വിനോദ്.വി.ദേവ്.*

കമ്മ്യൂണിസ്റ്റാകാൻ മോഹിച്ച ഒരാൾ
ഉറക്കമൊഴിച്ചിരുന്നു തത്വശാസ്ത്രം പഠിക്കുന്നു.
ഓരോ വായനയിലും
അയാൾ കൂടുതൽ കൂടുതൽ മെലിഞ്ഞുപോകുന്നു.
തന്റെ കാറിനോടും വീടിനോടും വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങളോടും ഓരോ പുസ്തകം വായിക്കുന്തോറും
അയാൾക്ക്
പ്രണയംനഷ്ടപ്പെടുന്നു.
തന്റെ ഓഫിസ്സുമുറിയെ
ഇതിനോടകം അയാൾ മറന്നിരുന്നു.
മുറിപോലെ ഹൃദയത്തിലും മാറാലകൾ അടിഞ്ഞുകൂടുന്നത്
അയാളറിഞ്ഞു., എങ്കിലും
മാസങ്ങളായി കണ്ണാടിയിൽ
നോക്കാൻ മറന്നതുകൊണ്ട്
മീശ കൂടുതൽ നരച്ചതും
മുഖത്ത് വിഷാദത്തിന്റെ ചുളിവുകൾ വീണതും അയാളറിഞ്ഞില്ല.
അയാൾ ദുഃഖിച്ചു
വ്യവസ്ഥിതികളെക്കുറിച്ചോർത്തുമാത്രം.
തത്വശാസ്ത്രങ്ങൾ ഒരു കണ്ണാടി അയാൾക്കു സമ്മാനിച്ചിരുന്നു.,
അയാൾ അതിൽമാത്രം നോക്കിക്കിടന്നു.
ഒടുവിൽ ഉടുത്തിരിക്കുന്ന
തന്റെ വിലകൂടിയ വസ്ത്രങ്ങൾ
ഉരിഞ്ഞെറിഞ്ഞു അയാൾ
മുറിയിൽ നഗ്നനായി കിടന്നു.,
എങ്കിലും തന്റെ ശരീരം അയാൾ കണ്ടതേയില്ല.
ഒരുറക്കത്തിൽ അന്റോണിയോ ഗ്രാംഷിയെ സ്വപ്നംകണ്ട്
അയാൾ ഊർജ്ജസ്വലനാകുന്നു,.
പല രാത്രിയിലും അൽത്തൂസറും ലെനിനും മാർക്സും അയാളോടു സംസാരിക്കാൻ വന്നെത്തിയിരുന്നു.,
അവർ മിച്ചമൂല്യസിദ്ധാന്തത്തെക്കുറിച്ചും തൊഴിലാളികളുടെ സർവ്വാധിപത്യത്തെക്കുറിച്ചും ചർച്ചചെയ്യുന്നു.
“വിപ്ളവം ജയിക്കട്ടെ ” എന്നയാൾ
ഉറക്കത്തിൽ പുലമ്പിപ്പുലമ്പിക്കിടക്കുന്നു.
“മൂലധനത്തിന്റെ താളുകളിൽ
ചെങ്കൊടി പൂത്തുനില്ക്കുന്നതുകണ്ട്
അയാൾ സ്വയം മറന്നുറങ്ങുന്നു.
സ്വയം തത്വശാസ്ത്രമായി മാറി ആഹ്ളാദിക്കുന്നു.
പൊടുന്നനെ
കേവലം വൃദ്ധനും
ചുമരോഗിയുമായി രൂപാന്തരപ്പെട്ട നാളിൽ
അയാൾ വീടുവിട്ടിറങ്ങിപ്പോയ് ..
തെരുവിൽ കർഷകനെയും കൂലിവേലക്കാരനെയും തിരഞ്ഞുനടന്നു.
എങ്കിലും അയാളെ ആർക്കും വേണ്ടിവന്നില്ല.
വയലുകൾ കൊയ്യുന്ന ചെറുമികൾ അയാളെ കണ്ടില്ല.
അയാൾക്ക് നേരെ ചെങ്കൊടി ആരും നീട്ടിയില്ല.
കമ്മ്യൂണിസ്റ്റെന്ന് ആരും വിളിച്ചില്ല.
സൂര്യൻ പലർക്കായി വീതിക്കപ്പെട്ടിരുന്നു.,
പ്രകാശം വീണുചിതറുന്ന ഭൂമിയും..
സഖാക്കൻമാർ അവിടെ അധികാരത്തിന്റെ ലഹരിയിൽ ഒഴുകിനടക്കുന്നു.
ആജ്ഞകൾ കൊടിപിടിച്ചു ജാഥ നയിക്കുന്നു ‘
അയാൾ അതിവേഗത്തിൽ തിരിച്ചുനടന്നു പുസ്തകമുറിയിലേക്ക് ഓടിക്കയറി
തത്വശാസ്ത്രങ്ങളുമായി
വേർതിരിച്ചെടുക്കാനാകാത്ത വിധത്തിൽ അലിഞ്ഞലിഞ്ഞുചേർന്നു.

By ivayana