കവിത : ജയശങ്കരൻ ഒ ടി*

വെറുതെ കൺചിമ്മുമ്പോൾ
പടവുകൾ താഴ്ന്നുപോയ്
ഇരുളിൻ കയത്തിലാഴുന്നു
നിലകാണാക്കൊല്ലിയിൽ
നോവിൻ ചുഴികളിൽ
ഗതകാലം പെയ്തു നിൽക്കുന്നു.
അതിലൊരു പിഞ്ചു
കിടാവിൻ വിശപ്പിന്റെ
നിറുകയിൽ വിരലമർത്തുന്നു
കരിമൂടി മങ്ങിയ
ജാലകപ്പാളിയിൽ
മിഴിനീരുപാടകെട്ടുന്നു
നിറമായിരുന്ന പൊൻ
ചേലയിൽ ഗൂഡമായ്
ഒരു മയിൽപീലി നീളുന്നു.
വെറുതെ ചിരിക്കുമ്പോൽ
പ്രാകുന്ന കാറ്റിന്റെ
നറുമണം തട്ടി മാറുന്നു.
കുടിലിന്റെ മറപറ്റി
ചുരമാന്തിയെത്തുന്ന
മരണംനഖം കടിക്കുന്നു.
വെറുതെ കണ്ണടയുമ്പോൾ
പടുകൂറ്റൻ നിഴലുകൾ
ഇടനെഞ്ചിൻ കാലമർത്തുന്നു
ഇഴയുന്ന പാമ്പിന്റെ
മൺപുറ്റിൽ നിറയുന്ന
പ്രതികാരം പത്തി നീർത്തുന്നു..
വെറുതെയിരിക്കുമ്പോൾ
പിറകിൽ മറഞ്ഞാരോ
വലയെറിഞ്ഞിരയെ മൂടുന്നു.
പല കോണിൽ നിന്നെയ്യും.
മുനയൊന്നു ചേർന്നൊരു
ശരകൂടമായൊരുങ്ങുന്നു
വെറുതെയിരിക്കുമ്പോൾ
കരയുന്ന കണ്ണുമായ്
അഭയ കാലങ്ങളെത്തുന്നു.
വെറുതെ ദുസ്വപ്നങ്ങൾ
പൂക്കളായ് വിരിയുന്നു.
സ്വയമേവ വാടിവീഴുന്നു.

By ivayana