കവിത : മോഹൻദാസ് എവർഷൈൻ*

നമ്മളൊന്നായൊഴുകുവാൻ മോഹിച്ചൊരു
ഇന്നലെകൾ ഇന്നെത്ര അകലെയാണ്
ഇനി നാളെ നാമൊന്നായി മാറുമെന്നോ
വ്രണിതമാനസ്സങ്ങൾചേർന്നൊഴുകീടുമോ.
ഞാനെന്ന വാക്കിലെന്നെയാരോതളച്ചിട്ട്
നേടുവാനേറെയുണ്ടെന്ന് ചൊല്ലിടുമ്പോൾ
സർപ്പവും നാണിച്ചുപോം വിധം ചീറ്റുവാൻ
വിഷമൂറിടുന്നു മനസ്സിന്നുറവകളിലിപ്പോഴും
കുളിരുകൾ പൂത്തോരുതണലുകളന്യമായ്
കാമങ്ങൾ പൂക്കുന്ന കാടായി മാറിടുന്നു
മദമിളകിയ ചിന്തകളിൽ വേനലുരുകീടവേ
അനുകമ്പയുതിർന്നൊരുമിഴികളുമടയന്നു
കടലോളം സ്നേഹമുള്ളിലുണ്ടെന്നാകിലും
കടുകോളം പകരുവാൻ കഴിയാതെയല്ലോ
മൗനപാശത്താലാരോബന്ധിച്ചന്യരായ്
നില്പൂ നാം ഒരു ചുവടകലത്തിലങ്കത്തിനയ്
അമൃതായ്നുണഞ്ഞൊരുമാതൃവാത്സല്യം
മനതാരിൽ നിന്നെങ്ങോകളഞ്ഞ് വെന്നോ
ഇരുളിൻ സുഷിരങ്ങളിൽ നാം ഒളിച്ചീടവേ
പകലിൻവെളിച്ചവും പകയാൽ പുകയുന്നു
പകരുവാനൊന്നുമില്ലാതെ പെരുവഴിയിൽ
ഒറ്റുവാനൂഴം തിരഞ്ഞ് നില്കുന്നനേരത്തും
വെറുതെപാഴ്ക്കിനാവിനാരണ്യകത്തിൽ
നാമൊന്നായൊഴുകുവാൻമോഹിച്ചിടുന്നു.

By ivayana