രചന :- രാജേഷ് കൃഷ്ണ *

കൈരളി ടാകീസിൽ മോഹൻലാലിൻ്റെ സൂര്യഗായത്രി കളിക്കുന്നുണ്ട്. നല്ല പടമാണെന്ന് കേട്ടപ്പോൾ ഒന്ന് കാണെണമെന്ന് തോന്നി, കമ്പനിക്കായി ആരെയും കാണാഞ്ഞ് ഞാൻ തനിച്ച് സിനിമാഹാളിലേക്ക് നടന്നു….
ടിക്കറ്റിന് ക്യൂ നിൽക്കുന്നതിനിടക്ക് പരിചയക്കാർ ആരെങ്കിലും ഉണ്ടോയെന്ന് ചുറ്റും തിരഞ്ഞു, ഒറ്റക്ക് സിനിമ കാണാൻ പോകാറില്ല…
ഒരു ഓട്ടോറിക്ഷ ഗേറ്റുകടന്ന് പാർക്കിങ്ങ് ഗ്രൗണ്ടിലേക്ക് വന്നു, അതിൽ നിന്നും ഒരു പെൺകുട്ടിയും രണ്ടു യുവാക്കളുമിറങ്ങി….
യുവാക്കളോട് സംസാരിച്ചു നിൽക്കുന്നതിനിടെ അവളുടെ മിഴികൾ എന്നിൽ തറഞ്ഞു നിന്നു, ഒരു നിമിഷം സംശയിച്ചുനിന്ന അവൾ എൻ്റെ നേരെ നടന്നു വന്നു…
“കൂടെ ആരെങ്കിലുമുണ്ടോ”…
“ഇല്ല”…
“ഒരു ടിക്കറ്റ് എനിക്കും കൂടിയെടുക്കുമോ”…
“ഉം”…

അവൾ കൂടെവന്ന യുവാക്കളുടെ സമീപത്തേക്ക് നടന്ന് കുറച്ചു സമയം അവരുമായി തർക്കിച്ചു നിന്നു, പിന്നെ നടന്നുവന്ന് എന്നെ നോക്കി ഒന്ന് ചിരിച്ച് സിനിമാഹാളിനകത്തേക്ക് കയറിപ്പോയി…
ഓട്ടോക്ക് സമീപം നിന്ന യുവാക്കൾ എന്നെ തുറിച്ചു നോക്കി കുറച്ചുസമയം എന്തെല്ലാമൊ സംസാരിച്ച് ഓട്ടോയിൽ കയറി തിരിച്ചുപോയി…
ടിക്കറ്റുമായി ഞാൻ അകത്തേക്കു കടന്നപ്പോൾ അവൾ ഡോറിന് സമീപം നിൽക്കുന്നതുകണ്ടു…
ഹാളിനകത്തേക്ക് കടന്ന് പിന്നിലൊഴിഞ്ഞുകിടന്ന സീറ്റിൽ ഞങ്ങളിരുന്നു എൻ്റെ വലതുകൈ അവൾ കോർത്തു പിടിച്ചു, കൈക്ക് നല്ല ചൂട്. നീണ്ടു മെലിഞ്ഞ കൈവിരലുകളിലേക്ക് ഞാനൊന്നു നോക്കി…
“പനിക്കുന്നുണ്ടോ”…
“ഇല്ല…എന്താ അങ്ങനെ ചോദിച്ചത് “…
“കൈക്ക് നല്ല ചൂടുണ്ട്, നിന്നെ ആദ്യം കാണുമ്പോഴും നല്ല ചൂടുണ്ടായിരുന്നു “…
അവളൊന്ന് ചിരിച്ചു…
“എവിടെയായിരുന്നു ഇത്രയും കാലം, ഇതിലെ പോകുമ്പോഴൊക്കെ ഞാൻ തിരയാറുണ്ടായിരുന്നു ഒന്നുരണ്ടു പേരോട് ഞാൻ അന്വേഷിച്ചിരുന്നു”…
“പറഞ്ഞു”…
“എന്തു പറഞ്ഞു”…
“ഒരു ചരക്ക്‌ എന്നെ അന്വേഷിച്ചു വന്നിരുന്നെന്ന് “…
“ചരക്കോ”…
“ആ…സുന്ദരികളെ കണ്ടാൽ ഇവിടെയുള്ള ചിലർ ചരക്കെന്നാ പറയാറ് “…
“ചരക്ക് അവരുടെ……….
ഞാനൊന്നും പറയുന്നില്ല”…
“എന്ത് പറയാൻ”…
“ഒന്നുമില്ല”…
“അവർ തിരിച്ചു പോയല്ലോ, സിനിമ കഴിഞ്ഞാൽ നീയെങ്ങനെ പോകും”…
“അതിന് ഞാൻ പോകുന്നില്ലല്ലോ, ഇന്ന് നിങ്ങളുടെ കൂടെയാണ് “…
“എൻ്റെ കൂടെയൊ, നിനക്കു തരാൻ എൻ്റെ പോക്കറ്റിൽ പൈസയൊന്നുമില്ല”…
“അതിന് നിങ്ങളോടാരാ പൈസ ചോദിച്ചത് “…
“അതെന്താ എനിക്ക് ഫ്രീയാണോ”…
“എന്നോട് അങ്ങനെയൊന്നും സംസാരിക്കരുത്, നിങ്ങൾക്ക് പണം വേണോ തരാം, എത്ര തന്നാലും തീർക്കാൻ പറ്റില്ല നിങ്ങളോടുള്ള കടപ്പാട്. നിങ്ങളെനിക്ക് ദൈവത്തെപ്പോലെയാണ് “…
”ഹും…ദൈവം”…
ഞാനൊന്ന് ചിരിച്ചു…
“എന്താ ചിരിക്കുന്നത്”…
“ദൈവത്തെയോർത്ത് ചിരിച്ചു പോയതാ”…
അവൾ എന്നിൽ നിന്നും മുഖം തിരിച്ച് സ്ക്രീനിലേക്ക് മിഴിനട്ടു, സിനിമ തുടങ്ങി കോർത്തു പിടിച്ച വിരലുകളിൽ നോക്കി ഞാനിരുന്നു…

