മായ അനൂപ്.*

സ്നേഹം…..
വാക്കുകളിൽ വെച്ച് ഏറ്റവും
മനോഹരമായ വാക്ക്……
നിർവചനങ്ങൾ പലപ്പോഴും മതിയാകാതെ വരുന്ന വാക്ക്…..

എന്നാൽ, ആ വാക്കിനെ പലപ്പോഴും ഇടുങ്ങിയ അർത്ഥതലങ്ങൾ വെച്ചു കൊണ്ടാണ് പലപ്പോഴും പലരും വ്യാഖ്യാനിച്ചിരിക്കുന്നത്. എന്നാൽആ വാക്കിന്റെ പൂർണ്ണമായ അർത്ഥം മനസ്സിലാകണമെങ്കിൽ നമ്മൾ നമ്മുടെ മനസ്സിനെ കുറേക്കൂടി വിശാലമാക്കേണ്ടതായി വരും.
നമ്മുടെ സ്നേഹത്തിന്റെ മാനദണ്ഡം എപ്പോഴും സ്നേഹം മാത്രം ആയിരിക്കണം.മനസ്സുകളുടെ ഐക്യം ആവണം. രണ്ടു മനസ്സുകൾ തമ്മിൽ പരസ്പരം അറിഞ്ഞുള്ള ആത്മബന്ധം ആവണം യഥാർത്ഥ സ്നേഹം. എന്നാൽ ഇന്നത്തെ ലോകത്തിൽ പലരും സ്നേഹിക്കുവാൻ ഉള്ള മാനദണ്ഡമായി കരുതുന്നത് പലപ്പോഴും ബാഹ്യ സൗന്ദര്യവും പണവും പിന്നെ മറ്റു പല പല മൂല്യമില്ലാത്ത കാര്യങ്ങളും ആണ്.

മറ്റെല്ലാ ഭൗതിക വസ്തുക്കളും നമുക്ക് വിലകൊടുത്തു വാങ്ങാൻ കഴിയുമ്പോൾ, മറ്റൊരാളുടെ മനസ്സിൽ നമുക്കുള്ള പ്രാധാന്യം, അവർക്ക് നമ്മളോടുള്ള സ്നേഹം, ഇവയൊന്നും നമുക്ക് ഒരു കാലത്തും വിലകൊടുത്താൽ വാങ്ങാൻ കഴിയുന്നതല്ല. വില കൊടുത്താൽ എന്നല്ല, പലപ്പോഴും സ്നേഹം തന്നെ കൊടുത്താൽ പോലും ആ സ്നേഹം തിരിച്ചു കിട്ടണമെന്നില്ല. അത് പോലെ തന്നെ, നമ്മുടെ സ്വന്തമായി നമ്മൾ ഉണ്ടാക്കി വെച്ചിരിക്കുന്ന, മറ്റുള്ള വസ്തുക്കളെല്ലാം തന്നെ, നമ്മൾ ഇല്ലാതായാൽ, നമ്മുടേതല്ലാതായി തീരുന്നു. എന്നാൽ ആരുടെയെങ്കിലുമൊക്കെ മനസ്സിൽ നില നിൽക്കുന്ന നമ്മളോടുള്ള സ്നേഹം മാത്രം നമ്മുടെ വിലപ്പെട്ട സമ്പത്തായി എന്നെന്നും നിലനിൽക്കും. അതിനാൽ നമുക്ക് സ്വന്തം എന്ന് പറയാൻ കഴിയുന്ന, അല്ലെങ്കിൽ അവകാശപ്പെടാൻ കഴിയുന്ന ഏറ്റവും മൂല്യമേറിയ സമ്പത്ത് എന്നത്, മറ്റൊരാൾക്ക് നമ്മളോടുള്ള സ്നേഹം മാത്രമാണ്.

നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ ആ സ്നേഹത്തിന്റെ പ്രതിഫലമായി നമുക്ക് കിട്ടുന്നത് പലപ്പോഴും അവരിൽ നിന്നുള്ള അവഗണനകളും വേദനകളും മാത്രം ആയിരിക്കുമ്പോൾ, നമ്മളെ സ്നേഹിക്കുന്നവരിൽ നിന്നും നമുക്ക് കിട്ടുന്നത് അവരിൽ നിന്നുമുള്ള ആത്മാർത്ഥ സ്നേഹം, അല്ലെങ്കിൽ അവരുടെ ഹൃദയം ആകുന്ന നിധി തന്നെയാണ്. എല്ലാവർക്കും എല്ലാവരെയും സ്നേഹിക്കാൻ കഴിയണമെന്നില്ല…..
എങ്കിലും നമ്മുടെയൊക്കെ ജീവിതത്തിൽ
ഒരു നിയോഗം പോലെ….. നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആരെങ്കിലുമൊക്കെ വന്നുചേരാം….

നമ്മൾ അവർക്കുവേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല എങ്കിലും, നമ്മളോട് അവർക്ക് പ്രത്യക്ഷമായ ഒരു കടപ്പാടും ഇല്ല എങ്കിലും, ഒന്നിനും വേണ്ടിയല്ലാതെ നമ്മളെ സ്നേഹിക്കാൻ, നമ്മൾ ഒന്നും ചെയ്യാതെ പോലും നമ്മെ അവരോട് ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്നവർ……
എന്നാൽ നമ്മളാരും തന്നെ അങ്ങനെയുള്ളവരെ തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം……
ഇത്രയും ആത്മാർത്ഥത നമുക്ക് അവരോടു തോന്നാൻ, അല്ലെങ്കിൽ അവർക്ക് നമ്മളോട് ഇത്രയും അടുപ്പം തോന്നാൻ, നമ്മുടെ സ്വന്തം എന്ന് തോന്നാൻ, നമ്മുടെ ആരാണ് അവരെന്ന്, നമ്മുടെ തന്നെ മനസ്സിനോട് പലപ്രാവശ്യം ചോദിച്ചാലും ഒരുത്തരവും കണ്ടുപിടിക്കാൻ നമുക്ക് പലപ്പോഴും സാധിക്കാത്തവർ……പൂർവ്വ ജന്മ ബന്ധത്താൽ എന്ന വണ്ണം ബന്ധിതരായവർ…..
സാധാരണ നമുക്കൊരു സന്തോഷം വന്നാൽ നമ്മൾ എല്ലാവരോടും പറയുമ്പോൾ, ഒരു ദുഃഖം വന്നാൽ പലപ്പോഴും നമ്മൾ അത് ആരെയും അറിയിക്കാറില്ല. സന്തോഷങ്ങൾ നമ്മൾ പറയാതെ തന്നെ എല്ലാവർക്കും തന്നെ എളുപ്പത്തിൽ മനസ്സിലാക്കാനും കഴിയും.

എന്നാൽ, നമ്മുടെ മനസ്സ് ഒന്ന്
ചെറുതായി വേദനിച്ചാൽ……
കണ്ണൊന്ന് കലങ്ങിയാൽ…..
മുഖമൊന്നു വാടിയാൽ……
സ്വരം ഒന്നിടറിയാൽ…..
നമ്മൾ പറയാതെ തന്നെ, അകലെയിരുന്നാൽ പോലും, അത് തിരിച്ചറിയാൻ കഴിയുന്നവരായിയിരിക്കും നമ്മളെ സ്നേഹിക്കുന്നവർ.
കാരണം, എല്ലാവരും നമ്മുടെ പുറം ഭാഗം മാത്രം കാണുമ്പോൾ, അല്ലെങ്കിൽ കാണാൻ കഴിയുമ്പോൾ, നമ്മുടെ മനസ്സിലെ വേദനകൾ അല്ലെങ്കിൽ നമ്മുടെ ഉള്ളു കാണാൻ കഴിയുന്നത് നമ്മളെ അത്രയും പ്രിയപ്പെട്ടതായി കരുതിയിട്ടുള്ളവർക്ക് മാത്രം ആയിരിക്കും. അത്, നമ്മൾ സ്നേഹിക്കുന്നവരാകില്ല ഒരിക്കലും…അവർക്കത് അറിയുവാൻ താല്പര്യവും കാണില്ല. എന്നാൽ, നമ്മുടെ വേദനകൾ അറിയുവാനും, നമ്മുടെ വിഷമങ്ങളിൽ നമ്മളെ ആശ്വസിപ്പിക്കുവാനും, കൂടെ നിന്ന് നമുക്ക് ധൈര്യം തരാനും എന്നും നമ്മുടെ കൂടെ ഉണ്ടായിരിക്കുവാനും കഴിയുന്നത് ‘നമ്മളെ സ്നേഹിക്കുന്നവർക്ക് ‘ മാത്രം ആയിരിക്കും എന്നതാണ് സത്യം.

