കവിത : ബിജു കാരമൂട് *

നീലിപ്പാറയിൽ നിന്നും
ആനപ്പാറയ്ക്കു
പോകുന്ന
ചെമ്മൺവഴി
ഒരു
കാട്ടുപട്ടിക്കൂട്ട്
ടൈഗർ ബിസ്കറ്റിൽ
ഒപ്പുവച്ചു
കൂടെക്കൂടിയത്
പെട്ടെന്ന്
ആകാശം വെടിച്ച്
ആയിരം മയിലുകൾ
വഴിക്കപ്പുറത്തെ
മാന്തോപ്പിൽ നിന്ന്
ഇപ്പുറത്തെ മാന്തോപ്പിലേക്ക്.
തീരാതെ തീരാതെ.
കഴുത്തുയർത്തി
കണ്ടുകണ്ട്
കിടന്നു
ആ മണ്ണിടവഴിയിൽ
അതങ്ങനെ
ആമ്പാടിയിൽ
തുടങ്ങി
കൈലാസത്തിൽ
അവസാനിച്ചു
പട്ടി
ചിറിയിൽ നക്കി
എണീപ്പിച്ചപ്പോഴേക്ക്
മയിൽമഴ കഴിഞ്ഞു.
എന്തൊരു സന്ധ്യ
ആനപ്പാറയിലെ
ദേവിക്ക്
ഇന്നിനിയൊന്നും
പറയാനുണ്ടാവില്ല.
അവൻ നടന്നു
ഒപ്പം ഞാനും
അതുവരെ
കഴിച്ചതും
ഉടുത്തതുമെല്ലാം
അഴിഞ്ഞു വീണു.

ബിജു കാരമൂട്

By ivayana