മെല്ലെ നീങ്ങുന്ന ബസ്സിൻ്റെ ഡോറ് തുറന്ന് ഞാൻ ചാടിയിറങ്ങി, സ്റ്റാൻ്റിൽ നിന്നും പുറത്തേക്ക് കടന്ന് അകന്നുപോകുന്ന ബസ്സിൻ്റെ സൈഡ് സീറ്റിലിരുന്ന് അവനെന്നെ തിരിഞ്ഞു നോക്കുന്നതു കണ്ടു…
ഞാനടുത്തുചെന്ന് നോക്കി, അവൾ പരിസരം മറന്ന് മടിയിലെ ബാഗിൽ തലവെച്ച് ഉറങ്ങുകയാണ്, ഞാനവളെ തട്ടി വിളിച്ചുണർത്തി…

മെല്ലെ തലയുയർത്തി അവളെന്നെയൊന്ന് നോക്കി പിന്നെ ചുറ്റും തിരഞ്ഞു…
“അയാളെവിടെപ്പോയി”…
“പോയി”…
“നിങ്ങളെന്താ പോകാഞ്ഞത്”…
“ഞാനൊരു മൃഗമല്ലാത്തതു കൊണ്ട് “…
അവളുടെ മുഖത്ത് ഒരു വാടിയ ചിരി വിരിഞ്ഞു…
“നീ എന്തെങ്കിലും കഴിച്ചോ”…
“രാവിലെ ഇത്തിരി കഞ്ഞി കുടിച്ചതാ”…
സമയം നാലു മണിയായിരിക്കുന്നു, ഞാൻ അടുത്തുള്ള ബേക്കിറിയിൽ നിന്നും ഒരു കട്ടൻ ചായയും ഒരു ബന്നും വാങ്ങി അവൾക്ക് കൊടുത്തു…
”കഴിക്ക്, നമുക്കൊരു ഡോക്ടറെ കാണാം പിന്നെ മരുന്ന് വാങ്ങിയ ശേഷം നിൻ്റെ വീട്ടിൽ ഞാൻ എത്തിച്ചു തരാം”…
”വേണ്ട…നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ എന്നെ കാരാടിയിലുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിത്തരുമോ”…
” ഉം”…

