പ്രിയ ബിജു ശിവകൃപ*

യാത്ര പറഞ്ഞു ദുർഗ്ഗ മോൾ കാറിലേക്ക് കയറിയപ്പോൾ ഭദ്രയുടെ മനമൊന്നിടറി… എങ്കിലും ഇത്രയും നാൾ താൻ കഷ്ടപ്പെട്ടത് വെറുതെയായില്ല എന്ന ഓർമ്മ അവരെ ശക്തയാക്കി.. ജീവിത വഴിയിൽ ഒറ്റയ്ക്കായപ്പോൾ, ചരിത്രം ആവർത്തിച്ചപ്പോൾ വീണുപോയീന്നു വിചാരിച്ചതാണ്മോളെ നല്ല നിലയിൽ പഠിപ്പിച്ചു..

അവൾ മിടുക്കിയായി പഠിച്ചു സർക്കാർ ജോലിയും നേടി… ഒടുവിൽ നല്ലൊരു വിവാഹലോചനയും തരപ്പെട്ടു…വിവേക് അച്ഛന്റെയും അമ്മയുടെയും ഒറ്റ പുത്രനാണ്… ഒറ്റ കാഴ്ചയിൽ തന്നെ വിവേകിനും മാതാ പിതാക്കൾക്കും ദുർഗ്ഗയെ ഇഷ്ടമായി അവർക്കു ഒറ്റ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു . എത്രയും പെട്ടെന്ന് വിവാഹം നടത്തണം …

സുന്ദരിയായിരുന്നു ദുർഗ്ഗ….ശാലീന സൗന്ദര്യം നൽകി ദൈവം അവളെ അനുഗ്രഹിച്ചിട്ടുണ്ടായിരുന്നു….പിന്നെ അമ്മയുടെ ത്യാഗപൂർണ്ണമായ ജീവിതം അവളുടെ മുന്നിൽ അനാവൃതമായിരുന്നു.. അതുകൊണ്ട് വാശിയോടെ പഠിച്ചു… ജോലി നേടി.. ഇപ്പോഴിതാ വിവേകിന്റെ വധുവായി ഈ വീടിന്റെ പടിയിറങ്ങുന്നു…നിറഞ്ഞുവന്ന കണ്ണുകൾ കാഴ്ചയെ മറച്ചപ്പോഴേക്കും ദുർഗ്ഗ ഒരു കൊച്ചു കുട്ടിയെ പ്പോലെ പൊട്ടിക്കരഞ്ഞു.. ഇനി അമ്മ തനിച്ചാണ്….

ആ ഓർമ്മയിൽ വീണ്ടും വീണ്ടും അവൾ വിങ്ങി വിങ്ങി കരഞ്ഞു.. വിവേകിന്റെ കരങ്ങൾ അവളെ പൊതിഞ്ഞു….”വിഷമിക്കേണ്ടടോ… നമുക്കു എപ്പോൾ വേണമെങ്കിലും വരാലോ… അല്ലെങ്കിൽ അമ്മയ്ക്ക് അവിടെ വന്നു നിൽക്കാമല്ലോ… താൻ കരയാതെ….. ഇനി മുതൽ ഞാനും ഇല്ലേ അമ്മയ്ക്ക് “… മനസ്സിനുള്ളിൽ മഞ്ഞുതുള്ളി വീണത് പോലെ ദുർഗ്ഗയ്ക്ക് അനുഭവപ്പെട്ടു… ഡ്രൈവർ കാർ മുന്നോട്ടെടുത്തു….തന്റെ മകൾ പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ്.. താൻ അനുഭവിച്ചതൊന്നും തന്റെ മകൾക്കുണ്ടാവരുത്…

അവൾക്കു വേണ്ടി താൻ ഒരുപാട് കഷ്ടപ്പെട്ടു.. .. വിവേകും വീട്ടുകാരും പൊന്നും പണവും ഒന്നും ചോദിച്ചില്ലെങ്കിലും ഏകദേശം അറുപതു പവനോളം ആഭരണങ്ങൾ അവളുടെ ദേഹത്തിട്ടാണ് പറഞ്ഞയച്ചത്….അവൾ സന്തോഷമായി ജീവിക്കട്ടെഅന്ന് രാത്രിയിൽ ഭദ്രയ്ക്ക് ഉറങ്ങാനായില്ല… എല്ലാം ഒരു സ്വപ്നം പോലെ തോന്നി… കഴിഞ്ഞുപോയ മാസങ്ങളും വർഷങ്ങളും ഓരോന്നായി അവരുടെ മനസ്സിൽ തെളിയാൻ തുടങ്ങി.നീ ഒരു പെൺകുട്ടിയാണെന്നു ഓർമ്മ വേണം… ബാല്യകൗമാരങ്ങളിൽ ഏറ്റവും കൂടുതൽ താൻ കേട്ട വാക്കുകൾ…

