കവിത : ജോയി ജോൺ*

എട്ടാം ക്ലാസ്സിലെ മെലിഞ്ഞൊട്ടിയ സാമൂഹികപാഠത്തിൻ്റെ
അന്ത്യത്തിലെ അഞ്ചു താളുകളിലാണ്
പൗരധർമ്മം എഴുതി
ചേർക്കപ്പെട്ടിരിക്കുന്നതെന്ന്
വിദ്യാർത്ഥിക്കറിയാം!
ധർമ്മമെന്തന്നയറിയാത്ത
പൗരന്മാരുടെ
ചരിത്രമായതിനാലാവാം പുസ്തകം മെലിഞ്ഞുണങ്ങിയതെന്നവൻ
പുസ്തകത്തിൻ്റെ
പുറം താളിൽ കുറിച്ചിട്ടു!
ചരിത്രത്തിനും
പൗരധർമ്മത്തിനുമിടയിൽ
കുടുങ്ങിക്കിടക്കുന്ന
ഭൂമിശാസ്ത്രത്തിലൂടെയവൻ
തിരഞ്ഞെത്തിയത്
അറബിക്കടലിൽ പൊന്തി നിൽക്കുന്ന
ജൈവ,വർണ്ണ വൈവിധ്യങ്ങൾക്കുത്തുംഗമേറിയ പവിഴദ്വീപിലേക്ക്!
ഇന്നിൻ്റെ ഭൂമിശാസത്രത്തിലൂടെ ,
പരതിയപ്പോഴാണ്
മനുഷ്യാവകാശ
ധ്വംസനങ്ങളെ അവൻ വായിച്ചെടുത്തത്,
സാംസ്ക്കാരികപൈതൃകാധിനിവേശത്തിൻ്റെ നേർക്കാഴ്ചയിലെത്തിയത്!
തദ്ദേശീയസ്വാതന്ത്ര്യത്തെ
പാരതന്ത്ര്യത്തിൻ്റെ കൂട്ടിലടച്ചെന്നവൻ, പൗരധർമ്മത്തിൻ്റെ
ഒന്നാം താളിൽ കുറിച്ചിട്ടു!
പൊടുന്നന്നെ,
സാമൂഹികപാഠമടച്ചുവച്ചവൻ,
കണക്കു പുസ്തകത്തിലൂടെ
ഭാവിയിലേയ്ക്കുള്ള
കൂട്ടലും കിഴിക്കലും തുടർന്നു!

By ivayana