കവിത : വി.ജി മുകുന്ദൻ*

ഒരിക്കൽ,
കണ്ണട തിരയുകയായിരുന്ന അവൻ
തിരച്ചിലിനൊടുവിൽ
കണ്ണുകൾ കളഞ്ഞുപോയി
കണ്ണാടിയ്ക്കു മുന്നിലെത്തി
രണ്ടും വീണ്ടെടുത്ത്‌
വിജയശ്രീലാളിതനായി…!!
മറ്റൊരിക്കലവൻ
അവനെ തേടി
തെരുവിൽ അലഞ്ഞുനടന്ന്
പോലീസ് വണ്ടിയിൽ
വീട്ടിൽ എത്തിയപ്പോൾ;
അച്ഛന്റെ ഉന്നതിയിൽ
മകന് അഭിമാനവും
ഭാര്യയ്ക്ക് അപമാനവും
തോന്നിയിരിക്കാം…!!
പലപ്പോഴും
പാതിവഴിയിൽ
സ്വയം നഷ്ടപെട്ട്
അവൻ,
മറവിയുടെ
അന്ധകാരത്തിലേക്കുള്ള
യാത്ര തുടങ്ങിയിരുന്നു…!!
പിന്നീട് കാണുമ്പോഴെല്ലാം
അവനവന്റെ
മുറിയിൽതന്നെ
നടന്നുകൊണ്ടിരിക്കുകയും
എന്തെങ്കിലുമൊക്കെ
പിറുപിറുക്കുകയുമായിരിക്കും..!!
മനസ്സ് നഷ്ടപെട്ട കണ്ണുകളിൽ
കാർമേഘങ്ങളില്ലാത്ത
നീലാകാശത്തിന്റെ തെളിച്ചവും
ചിലപ്പോൾ ശൂന്യതയുടെ
ഇരുട്ടുമായിരുന്നു…!!
ചിലനേരങ്ങളിൽ
പേര് പറഞ്ഞ് വിളിച്ചാലും
തട്ടി വിളിച്ചാലും
മുഖമൊളിപ്പിച്ച്
അവൻ….
കളഞ്ഞുപോയ മനസ്സിനെ
തിരയുകയായിരിക്കും…!!!
മറവിയുടെ ശൂന്യതയിലേയ്ക്ക്
എത്തിപ്പെട്ട അവന്റെ മനസ്സ്
എന്തായിരിക്കും തിരയുന്നത്….
ചിന്തിക്കുന്നതും…!!!!?

By ivayana