ഗ്ലാസും പെസയും ഷോപ്പിൽ കൊടുത്ത് അവളെയും കൂട്ടി ഞാൻ താമരശ്ശേരിക്കുള്ള ബസ്സിൽ കയറിയിരുന്നു…
”നല്ല പനിയുണ്ടെല്ലോ”…
“ഉം… നാലഞ്ച് ദിവസമായി തുടങ്ങിയിട്ട് “…
അവൾ എൻ്റെ തോളിലേക്ക് തല ചായ്ച്ച് കിടന്നു, കാരാടിയിലിറങ്ങി അവിടെയുള്ള ഹോസ്പിറ്റലിൽ അവളെ അഡ്മിറ്റ് ചെയ്തു. മരുന്ന് വാങ്ങി അവളെയേൽപ്പിച്ച് ഞാൻ പുറത്തേക്കിറങ്ങി…
ഒരു പുതപ്പും, സ്റ്റീലിൻ്റെ തൂക്ക് പാത്രവും, ഒരു ഗ്ലാസും വാങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു. പാത്രത്തിൽ നിറയെ കഞ്ഞി വാങ്ങി ഹോസ്പിറ്റലിൽ തിരിച്ചെത്തി…
കട്ടിലിൽ തളർന്നു കിടന്നുറങ്ങുന്ന അവളെ വിളിച്ചുണർത്തി കഞ്ഞി ഗ്ലാസിലൊഴിച്ച് അവൾക്ക് കൊടുത്തു രണ്ടു തരം ടേബ്ലറ്റും കയ്യിൽ വെച്ചു കൊടുത്തു…
“ഇതുകഴിച്ച് കിടന്നുറങ്ങിക്കോളൂ, വിശപ്പ് തോന്നുന്നെങ്കിൽ കഴിക്കാൻ പത്രത്തിൽ ഇനിയും ബാക്കിയുണ്ട്, എന്നാൽ
ഇനി എനിക്ക് പോകാമല്ലോ “…
”ഒരു സഹായവും കൂടി വേണം, നാളെ രാവിലെ വരുമെങ്കിൽ ഞാനാരു അഡ്രസ്സ് തരാം അയാളെക്കണ്ട് വിവരമറിയിച്ചാൽ മതി, പിന്നെ എന്നെ അയാള് വന്ന് നോക്കിക്കൊള്ളും”…
” വരാം…നിൻ്റെ കയ്യിൽ പൈസ വല്ലതുമുണ്ടോ”…
“ഇല്ല…പക്ഷെ ഒന്നും വേണ്ട, ഈ സഹായത്തിനു തന്നെ ഞാനെന്തു തന്നാലും മതിയാകില്ല. എൻ്റെ കയ്യിലുണ്ടായിരുന്നത് ഞാനാ വീട്ടിൽ കൊടുത്തു, പരിചയമില്ലാത്ത വീട്ടിൽ നിന്ന് എത്ര ദിവസമാ ഭക്ഷണം വാങ്ങി കഴിക്കുക”…
അവളോട് യാത്ര പറഞ്ഞ് ഞാനിറങ്ങി സ്റ്റാൻ്റിൽ വന്ന് നാട്ടിലേക്ക് തിരിച്ചു, സമയം എത്രയായിക്കാണും, പുറത്ത് ഇരുട്ട് കനത്ത് തുടങ്ങിയിരുന്നു…

ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുന്ന എൻ്റെ മുന്നിൽ ഒരോട്ടോറിക്ഷ വന്നുനിർത്തി…
“വാ…കയറ് “…
“എങ്ങോട്ട് “…
“അതൊക്കെയുണ്ട് “…
“ഇപ്പോളെങ്ങോട്ടും ഞാനില്ല വിശക്കുന്നു, ഭക്ഷണം കഴിച്ച് വന്നിട്ട് കാണാം, പക്ഷെ കാര്യമെന്താണെന്ന് പറഞ്ഞാലെ ഞാൻ വരൂ”…
“അതെന്താ നിനക്ക് എന്നെ അത്രക്ക് വിശ്വാസമില്ലേ”…
“ഇല്ല”…
“നീയിങ്ങനെ കണ്ണിൽ ചോരയില്ലാതെ സംസാരിക്കരുത് “…
“നീ എപ്പോളായാലും എന്തെങ്കിലും ഗുലുമാലുമൊപ്പിച്ചേ വരാറുള്ളൂ”…
അവനിറങ്ങി എൻ്റെ കൈ പിടിച്ചു..
“ഇതങ്ങനെയൊന്നുമില്ല, പെട്ടെന്ന് തിരിച്ചു വരാം, ചോറ് ദിവസവും കഴിക്കുന്നതല്ലേ ഇന്ന് നമുക്കോരോ ബിരിയാണി കഴിക്കാം”…
“എനിക്ക് വേണ്ട”…

