രൻ തറവാട്ടിൽ അച്ഛനുമമ്മയ്ക്കുമൊപ്പം കാര്യങ്ങളെല്ലാം നോക്കി കഴിയുന്നു. ഹരിതയെ അവിടെ അടുത്തു തന്നെയാണ് കല്യാണം കഴിപ്പിച്ചയച്ചത് .
‘പാലാഴി’ തറവാട്ടിലെ കാരണവരായി അങ്ങനെ മക്കളുടേയും കൊച്ചു മക്കളുടേയും സ്നേഹത്തിലവരങ്ങനെ സന്തോഷമായിരിക്കുമ്പോഴാണ്, തന്റെ സ്വത്ത് മൂന്നു മക്കൾക്കുമായി ഭാഗിക്കുന്ന കാര്യം മാധവൻ തമ്പി തീരുമാനിച്ചത്. അതു രണ്ടു ദിവസം മുൻപ് നടപ്പിലാക്കുകയും ഓരോരുത്തർക്കായി കൈമാറുകയും ചെയ്തു.

അതു കഴിഞ്ഞതിന്റെ പിറ്റേദിവസമാണ് ഹരിത പതിവില്ലാത്ത ഒരാവശ്യം ഉന്നയിച്ചത്. അമ്മ രണ്ടു ദിവസം തന്റെ കൂടെ വന്നു താമസിക്കണം. അങ്ങനെയാണ് മീനാക്ഷിയമ്മ ഹരിതയുടെ വീട്ടിലെത്തിയത്. തറവാട്ടിൽ മാധവൻ തമ്പിയുടെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. മക്കളുടെയടുത്ത് പറയാനും കഴിയാതെ രണ്ടു പേരും വീർപ്പുമുട്ടി.

ഒരു രാത്രി കൂടി കടന്നു പോയി. പതിനാറാം വയസ്സിൽ ആളിന്റെ കൈയും പിടിച്ച് കടന്നു വന്നതാണ് പാലാഴിയുടെ പടി. ആ പാലാഴിക്കപ്പുറം മറ്റൊരു സ്വർഗ്ഗവും ആഗ്രഹിച്ചിട്ടില്ല. എന്നാലും ഈ അകൽച്ച വല്ലാതെ വേദനയാവുന്നു. പുലർച്ചെ ഹരിത വന്നു വിളിച്ചു. ഒരിടം വരെ പോവണമെന്നും അമ്മ തയ്യാറാവണമെന്നും പറഞ്ഞു. അപ്പോഴും മറുത്തു പറയാൻ നാവുയർന്നില്ല.
രാവിലെ കുളിച്ചു, സെറ്റുമുണ്ട് എടുത്തുടുക്കുമ്പോൾ കണ്ണു നിറഞ്ഞു. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും പുടവ വാങ്ങിയാണ് ഓരോ പിറന്നാൾ ദിനവും തുടങ്ങുന്നത്. പുടവ നൽകി നിന്നെ സ്വന്തമാക്കാൻ കഴിയാത്തതിന്റെ പ്രായശ്ചിത്തമാണെന്ന് പറഞ്ഞാണ് പുടവ കൈയ്യിൽ തരിക.

അതൊരു സത്യമാണ്. വീട്ടുകാരെ ധിക്കരിച്ച് അദ്ദേഹത്തിന്റെ കൂടെ ഇറങ്ങി വരുമ്പോൾ മാറിയുടുക്കാൻ മറുപുടവ പോലുമില്ലായിരുന്നു. സ്വന്തം അധ്വാനത്തിൻ ഇത്രയും ഉണ്ടാക്കിയെടുക്കുമ്പോൾ ഒരിക്കൽ പോലും എന്റെ കരങ്ങൾ കൈവിട്ടില്ല. കണ്ണു തുടച്ച് ഹരിതയുടെ കൂടെ കാറിൽ പുറപ്പെട്ടപ്പോൾ മയക്കം അറിയാതെ മിഴികളെ തഴുകി.
ഹരിതയുടെ വിളി കേട്ട് ഉണർന്നപ്പോൾ പെട്ടെന്ന് ചുറ്റും നോക്കി. തറവാട്ട് ക്ഷേത്രനടയിലാണെന്നു കണ്ടു ചോദ്യഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി. ചെറു ചിരിയോടെ കാറിന്റെ ഡോർ തുറന്നു തന്നെ ചേർത്തു പിടിച്ച് നടയിലേക്ക് കൊണ്ട് പോയി. അവിടെ ഹരിക്കുട്ടനേയും ഇന്ദ്രനേയും ബാക്കിയെല്ലാവരേയും കണ്ടു അത്ഭുതത്തോടെ ചുറ്റും നോക്കി.

പേരക്കുട്ടികളുടെ കൂടെ ആയിരം സൂര്യചന്ദ്രപ്രഭയോടെ നടന്നു വരുന്ന അദ്ദേഹത്തെ കണ്ട് മനസ്സ് നിറഞ്ഞു. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. എല്ലാവരും കൂടി ചേർന്ന് ശ്രീകോവിലിന്റെ മുന്നിൽ നിർത്തി. ഒരു സ്വപ്നം പോലെ കഴുത്തിലണിയിക്കപ്പെട്ട വരണമാല്യം, കൈയ്യിൽ നൽകിയ പുടവ, ഒപ്പം കഴുത്തിൽ താലിയും നിറുകയിലെ സിന്ദൂരവും. എഴുപതിൽ നിന്നും പതിനാറിലെത്തിയതു പോലെ.

മക്കളെല്ലാം ചുറ്റും നിന്ന് ചേർത്തു പിടിച്ചപ്പോൾ സ്വപ്നത്തിൽ നിന്നും ഭൂമിയിലേക്ക് വന്നത്. എല്ലാവരും ചേർന്നെടുത്ത തീരുമാനമായിരുന്നു അതെന്ന്. അച്ഛന്റെ ശതാഭിഷേകവും അമ്മയുടെ സപ്തതിയും കല്യാണദിവസമാക്കി എല്ലാവരേയും ക്ഷണിച്ചു വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷമാക്കാൻ. എല്ലാവരുടേയും നടുവിൽ ആ കരം ഗ്രഹിച്ച് ചേർന്നു നിൽക്കുമ്പോൾ ജീവിതം സാർത്ഥകമായി.ആയിരംചന്ദ്രന്മാരുടെ ദർശനഭാഗ്യത്തേക്കാൾ ഈ സ്നേഹപാലാഴിയിലലിയുന്നതിന്റെ സുഖം ഒരിക്കലും അവസാനിക്കാതിരിക്കാനുള്ള പ്രാർത്ഥനയോടെ, സർവ്വാഭരണവിഭൂഷിതയായി ശ്രീകോവിലിൽ വിരാജിക്കും ദേവിയെ നിറകണ്ണുകളോടെ തൊഴുതു നിന്നു..

നിഷിബ എം നിഷി

By ivayana