ഭദ്ര നെടുവീർപ്പോടെ ഓർത്തു… എന്നും തനിക്കു ദുഖങ്ങൾ ആയിരുന്നു കൂട്ട്… അമ്മയെയും തന്നെയും എന്നും വേദനിപ്പിച്ചിരുന്ന അച്ഛനിൽ നിന്നും, ക്രൂരയായ രണ്ടാനമ്മയിൽ നിന്നും മുഴുക്കുടിയനും അലസനുമായ ഭർത്താവിലേക്കുള്ള ദൂരം മാത്രമായിരുന്നു അവളുടെ ജീവിതം…വീട്ടിൽ സമാധാനാന്തരീക്ഷമല്ലായിരുന്നുവെങ്കിലും അമ്മ ഉണ്ടായിരുന്നത് വരെ താനൊന്നും അറിഞ്ഞിട്ടില്ല… സ്നേഹം അല്ലാതെ… അമ്മ അറിയിച്ചിട്ടില്ല…

പൊതിഞ്ഞു പിടിച്ചു നടന്നു… ഒടുവിൽ തന്നെ തനിച്ചാക്കി അമ്മ പോയതിന്റെ പിറ്റേമാസം വീടിന്റെ പടികടന്നു എത്തി ഒരു ദുർഭൂതം സുജാത….അമ്മ മരിക്കാൻ കാരണം തന്നെ അച്ഛന്റെ അന്തമില്ലാത്ത ചെയ്തികളാണ്… അവ ചോദ്യം ചെയ്താൽ അമ്മയെ ക്രൂരമായി തല്ലിച്ചതയ്ക്കും…. അതൊക്കെ കാണുമ്പോൾ തന്റെ നെഞ്ചു പൊടിയുമായിരുന്നു…എല്ലാം തനിക്കുവേണ്ടി സഹിച്ചു സഹിച്ചു ഒടുവിൽ തന്നെ ഒറ്റയ്ക്കാക്കി അമ്മ പോയി…മരിക്കുന്നതിന്റെ തലേദിവസം തന്നെ ചേർത്തു പിടിച്ചു അമ്മ ഒരുപാട് കരഞ്ഞു..

പിന്നീടെപ്പോഴോ രണ്ടാളും ഉറക്കത്തിലേക്കു വഴുതി വീണു ആ ഉറക്കം പിന്നെ അമ്മ ഉണർന്നില്ല…എല്ലാവരും പറഞ്ഞു നല്ല മരണം.. ഭാഗ്യം ചെയ്ത മരണം…. പക്ഷെ തന്റെ ഭാഗ്യങ്ങളെല്ലാം അവിടെ അവസാനിക്കുകയായിരുന്നു..സുജാത വന്നു കേറിയതോടെ അച്ഛന്റെ സകല നിയന്ത്രണങ്ങളും അവരുടെ കയ്യിലായി… തനിക്കു ഭക്ഷണം, വസ്ത്രം ഇതൊക്കെ നിഷേധിക്കപ്പെട്ടു….നന്നായി പഠിക്കുമായിരുന്ന തന്റെ പഠനം പാതി വഴിയിൽ നിലച്ചു….കഠിനമായ വീട്ടുജോലികൾ ചെയ്യിച്ചും ദേഹോപദ്രവം ഏൽപ്പിച്ചും തന്റെ ജീവിതം നരകതുല്യമാക്കി ഇളയമ്മ…

അച്ഛനിതൊക്കെ അറിയുന്നുണ്ടായിരുന്നെങ്കിലും കണ്ടില്ലെന്നു നടിച്ചു…ഒന്നു രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ തനിക്കൊരു അനുജൻ കൂടി ഉണ്ടായി… പിന്നെ വീട്ടുജോലികൾക്കൊപ്പം കുഞ്ഞിനെ നോക്കേണ്ട ജോലി കൂടി തനിക്കായി..അതിൽ പക്ഷെ ഭദ്രയ്ക്ക് സന്തോഷം ആയിരുന്നു.. വാവയെ അവൾക്കു ഒരുപാട് ഇഷ്ടായിരുന്നു… കുളിപ്പിക്കാനും കണ്ണെഴുതാനുമൊക്കെ അവൾക്കു ഉത്സാഹമായിരുന്നു……..

അങ്ങനെ കാലങ്ങൾ കഴിഞ്ഞു പോകവേ അയൽവീട്ടിലെ ചന്ദ്രൻ ചേട്ടൻ കൊണ്ടുവന്ന ആലോചന ആയിരുന്നു വേണുവിന്റെ… ചെറുക്കന്റെ ഫാമിലി ബാക്ഗ്രൗണ്ടും സ്വഭാവവും ഒന്നും വലുതായി അന്വേഷിക്കാൻ നിൽക്കാതെ ഒരു ഭാരമൊഴിവാക്കുന്നത് പോലെ പെട്ടെന്ന് തന്റെ വിവാഹം നടത്തിവിട്ടു…. അയാൾ തന്റെ സൗന്ദര്യത്തിൽ ഭ്രമിച്ചു പോയതുകൊണ്ട് സ്ത്രീധനം ഒന്നും ചോദിക്കാത്തത് അച്ഛനും ഇളയമ്മയ്ക്കും വലിയ സൗകര്യമായി.. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും അന്വേഷിച്ചില്ല….എരിതീയിൽ നിന്നും വറച്ചട്ടിയിലെക്ക് വീണതുപോലെയായി ഭദ്രയുടെ ജീവിതം….തനിക്കു ചുറ്റുമുള്ള എത്രയോ പെൺകുട്ടികളെ ഭർത്താക്കന്മാർ പൊന്നു പോലെ നോക്കുന്നു…എത്ര സന്തോഷമാണ് അവരുടെ ഒക്കെ ജീവിതത്തിൽ….