ഇങ്ങനെയുള്ള സ്നേഹത്തിന് ഒരു പ്രേത്യേക ശക്തിയുമുണ്ട്. കാപട്യങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ അതിനെ എല്ലാം അതിജീവിച്ചു കൊണ്ട് ജീവജാലങ്ങൾക്ക് ഇവിടെ ജീവിക്കുവാൻ കഴിയുന്നത് തന്നെ,
തീരെ കുറച്ചു പേരിലെങ്കിലും നിലനിൽക്കുന്ന ഇങ്ങനെയുള്ള ആത്മാർത്ഥമായ, നിഷ്കളങ്കമായ, അകൈതവമായ സ്നേഹത്തിന്റെ ശക്തി ഒന്നു കൊണ്ടു മാത്രമാണ്. ഇങ്ങനെയൊക്കെ ആത്മാർത്ഥമായി നമ്മളെ സ്നേഹിക്കുന്നവരെ, അഥവാ നമ്മൾ ഒന്ന് വേദനിപ്പിച്ചാൽ പോലും, അവർ നമ്മളോട് മനസ്സുകൊണ്ട് ക്ഷമിച്ചിട്ട് പ്രാർത്ഥിക്കുന്നുണ്ടാവും നമുക്ക് വേണ്ടി…. അവർ നമ്മളെ ഇങ്ങനെയൊക്കെ സ്നേഹിച്ചിട്ടും നമ്മൾ അവരെ വേദനിപ്പിച്ചതിന് നമുക്ക് ദോഷമൊന്നും വരരുതേ എന്ന്. അതാണ് യഥാർത്ഥ സ്നേഹം.
അപൂർവ്വം ചില വാക്കുകളുണ്ട്.

നമ്മൾ എല്ലാവർക്കും കൊടുക്കാത്തത്….
എല്ലാവരും നമുക്കും തരാത്തത്….
അത്ര പ്രിയപ്പെട്ടവർക്ക് മാത്രം
കൊടുക്കുവാൻ വേണ്ടി നമ്മൾ
മാറ്റി വെച്ചിരിക്കുന്നത്…..
ഇവയൊക്കെയാണ് അത്.
‘ഒരിക്കലും വിഷമിക്കരുത് ‘,
‘നിന്റെ കൂടെ എന്നും, ഏതു വിഷമത്തിലും, മരിക്കുന്നതു വരെയും ഞാൻ ഉണ്ടാവും’,
‘നിനക്കെന്നും നല്ലത് വരും’
, ‘നീ എന്റെ അല്ലേ’, അല്ലെങ്കിൽ നീ എന്റെയാണ്’
ഞാനില്ലേ കൂടെ….
തുടങ്ങിയ മൂല്യവത്തായ വാക്കുകൾ….