“വേണം നീ കയറ്, ബാക്കിയെല്ലാം പോകുമ്പോൾ പറയാം നിനക്കും കാര്യമുള്ള സംഗതിയാ”…
അവൻ്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഓട്ടോയിൽ കയറിയിരുന്നു, ഓട്ടോ തിരിച്ച് യാത്ര തുടങ്ങി, പോകുന്ന വഴിയിലിറങ്ങി ഭക്ഷണവും കഴിച്ച് വീണ്ടും യാത്ര തുടർന്നു…
“നീയെന്താ കാര്യം പറയാത്തത് “…
“എങ്ങിനെ തുടങ്ങണം എന്നാലോചിക്കുകയാണ് “…
“എന്നാൽ നീ ആലോചിച്ച് തീരുമാനിച്ച് എന്നെ അറിയിക്ക് വണ്ടി നിർത്ത് ഞാനിറങ്ങുകയാണ് “…
“പറയാം നീ തിരക്ക് കൂട്ടാതെ, എൻ്റെ കൂടെ ചിലപ്പോഴൊക്കെ വെള്ളമുണ്ടും ഷർട്ടും ധരിച്ച ഒരാളെ കാണാറില്ലേ”…
” ഉം”…
“അയാളുടെ ഒരു പ്രൈവറ്റ് പീസ് എൻ്റെ കയ്യിലുണ്ട്, മൂപ്പര് സ്വന്തമാക്കി തിന്ന് സുഖിക്കുന്നതാ സൂപ്പർ പീസാ വയസ് ഇരുപതേ ആയിട്ടുള്ളൂ…
പാവപ്പെട്ട വീട്ടിലെ ഒരു പെണ്ണാ ഉമ്മ മാത്രമേയുള്ളൂ, ജാസ്മിൻ എന്നാ പേര്, അവളെ ഒരു വാടക വീട്ടിൽ താമസിപ്പിച്ചതായിരുന്നു. അവിടെ നാട്ടുകാർ പ്രശ്നമാക്കിയപ്പോൾ കുറച്ചു പൈസയും തന്ന് എന്നെ ഏൽപ്പിച്ചതാ രണ്ട് ദിവസം നോക്കാൻ”…
“എന്നിട്ട് “…

“ഞാൻ എൻ്റെ ഒരു സുഹൃത്തിൻ്റെ വീട്ടിലെത്തിച്ചു, അവിടെ അവനും ഭാര്യയും രണ്ട് കുട്ടികളും മാത്രമേയുള്ളൂ, വിവാഹം കഴിക്കാൻ വേണ്ടി വിളിച്ചിറക്കിക്കൊണ്ട് വന്നതാണെന്നാ അവരോട് പറഞ്ഞത്, രണ്ട് ദിവസം ഞാൻ ശരിക്ക് നോക്കി…
വീട്ടിൽ സമ്മതിപ്പിച്ച് കൊണ്ടു പോകുമെന്ന് പറഞ്ഞ് ഞാൻ മുങ്ങി, ഇപ്പോൾ രണ്ടാഴ്ച്ചകഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞ് വരാമെന്ന് പറഞ്ഞു പോയ ആളെപ്പറ്റി ഒരു വിവരവുമില്ല…
അവൾക്ക് പനിയാണെന്ന് പറഞ്ഞ് ഇന്നലെ അവിടെ നിന്ന് ആള് വന്നിരുന്നു. ഇനി നിർത്താൻ പറ്റില്ല എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കണം..
“ഇതെന്താ പട്ടിയോ പൂച്ചയോ മറ്റോ ആണോ ഉപേക്ഷിക്കാൻ, ഈ കളിക്ക് ഞാനില്ല എന്നെ വിട്ടേക്ക്, നീ ഒറ്റക്ക് പോയാൽ മതി”…
“അങ്ങനെ പറയരുത് കോഴിക്കോട് വരെ നീ എൻ്റെ കൂടെ വന്നാൽ മതി, അവിടെ നിന്ന് ഒരു ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിക്കൊടുത്ത് നമുക്കവളെ വിടാം, നിനക്ക് താൽപ്പര്യമുണ്ടെങ്കിൽ റൂമെടുക്കാം”…
“എനിക്ക് താൽപ്പര്യമില്ല”…
“കണ്ടാൽ നീയിങ്ങനെ പറയില്ല”…

