കവിത : പാപ്പച്ചൻ കടമക്കുടി *

ഒരു പരിസ്ഥിതിക്കവിത

ഒരുമരം തൈമരം ഞാൻ നടുന്നു
തൊടിയിലെൻ നാടിനു തണലു നല്കാൻ.
ദിവസേന വെള്ളവും വളവുമേകി
അതിനെ ഞാൻ പൊന്നുപോൽ കാത്തു പോരും.
അമ്മതൻ സ്നേഹ വാത്സല്യമെല്ലാം
നന്മയോടെൻചെടിക്കേകിടും ഞാൻ .
തളിരിട്ടു ശാഖയായ് ഹരിതവർണ്ണ –
നിറവായെൻ തൈമരം വളരുമല്ലോ.
മരമെന്റെ തോഴനാ,ണുറ്റതോഴൻ
സുഖമാർന്ന കാവലാളായ തോഴൻ.
കരിവിഷം തിന്നുതിന്നോക്സിജന്റെ
കാരുണ്യമേകുന്ന നല്ലതോഴൻ.

കിളികളും തുമ്പിയും കുഞ്ഞുകാറ്റും
കളിയാടിടുന്ന പൂഞ്ചില്ലതോറും
മധുരമഞ്ഞക്കായ്കളെത്രയെന്നോ
രുചിമണത്തും കടിച്ചും ചവച്ചും
അണ്ണാറക്കണ്ണൻ ചിലച്ചിടുമ്പോൾ
തൊണ്ണൂറുനാവിലും വെള്ളമൂറും.

മഴയത്തു നൃത്തമാടുന്നു , പിന്നെ
മരം പെയ്തു നമ്മെ നനച്ചിടുന്നു ,
മഞ്ഞിലും കുളിരാൽ വിറയ്ക്കുമ്പൊഴും
നെഞ്ഞിലെച്ചൂടും പകർന്നുനല്കും .
കണ്ണാരം പൊത്തിയൊളിച്ചുകണ്ടും
മണ്ണപ്പംചുട്ടു . കളിച്ചിടുമ്പോൾ
മുത്തശ്ശിയമ്മയെപ്പോലെ നില്ക്കും
മുത്താരംകുന്നിലീയെന്റെ വൃക്ഷം.

വെയിലിന്റെ തുള്ളികളിറ്റുവീഴും
തണലിന്റെ പുള്ളിവിരിപ്പിനുള്ളിൽ
ഓടിത്തളർന്നു വിയർത്തു നമ്മൾ
ഓരോരോ കഥകൾ പറഞ്ഞിരിക്കേ
കുയിലിന്റെ പാട്ടിന്റെ താളമോടെ
കൂട്ടത്തിൽ കാറ്റിനോടൊപ്പമാടാൻ
ആ മരക്കൊമ്പത്തൊരൂഞ്ഞാലിടാൻ
ആയിരം കൂട്ടുകാരൊത്തുചേരും.

നിന്നാലും വീണാലും മാനവർക്ക്
എന്നാളുമുപകാരിയാണു വൃക്ഷം
ഒരു കുട്ടിക്കൊരുമരമിതെന്റെ മരം
ഒരുമതൻ തൈമരം സ്നേഹമരം
മരമെന്നൊരത്ഭുതം ഭൂവിനേകി
പരമോന്നതൻ സർവ്വശക്തനീശൻ
ഒരുമരം തൈമരം ഞാൻ നടുന്നു
അരുമയാം നാടിനു തണലു നല്കാൻ.

പാപ്പച്ചൻ കടമക്കുടി

By ivayana