ദിജീഷ് കെ.എസ് പുരം.✍️

നോട്ടമെത്താ ദൂരം പരന്നുകിടക്കുന്ന
വലിയ വയലുകളുടെ ചതുർഭുജങ്ങൾ,
ഒത്ത നടുവിലൊരു കുഞ്ഞു തുരുത്ത്,
അവിടെയൊരു ചെറിയ വീട്,
അതിലൊറ്റയ്ക്കൊരു യുവതിയുടെ താമസം.
പാടാതിർത്തികളിൽ ഏതുകാലത്തും
വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ദേശങ്ങൾ.
കർഷകർക്കിടയിൽ, നാട്ടുകാർക്കിടയിൽ
പ്രചുരപ്രചാരം നേടിയ
അവളുടെ അത്ഭുത സത്യകഥകൾ
കഥകളിൽ, വീടിനു കാവലായ്,
അവൾക്ക് കാവലായ്
ജലാശയത്തിലൊരു ഭീമൻ മുതല!
അവൾ മന്ത്രവിദ്യയാൽ രൂപംമാറി
മുതലയായി നീന്തുന്നതാണെന്നും
അതല്ല, അവളുടെ മന്ത്രവാദിയായ കാമുകനാണതെന്നും വാദിക്കുന്ന
അതികഥകളുണ്ട്!
ഒരേ സമയം മുതലയേയും അവളേയും
ഒന്നിച്ചു കണ്ടുവെന്നും, അപ്പോൾ മുതലയെ
മടിയിൽക്കിടത്തി കൊഞ്ചിച്ചുകൊണ്ടവൾ ചോറുവാരിക്കൊടുക്കുകയായിരുന്നുവെന്നും അസന്ദിഗ്ധമായി അവകാശപ്പെട്ട ദൃക്സാക്ഷിക്കഥകളുമുണ്ടായിരുന്നു!
ശാപംകിട്ടിയ ഏതോ ഗന്ധർവ്വനാണതെന്നും
പൗർണ്ണമിരാവുകളിൽ, പൂർണ്ണ നഗ്നയായവൾ
മുതലഭാരംതാങ്ങി ജലോപരിതലത്തിൽ
ആകാശംനോക്കിക്കിടക്കാറുണ്ടെന്നും
രതിപാരമ്യതയിൽ നൊടിനേരം
അയാൾക്കു ഗന്ധർവ്വരൂപം സാദ്ധ്യമാകുമെന്നും, അങ്ങനെ ആയിരം
വെളുത്ത വാവുകൾക്കുശേഷം
അയാൾക്കു ശാപമോക്ഷംകിട്ടുമെന്നും
ഐതീഹ്യംകലർത്തിയ
അഭ്യൂഹ കഥകളുമുണ്ട്.
വലിയ ശബ്ദത്തോടെ ആകാശംപിളർന്ന്
മുതല, വെള്ളത്തിലേക്ക്
വീഴുകയായിരുന്നുവെന്നും
അപ്പോൾ ആ ദേശങ്ങൾ
ഭൂകമ്പത്താൽ പ്രകമ്പനംകൊണ്ടതായും
ജലം കരകവിഞ്ഞ്
പ്രളയമുണ്ടായതായും
ഊഹാപോഹ ഉപകഥകളുമുണ്ട്.
വയൽ ഞരമ്പുകളാം നെടുവരമ്പുകൾ,
നേരമിരുണ്ടാൽ രാവണൻ കോട്ടകൾ!
പരിചയമില്ലാത്തോർ പകൽപോലും
വഴിതെറ്റിയലഞ്ഞുപോകും,
പ്രത്യേകിച്ച് വരമ്പുമുങ്ങുന്ന
പെരുമഴക്കാലങ്ങളിൽ.
‘വഴിതെറ്റിപ്പോയവർ മുതലവയറ്റിൽ’
എന്നാണ് പഴഞ്ചൊല്ലുപോൽ കേട്ടുകേൾവി!
ഞാൻ, ഈ ദേശത്തേക്ക്
ആകസ്മികമായി എത്തപ്പെട്ട
വരത്തനാണ്, കവിയാണ്.