ഓട്ടോ ഒരു ഓലമേഞ്ഞ വീടിന് മുന്നിൽ നിർത്തി, അവനിറങ്ങിപ്പോയി ഒരു പെൺകുട്ടിയുടെ കൈപിടിച്ച് നടന്നു വന്നു…
നടക്കാൻ പോലുമാകാതെ അവശയായിരുന്നു അവൾ, ഒരു കൈ കൊണ്ട് മാറോട് ചേർത്ത് ഒരു ബേഗ് പിടിച്ചിട്ടുണ്ട്…
അവളെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു, വെളുത്തനിറം, വലിയ കണ്ണുകൾ, ഭംഗിയുള്ള മൂക്ക്, ചുവന്ന് നേർത്ത ചുണ്ടുകൾ, പാറിപ്പറക്കുന്ന നീണ്ട മുടിയിഴകൾ, ഒരു ഹിന്ദി ഹിലിം സ്റ്റാറിനെപ്പോലെയുണ്ട്….
ജാസ്മിൻ…പേരുപോലെത്തന്നെ സുന്ദരിയാണല്ലോ, വെറുതേയല്ല ഇവനിവളുടെ സംരക്ഷണം ഏറ്റെടുത്തത്…

ഓട്ടോയിൽ എൻ്റെ അടുത്തായി അവൾ കയറിയിരുന്നു പനിയുടെ പൊള്ളുന്നചൂട് ഞാനറിഞ്ഞു…
ഈ അഴുക്കുചാലിൽ എങ്ങനെ ഇവളെത്തി, ദാരിദ്ര്യമാണോ കാരണം അല്ലെങ്കിൽ ആരെങ്കിലും പ്രണയിച്ച് അവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചതോ, ഇവളെ ഉപേക്ഷിക്കാൻ എങ്ങിനെ മനസു വരും, സ്റ്റാൻ്റിലെത്തുന്നതുവരെ പലതരം ചിന്തകൾ എൻ്റെ മനസിലുയർന്നു…
അവിടെ നിന്നും കോഴിക്കോട് ബസ്സിൽ കയറി ഞങ്ങളിരുന്നു, അവൾ മുന്നിലെ സീറ്റിലിരുന്ന് തല സീറ്റിൻ്റെ കമ്പിയിലേക്ക് വെച്ച് ചാരിക്കിടന്നു…

“എങ്ങിനെയുണ്ട് പീസ് കോഴിക്കോട് റൂമെടുക്കണോ, അയാള് തന്ന പൈസ ബാക്കി കയ്യിലുണ്ട് “…
“പനിച്ച് എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്ത ഈ പെണ്ണിനെയോ, നിനക്ക് ഭ്രാന്തുണ്ടോ”…
“നിനക്ക് വേണ്ടെങ്കിൽ വേണ്ട, ഞാൻ കളിച്ചതാ, ഇതുപോലെ ഒരവസരം ഇനി കിട്ടില്ല. പനിയില്ലായിരുന്നെങ്കിൽ ഇന്നും കൂടി അവളെയനുഭവിച്ചിട്ടേ ഞാൻ വിടൂ”…
നാവ് നീട്ടി ചുണ്ട് നനച്ച് അവനൊന്ന് ചിരിച്ചു, മാംസക്കൊതി പൂണ്ട ചെന്നായയുടെ കണ്ണുകളിലെ തിളക്കം അവൻ്റെ മിഴികളിൽ ഞാൻ കണ്ടു…

