കവിത : ബിജു കാരമൂട് *

കടലുകളിൽ നിന്ന്
കാടുകളിലേക്ക്
കയറിപ്പോയവൻ
അരക്കെട്ടിലെ
അംശവടി
പിഴുതെടുത്ത്
അജപാലനായുധമാക്കി
ഇടയനായി.
കൂട്ടം തെറ്റിപ്പോയ
കുഞ്ഞാടിനെത്തേടി അലഞ്ഞലഞ്ഞ്
കണ്ടുപിടിച്ച്
ഒടുവിൽ
പിൻകാലുയർത്തി
പെണ്ണെന്ന് കണ്ട്
അതിനെ
മലഞ്ചരുവിലുപേക്ഷിച്ചു
അന്നുമുതലത്രേ
അൾത്താരയാടുകളുടെ
കുലം പിറന്നത്.
പെണ്ണാടുകളെ
മോഷ്ടിക്കുന്ന
ദൈവമായിരുന്നു
ഇടയന്റെ ശത്രു
അഞ്ച്
പെണ്ണാടുകളെക്കൊണ്ട്
അവൻ
അയ്യായിരം
നിലങ്ങൾക്ക്
പാലൂട്ടി.
ഒരു പുരുഷാരത്തിന്
ഒരു പെണ്ണുടൽ
ഒരു മറി(മാ)യത്തിന്
ഒരു കുരിശ്
എന്നിങ്ങനെ
അവൻ
ഭൂമിയെ വിഭജിച്ചു.
മലയും മരവും
മുള്ളും ആണിയും
അലിയിക്കുന്നതെന്താണെന്ന്
ഇടയനൊരിക്കലുമറിഞ്ഞില്ല
ആയതിനാലിന്നും
ദൈവം
സുരക്ഷിതൻ
ദേവാലയൻ.

ബിജു കാരമൂട്

By ivayana