തങ്ങളുടെ കുടുംബജീവിതം നല്ല രീതിയിൽ പോകാൻ ഓരോ പുരുഷന്മാർ കഠിന പ്രയത്നങ്ങളിൽ ഏർപ്പെടുമ്പോൾ വേണു നേരെ തിരിച്ചായിരുന്നു….മുഴുക്കുടിയനും ജോലിക്ക് പോലും പോകാത്തവനും ആയിരുന്നു…. മർദ്ദനങ്ങളും ചീത്ത വിളികളുമൊക്കെ അവളുടെ നിത്യജീവിതത്തിന്റെ ഭാഗമായി വീട്ടിലുള്ളവരാകട്ടെ ഇതൊക്കെ തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്നമട്ടിലായിരുന്നു….തന്റെ അമ്മയ്ക്ക് സംഭവിച്ചത് പോലെ ഭദ്രയ്ക്കും ഒടുവിൽ സംഭവിച്ചു… അമ്മ മരിച്ചുകഴിഞ്ഞപ്പോഴാണ് അച്ഛൻ മറ്റൊരു സ്ത്രീയോടൊപ്പം താമസം തുടങ്ങിയതെങ്കിലും….

ഇവിടെ ഭദ്രയോട് ഒപ്പം നിൽക്കുമ്പോഴായിരുന്നു അയാൾ മറ്റൊരു സ്ത്രീയോടൊപ്പം പോയത്…. അന്ന് ഭദ്ര പൂർണ്ണ ഗർഭിണി ആയിരുന്നു….അവിടെ നിന്നങ്ങോട്ട് വിധിയോട് ഒറ്റയ്ക്ക് പൊരുതി… ആ കുഞ്ഞിനെ പ്രസവിച്ചു…. അയാളുടെ മാതാപിതാക്കൾ തീരെ മനസാക്ഷി ഇല്ലാത്തവർ ഒന്നും അല്ലായിരുന്നു.. അതുകൊണ്ട് അവളെ അവിടെ നിൽക്കാൻ അനുവദിച്ചു…കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞപ്പോഴേക്കും കുഞ്ഞിനെ അമ്മായി അമ്മയെ ഏൽപ്പിച്ചു ഭദ്ര ജോലിക്ക് ഒക്കെ പോയി തുടങ്ങി… പാടത്തു പണിയുള്ളപ്പോൽ അതിനു പോകും…

അല്ലാത്തപ്പോൽ അടുത്തുള്ള സമ്പന്ന ഗൃഹങ്ങളിൽ പുറംപണിക്ക് പോകും… അങ്ങനെ നിരാലംബയായ ഭദ്ര ജീവിതം മെല്ലെ കരുപ്പിടുപ്പിച്ചു…അതിനിടയിൽ ആരുടെയോ തല്ലു കൊണ്ട് വേണു വഴിയിൽ കിടന്നു രക്തം വാർന്നു മരിച്ചു…. ആ മൃതദേഹം ഭദ്ര ഏറ്റുവാങ്ങി…..ഇതിനിടയിൽ വേണുവിന്റെ അച്ഛനും അമ്മയും മരിച്ചു…തനിക്കു കഴിയാത്തതൊക്കെ മകളിൽക്കൂടി ഭദ്ര നേടിയെടുത്തു…. ഇപ്പോൾ അവളെ ഭദ്രമായ കരങ്ങളിൽ ഏൽപ്പിച്ചു….ഇനി തന്റെ ദുർഗ്ഗമോളുടെ കുഞ്ഞിനെക്കൂടി തനിക്കു താലോലിക്കണം….

“എന്റെ ഭഗവാനെ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ… അവർക്കു നന്മ വരുത്തണേ “… ഭദ്ര മനമുരുകി പ്രാർത്ഥിച്ചു….ഉറക്കം കണ്ണുകളെ തഴുകി തുടങ്ങിയപ്പോൾ ഭദ്ര നീണ്ടു നിവർന്നു കിടന്നു …. ചരിത്രം ആവർത്തിക്കുകയായിരുന്നു… ഒരു നീണ്ട നിദ്രയിലേക്ക് ഉള്ള യാത്രയ്ക്ക് ഒരുങ്ങി ഭദ്ര കണ്ണുകളടച്ചു……

By ivayana