കെപി എസി വിൽസൺ*

ആകയാൽ,
ഇനി നമുക്ക്
വെളിപാടിൻ്റെ പുസ്തകം വായിക്കാം.
പവിഴപ്പുറ്റുകളുടെ
സ്ഫടികദ്വീപുകളിൽ അശാന്തിയുടെ
വിശുദ്ധപശുക്കൾ മേയാനിറങ്ങുന്നത് കാണാം.
രണ്ടായിരമാണ്ടുകൾക്ക് ശേഷവും
ഇന്ദ്രപ്രസ്ഥത്തിലെ കൊട്ടാരത്തിൽ നിന്നും
ഡൊമീഷ്യൻ ചക്രവർത്തിയുടെ
കല്പനകൾ കേൾക്കാം.
ഞാനാണ് രാജ്യം …!
ഞാനാണ് ദൈവം..!
പുണ്യം വറ്റിപ്പോയ മഹാനദികളിൽ
പുഴുവരിച്ചൊഴുകുന്ന
മൃതശരീരങ്ങളെ മോക്ഷത്തിലേയ്ക്ക്
വലിച്ചിഴയ്ക്കുന്ന നായ്ക്കൾ
അതുകേട്ട് ഉറക്കെ ഓരിയിടുന്നത് കേൾക്കാം…
ഞാനാണ് രാജ്യം..!
ഞാനാണ് ദൈവം..!
മതങ്ങളുടെ വിജയഭേരിയിൽ
മനുഷ്യരുടെ വിലാപങ്ങളമർന്ന് പോകുന്നത് കേൾക്കാം…
ഒരിടത്ത് ജയിക്കുന്നവൻ
മറ്റൊരിടത്ത് തോൽക്കുന്നതും
ഒരിടത്ത് കരയുന്നവൻ
മറ്റൊരിടത്ത് ചിരിക്കുന്നതും കാണാം.
ഉല്പത്തിയുടെ അസംബന്ധത്തിൽ നിന്നും
വെളിപാടിൻ്റെ ബോധോദയത്തിലെത്തും മുൻപെ
മഹാമാരി വിഴുങ്ങുന്നതും കാണാം..!
രാജ്യാതിർത്തികൾ,
മതവിദ്വേഷങ്ങൾ,
വർണ്ണവെറികൾ,
ആണവശക്തികൾ,
സമ്പത്ത്, പൈതൃകം ഒന്നും അറിയില്ലല്ലോ
മഹാരോഗത്തിൻ്റെ
സൂഷ്മജീവന്…!!
ആയതിനാൽ,
നമുക്കിനി
വെളിപാടിൽ നിന്നും
ഉല്പത്തിയിലേക്ക് സഞ്ചരിക്കാം…!!

By ivayana