പ്രിയ വായനാക്കാരീ/രാ..,
(നോക്കൂ, സ്ത്രീകൾക്ക് ഞാനെത്രമാത്രം മുൻഗണനയും ബഹുമാനവും നല്കിയിരുന്നുവെന്ന്.)
നിങ്ങൾ സംശയിച്ചേക്കാം –
ഇന്നത്തെക്കാലത്ത് കണ്ണെത്താ ദൂരം
പുഞ്ചപ്പാടങ്ങൾ എവിടെയെന്ന്?
ഇങ്ങനെയൊരു മുതലദേശമുണ്ടോയെന്ന്?
എനിക്കൊന്നേ പറയാനുള്ളൂ,
‘കവികൾ കള്ളംപറയുന്നവരല്ല’
അതെല്ലാം ഈ കവിതയുടെ കഥാന്ത്യത്തിൽ
നിങ്ങൾക്കു ബോധ്യപ്പെടും.
തെളിഞ്ഞ കണ്ണാടിപോലെയാണ്
കവികളുടെ മാനസാകാശം,
അവിടെ പ്രതിഫലിച്ചുകിടക്കുന്ന
തലതിരിഞ്ഞ കാഴ്ചകളുടെ
മായാ പ്രതിബിംബങ്ങളെ
നേരായിപ്പകർത്തുന്നവരാണ് ഞങ്ങൾ.
കുതിർക്കാനിട്ട വലിയ ഓലക്കെട്ടുപോലെ
മുതല ഒഴുകിനീന്തി,
അവൾക്കായി മീൻപിടിച്ചു.
ഇടയ്ക്ക് വരമ്പിലും തുരുത്തിലും
ആ ഉരഗമിഴഞ്ഞുനടന്നു.
ആകാശത്തോളം വായ് തുറന്ന്,
ചൂടുവമിപ്പിച്ച് അവിടം ഉഷ്ണരാശിയാക്കി.
ദേശത്തെ ഈച്ചകളൊന്നാകെ
മുതലവായിലേക്കാർത്തലച്ചെത്തി!
മുതലയെ കുടുക്കിട്ട്, വലയിട്ട്,
ചൂണ്ടയിട്ട്, വെടിവച്ചുപിടിക്കുമെന്ന്
വീരവാദംമുഴക്കിപ്പോയ,
മുതലയിറച്ചി, മുതലയെണ്ണ, മുതലത്തോൽ
എന്നിവയുമായി തിരികെയെത്തുമെന്ന്
വീമ്പുപറഞ്ഞുപോയ
ചോരത്തിളപ്പുള്ള ചെറുപ്പക്കാർ,
മുതലയാൽ ആഹരിക്കപ്പെട്ട്
ശീതരക്തമായ് കരഞ്ഞൊഴുകി.
മരണപ്പെട്ടവരെല്ലാം കഥകളായി,
അവർ പറഞ്ഞ കഥകളിൽ,
അവരുടെ രക്ത,മാംസാദികളാൽ
അമിതമായ് പോഷിപ്പിക്കപ്പെട്ട്
മുതല വളർന്നുകൊണ്ടേയിരിക്കുന്നു!
ഒരു കണ്ണടച്ചുറങ്ങുന്ന മുതല,
മുതലവലയത്തിനുള്ളിലെ മായാവിനി,
എനിക്കും രസംപിടിച്ചു.
ഇപ്പോഴാരും അവിടേക്ക്
നോക്കാറുപോലുമില്ലത്രേ.
ഞാൻ നോക്കി, ഭ്രാന്തമായ്ത്തന്നെ.
അവളുടെ കടുംകാമനകൾ
മുതലാകാരംപൂണ്ട്
കാമുകരെയെല്ലാം വിഴുങ്ങിക്കളഞ്ഞതായ്
നിരീക്ഷണങ്ങൾക്കൊടുക്കം
ഞാനങ്ങനുമാനിച്ചു.
ഇനിയെനിക്കവളെ തൊട്ടടുത്ത് കാണണം.