കോഴിക്കോട് സ്റ്റാൻ്റിലിറങ്ങി അവളെ ഒരു ബെഞ്ചിലിരുത്തി, ഇരുന്നപാടെ അവൾ ബാഗ് മടിയിൽ വെച്ച് അതിന് മുകളിലേക്ക് തലതാഴ്ത്തി കിടന്നു…
അവളെ ഒന്ന് നോക്കിയശേഷം എൻ്റെ കൈ മുറുകെപിടിച്ച് വേഗം നടന്ന് സ്റ്റാൻ്റിൽ പാർക്ക് ചെയ്ത ബസ്സിൽ കയറിയിരുന്നു…
“പോകുകയാണോ, അവളെ ഡോക്ടറെ കാണിക്കണ്ടെ”….
“ആ… അവള് വേണമെങ്കിൽ കാണിച്ച് എങ്ങോട്ടെങ്കിലും പോകട്ടെ, നമുക്ക് സ്ഥലം കാലിയാക്കാം”…
“നീ എന്തിനാണ് എന്നെ ഈ നെറികെട്ട കളിയിൽ കൂട്ടിയത് “…
“ഒരു ദൈര്യത്തിന്, പിന്നെ നിനക്ക് വേണമെങ്കിൽ ഒന്ന് സുഖിച്ചോട്ടെ എന്നു കരുതി, നീ ഇത്ര വലിയ പുണ്യാളനാണെന്ന് ഞാനറിഞ്ഞോ”…

ബസ്സ് മെല്ലെ നീങ്ങാൻ തുടങ്ങി സ്റ്റാൻ്റിനുള്ളിലെ ബെഞ്ചിൽ ബാഗിന് മുകളിൽ തലവെച്ച് കിടക്കുന്ന അവളെ കണ്ടു, ഞാനെഴുന്നേറ്റ് ഡോറിന് നേരെ നടന്നു പിന്നിൽനിന്ന് അവനെന്തോ പുലമ്പുന്നുണ്ടായിരുന്നു…

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് അവൾ വന്നിരിക്കുന്നു, എന്തിന് പ്രത്യുപകാരം ചെയ്യാനോ…
സിനിമ കഴിഞ്ഞു ആൾത്തിരക്കിൽ നിന്നും പുറത്ത് കടന്ന് ഞാനൊരു ഹോട്ടലിലേക്ക് കയറി പിന്നാലെ അവളും…
ഭക്ഷണം കഴിച്ച് ഞങ്ങളിറങ്ങി, റോഡിലൂടെ നടന്ന് ഒരു ഓട്ടോയുടെ സമീപം നിന്നു, പരിചയമുള്ള ആളാണ് ഡ്രൈവർ…
“ഇതിൽ കയറിയിരുന്നോളൂ നേരെ വീട്ടിലേക്ക് പോകൂ”…
“എന്നെ പറഞ്ഞയക്കുകയാണോ, നിങ്ങളുടെ കൂടെ ഒരുദിവസം കഴിയണമെന്ന് ഞാൻ മോഹിച്ചിരുന്നു, ശാരീരിക സുഖത്തിന് വേണ്ടിയല്ല, അതിൻ്റെ സുഖവും ദു:ഖവുമെല്ലാം ഞാൻ ഒരുപാടറിഞ്ഞതാണ്…
“സാരമില്ല.. ഇനിയും സമയമുണ്ട്, ഒരു ദിവസം നിൻ്റെ മോഹം ഞാൻ തീർത്തുതരും, ഇപ്പോഴല്ല കയറിയിരിക്കൂ”…

അവൾ കൈ നീട്ടി എൻ്റെ കൈപ്പത്തിയിൽ പിടിച്ചു, കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം നിന്നു, പിന്നെ തിരിഞ്ഞ് കയറിയിരുന്നു, ഓട്ടോ മുന്നോട്ട് നീങ്ങി…
സിനിമ ശരിക്കും ആസ്വദിക്കാനായില്ല ഇനിയൊരു ദിവസംകൂടി വരണം ഞാൻ മെല്ലെ വീട്ടിലേക്ക് നടന്നു…
മരണത്തോടെ മാത്രം അവസാനിക്കുന്ന നാടകമാണ് ജീവിതം, പ്രതീക്ഷിക്കാതെയാണ് രംഗങ്ങൾ മാറുന്നത്, വേഷങ്ങൾ ഇനിയുമെത്ര മാറി മാറി അണിയാനുണ്ടാകും എൻ്റെ റോള് കഴിയുന്നതുവരെ…

By ivayana