കവിത : രഘുനാഥൻ കണ്ടോത്ത്*

പ്രിയേ! പ്രണയമേറെപ്രിയങ്കരമെങ്കിലും
പ്രവാസവിരഹം വരിച്ചു നാം
പ്രാരാബ്ധം ചെന്നായ്ക്കളായിരച്ചെത്തവേ
പാരാവാരം പ്രക്ഷുബ്ധമെന്നാരോർക്കുവാൻ?
പ്രണയപ്രയാണങ്ങൾക്കിന്ധനം പണം
അതില്ലാത്തവൻ പിണം!
പ്രതീക്ഷകളിലൊഴുകും ജലപേടക‐
പ്രയാണമല്ലോ ജീവിതം!

കൂട്ടായ്മകളിൽ കൂട്ടംതെറ്റിയലഞ്ഞു നാം
കടലകറ്റിയ രണ്ടിണപ്രാവുകൾ!
ശരീരമകലെയാണെങ്കിലും നമ്മൾതൻ
ശാരീരങ്ങളന്തിക്കൂട്ടുകാർ!
സാഗരസീമകൾ താണ്ടിനാം സംവദിപ്പൂ
സെൽഫോണുകൾ നമുക്ക് ഹംസങ്ങൾ!!

പെയ്യും മരം വൃശ്ചികക്കുളിരിൽ
ശയ്യാതലങ്ങളിൽ മിഴിനീരുതിരും
കൊഴിയും നിദ്രാവിഹീനരജനികൾ!
ഒടുങ്ങും മരീചികയായ് വസന്തമോഹം!
ചക്രവാളത്തിൽ കണ്ണും നട്ടുനാമിരിപ്പൂ
ചക്രവാകപ്പക്ഷികൾ!
തിരകളുറഞ്ഞുതുള്ളും കടൽ
ഇരുതീരങ്ങളിൽ നാമിരുവർ!!

By ivayana