ആ മുതലയെ മറികടന്ന്
അത്തിപ്പഴഗന്ധമുള്ള
എന്റെ കവിഹൃദയമവൾക്ക്
സമ്മാനിച്ചേ മതിയാകൂ.
അവളോടിപ്പോഴെനിക്കുള്ള
അഭിനിവേശത്തിനുമുന്നിൽ
മുതലകൾ വെറും പല്ലികളാണ്!
ആദ്യ വരമ്പുകടമ്പകളെല്ലാംപിന്നിട്ട്
ഞാനവളുടെ സാമ്രാജ്യത്തിലേക്കടുത്തു.
മദഗജമാണു ഞാൻ,
അവസാന വരമ്പിൽനിന്ന്
വലംകാലു വെള്ളത്തിലേക്കിട്ട്
ചെളികലക്കാൻതുടങ്ങി.
സന്ധ്യയായി, അമാവാസിരാത്രിയായി,
അകലെ ജലോപരിതലത്തിൽ
തിളങ്ങുന്നു രണ്ടു വൈരക്കല്ലുകൾ!
ഒട്ടും അനക്കമില്ലാതെ
അതെന്നിലേക്കൊഴുകിയടുക്കുന്നു,
രത്നങ്ങൾ എന്നെ നോക്കുന്നു!
അതെടുക്കാനാഞ്ഞപ്പോൾ
ഇടംകാലിലാണ് കടിവീണത്,
ഉഴവുചാലിൽ കലപ്പയോടിയപോലുള്ള
ഭീമാകാര ശല്ക്കശരീരിയുയർന്നുവന്നു.
അതിശക്തമായ താടിയെല്ലിൻ കരുത്തിൽ
കൂർത്ത പല്ലുകളാഴ്ന്നിറങ്ങുന്നു,
എന്റെ വേദനയലറിക്കരയുന്നു,
അമ്മേ.., രക്ഷിക്കൂ…
ഒരു വിഷ്ണുവും വന്നില്ല,
പ്രണയ ഗജേന്ദ്രമോക്ഷമേകാൻ.
അവളുടെ മുറിയിൽ വിളക്കുതെളിഞ്ഞു,
ജനലോരത്തവൾ, എന്നെ നോക്കുന്നു, കണ്ണീരൊഴുക്കുന്നു, ഒപ്പം മുതലയും!
ഭക്ഷണമില്ലാതെ ദീർഘകാലം
ധ്യാനത്തിലായിരുന്നപോലവൻ
എന്നെ ജലത്തിലേക്കാഴ്ത്തുന്നു.
അങ്ങനെ ഞാനും
ആ ദേശപ്പെണ്ണിൻ മുതലയാൽ
കടിച്ചുകീറപ്പെട്ട്,
വിഴുങ്ങപ്പെട്ട്,
കഠിന ദഹനാമ്ലങ്ങളാൽ വെന്തുരുക്കപ്പെട്ട്…
ഞാനിപ്പോൾ ദഹിച്ചുതീരും.
അതിന്റെ ശീതരക്തത്തിൽ ചൂടായി ഞാൻ,
മാംസത്തിൽ ദാഹമായ് ഞാൻ.
ഇനിയെന്റെ കഥകളുമിതിനെ
ഇനിയുമേറെ വളർത്തിവലുതാക്കും!
അവസാനമായി ഇതുകൂടിപ്പറയുന്നു,
‘ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകൾ
അതീവ സുന്ദരികളാണ്,
അവർ മായാജാലക്കാരികളാണ്,
അവരുടെ വീടുകൾക്കുചുറ്റും
ഇരുണ്ട തവിട്ടു മുതലകളുണ്ടാകും,
അതിപ്പോൾ മഞ്ഞുമലകളിലായാലും
മരുഭൂമിയിലായാലും ശരി.’
ഇതെന്റെ ജീവന സാക്ഷ്യമാണ്,
വായനക്കാരാ, നിങ്ങൾ സൂക്ഷിക്കുക.

ദിജീഷ് കെ.എസ് പുരം.

By ivayana