വാസുദേവൻ കെ വി*

സമയാസമയങ്ങളിൽ അവളെത്തും അവനോട് ചാറ്റാൻ … അവനെ മുഷിപ്പിക്കാതിരിക്കാൻ ഇടയ്ക്ക് ഹോട്ട് ഫില്ലർ ഡയലോഗുകളിടും. അവനതൊക്കെ എന്നേ മടുത്തു കഴിഞ്ഞു . സൗഹൃദപൂർവ്വം അവനവളെ ഉപദേശിക്കും. “പാടില്ല.നമ്മെ നമ്മൾ മറന്നു കൊണ്ടൊന്നും…”. അവളുടെ കലിപ്പോടെയുള്ള മറു ചോദ്യം. “ഉപദേശം ചൊരിയാൻ നിങ്ങളാര് സൂഫിവര്യനോ??!! “. “അതെ.. സൂഫി വര്യന്മാരായി ആരും ജനിക്കുന്നില്ല.

ജീവിതാനുഭവങ്ങളിലൂടെ ഓരോ സൂഫിയും സൃഷ്ടിക്കപ്പെടുകയാണ് പെണ്ണേ…. നീ തിരിച്ചറിയുക ആരാണ് സൂഫി യെന്ന്.. അവനാ കഥ ഓർത്തു ചൊല്ലി.. കൊലയാളി സൂഫി വര്യനെ ചെന്നു കണ്ടു ശിഷ്യനായി. തന്റെ ഭാഗത്ത് നിന്നു സംഭവിച്ച കൊലപാതകത്തക്കുറിച്ച് അയാൾ സൂഫിയോട് ഏറ്റു പറഞ്ഞു. സൂഫി ചോദിച്ചു: ‘ തനിക്കു കുറ്റ ബോധം തോന്നുന്നുണ്ടോ? ‘ അയാള് പറഞ്ഞു: ‘ഉണ്ട് ‘ സൂഫി: ‘പ്രായശ്ചിത്തം ചെയ്യണമെന്നുണ്ടോ?’.

മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. മൂന്നുനാൾ നീണ്ട നിശ്ശബ്ദതയ്ക്കൊടുവിൽ സൂഫി ഒരു പിക്കാസും കൊടുത്തയാളെ വരൾച്ചയുള്ള ദേശത്ത് കിണർ കുഴിക്കാനയച്ചു..മൂന്നു നാളുകൾ ക്കുശേഷം കൊല്ലപ്പെട്ടയാളുടെ പ്രതികാരദാഹവുമായി നടക്കുന്ന മകൻ സൂഫിയുടെ അടുത്തെത്തി .അച്ചന്റെ കൊലയിലുള്ള ദു:ഖവും പ്രതികാരദാഹവും അറിയിച്ചു. സൂഫി ചോദിച്ചു: ” നിങ്ങൾക്ക് പ്രതികാരം ചെയ്യണമെന്നുണ്ടോ?” മകൻ പറഞ്ഞു: ‘തീർച്ചയായും. കണ്ടുമുട്ടുന്ന ആദ്യ അവസരത്തില് ഞാനയാളുടെ കഥ തീർക്കും’. മറ്റൊരു പിക്കാസും കൊടുത്ത് കിണർ കുഴിക്കുന്ന കൊലയാളിയുടെ അടുത്തേക്കവനെ അയച്ചു..

ജലദൗർലഭ്യം ജീവിതം ദുസ്സഹമാക്കിയിരുന്ന പ്രദേശത്ത് പകുതിഭാഗം പണിതീർന്ന കിണർ കുഴിച്ചുകൊണ്ടിരുന്ന കൊലയാളിയെ മകൻ കണ്ടു. പ്രതികാരദാഹത്തോടെ അടുത്തുവന്ന അവനോട് കൊലയാളി പറഞ്ഞു: “എന്നെ കൊന്നോളൂ, ഈ കിണറിന്റെ പണി തീർന്നിട്ട്,. ‘ അക്ഷമയോടെ കാത്തിരുന്ന മകൻ തന്റെ കയ്യിലുള്ള പിക്കാസുമായി കിണർ കുഴിക്കാൻ കൊലയാളിയോടൊപ്പം ചേർന്നു.

കിണർ പണി തീർന്നു, വെള്ളം ലഭിച്ചു, പ്രതികാരം ഏറ്റുവാങ്ങാൻ തയാറായി കൊലപാതകി ആ മകന്റെ മുന്നിൽ നിന്നു.സൂഫിയുടെ സാന്നിധ്യത്തിലാകാമെന്നു പറഞ്ഞ് മകൻ അയാളെ സൂഫിയുടെ മുന്നിലെത്തിച്ചു.. സൂഫി ചോദിച്ചു: “എന്തേ കൊന്നില്ല..? ” മകൻ പറഞ്ഞു: ” ഒരു സൂഫിയെ കൊല്ലാനെനിക്കാവില്ല, ഇപ്പോൾ അയാളൊരു സൂഫിയാണ്.” പുഞ്ചിരിച്ചുകൊണ്ട് സൂഫിവര്യൻ പറഞ്ഞു: “താങ്കളും”!!.

By ivayana