കവിത : ഹരിദാസ് കൊടകര*

ഞാൻ പേരല്ല പേരഴകുമല്ല
പേരിലെൻ പേരുമില്ല പരതാൻ
പേരറിവിനായ് പടിയിറക്കാം
പാവുനൂൽ താരാപഥം കേൾ

അമ്മമേഘം പെറ്റിട്ട ഗ്രാമത്ത്
പേരഴകിനായ് പാകം നിവരുന്നു
ഉടൽക്കാലമേഘനിലകളിൽ
നാമം നിലാവെണ്ണ തൂവുന്നു
അഴകിൻ നേത്രം വരയുന്നു
മന്ത്രാഖിലം ഉണ്മയൂറ്റുന്നു
ഉടൽക്കമ്പിലുണരുന്നു തേജം

വിധിവൃത്തം കേൾക്കുക
വാഴ്ത്തുക പേരുകൾ പേരിനായ്
ആശ്ലേഷതുംഗം വഹിക്കുക

പേരഴകിലെന്തിത്ര നന്മനം
മുന്നിൽ ചാക്രികം നന്മതി
മുഖചക്രവാളംമുട്ടും
വഴിവിരിപ്പിൻ ചിദാരാത്രം
ഗരിമക്കൊത്തുപോൽ
മരപ്രാണൻ
മനം മതിയ്ക്കാൻ
ആത്മതുണ്ടം നേരില
വിളക്കിൻ രസബീജം
രജനിയാം വസ്ത്രവിഭവം
നിറയുവാനിച്ഛാനിനവുകൾ
അമ്മയ്ക്കൊരുമ്മ
അച്ഛന്‌ പക്ഷം ചിറക്
യക്ഷന് പാലപ്പൂഗന്ധം
മുക്തപൗരുഷം പേര്

അവനിയിൽ നന്മണം പേര്
ഇതൾനദിയിലൗഷധം ചേര്
തൊട്ടിണക്കീ കണ്ണെരിവുകൾ
ചേരും* താന്നിയും ചേല്
തിപ്പലി കാട്ടുമുക്കുറ്റീ മണം
അരികിലായ് നന്മനം പേര്
ദേശം കുടിയിടം പേര്

ജന്യം ജനവും ജനനവും
മനസ്സാൽ മന്ന്യവും മാനവം
മനുവിണക്കം മാനി മാനുഷം
അന്തരീയമതിന്ദ്രിയങ്ങളും
പാരം വർഷാണു പേരുകൾ

വേരറുതിയിൽ
എരിമണ്ണാണ് ഭൂയജം
തത്ത്വമന:മുണ്മയിൽ
നാമാണു വർഷവും
പുകഴും വെറികളിൽ
നാമാവശേഷിയായ് പേര്
കാലാതിരേകമായ് നേര്
പേരാണ് വേരുകൾ
നേരാണ് പേരുകൾ.

ഹരിദാസ് കൊടകര

By ivayana