ഈ വാക്കുകളെ നമുക്ക് ‘ഔഷധഗുണമുള്ള വാക്കുകൾ’ എന്നു വിളിക്കാം…..
കാരണം, ഈ വാക്കുകൾ മനുഷ്യരെ എല്ലാ തളർച്ചയിലും നിന്നും ഉണർത്തുവാൻ കഴിയുന്ന വാക്കുകളാണ്…..കാരണം എല്ലാ നിമിഷങ്ങളിലും നമ്മുടെ കൂടെ ഉണ്ടാകുവാനും നമുക്ക് വേണ്ടി പ്രാർഥിക്കുവാനും ഒരാൾ കൂടെ ഉള്ളത് നമുക്ക് എത്ര ആശ്വാസകരമായിരിക്കും. ആ വാക്കുകളുടെ മൂല്യം കൊണ്ടാവാം ആരും അത് ആരോടും എപ്പോഴും പറയാത്തതും….നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കിയാൽ അറിയാൻ കഴിയും……

എത്ര പേർ നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെയുള്ള വാക്കുകൾ നിങ്ങളോട് പറഞ്ഞിട്ടുണ്ട് എന്ന്….പലരോടും ആരും തന്നെ പറഞ്ഞിട്ടുണ്ടാവുകയില്ല എന്നതാണ് സത്യം.
‘നീ എന്റെ ആണ് അല്ലെങ്കിൽ എന്റെ അല്ലേ ‘ എന്നുള്ള വാക്ക്, മക്കൾ നമ്മുടെ സ്വന്തം ആണെങ്കിൽ പോലും മക്കളോട് പോലും നമ്മൾ പറയാറില്ല, മാതാപിതാക്കൾ നമ്മുടെ സ്വന്തം ആണെങ്കിലും, സഹോദരങ്ങൾ നമ്മുടെ സ്വന്തം ആണെങ്കിലും ആരോടും നമ്മൾ ഈ വാക്കുകൾ പറയാറില്ല….ഭാര്യ ഭർത്താവിനോടോ ഭർത്താവ് ഭാര്യയോടോ പറയേണ്ടതാണ്, എങ്കിൽ പോലും ഭൂരിപക്ഷം ഭാര്യ ഭർത്താക്കന്മാർക്ക് പോലും ഈ വാക്കുകൾ ആത്മാർത്ഥമായി പറയുവാൻ തക്ക അടുപ്പം മനസ്സ് കൊണ്ട് ഉണ്ടാകാറില്ല എന്നതാണ് സത്യം…..കാരണം അങ്ങനെയൊരു വാക്ക് എന്നത് ഹൃദയത്തിൽ നിന്നും വരുന്നതാണ്.

പിന്നെ എന്തെങ്കിലും കാര്യ സാധ്യത്തിനായി മനസ്സിൽ തട്ടാതെ ഭാര്യയോ ഭർത്താവോ ചിലപ്പോൾ പറഞ്ഞുവെന്ന് വരാം. അത്ര മാത്രം….അതും വളരെ അപൂർവ്വമായി മാത്രം. അവർക്ക് അങ്ങനെ പറയുവാനുള്ള അവകാശം ഉണ്ട് എങ്കിൽ പോലും.
എന്നാൽ നമ്മളോട് അത്ര ആത്മബന്ധം പുലർത്തുന്ന ഒരാൾ നമ്മളോട് അങ്ങനെ പറയുമ്പോൾ, അവർക്കും അറിയാം, നമുക്കും അറിയാം, സാമൂഹികമായും നിയമപരമായും രക്തബന്ധം വെച്ചും ഒരു രീതിയിൽ നോക്കിയാലും നമുക്ക് അവരുടേതും അവർക്ക് നമ്മുടേതും ആകാൻ കഴിയില്ല എന്ന്…..

നമ്മൾ അവരുടെ അടുത്ത് ഒരു അവകാശവാദവും ഉന്നയിക്കാൻ ചെല്ലില്ല എന്നും. എങ്കിലും, നമ്മളെ അവരുടെ ഹൃദയത്തോട് ചേർത്തുവച്ചിരിക്കുന്നു എന്ന് അവരെ അറിയിക്കാനും, നമ്മളിൽ അവർക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരിക്കും എന്ന് കാണിക്കുവാനും, അവരുടെ അടുത്ത് നമുക്കും അതുപോലെ സ്വാതന്ത്ര്യമുണ്ട്, സ്വന്തമായി കരുതുന്നു, അവരിൽ നമുക്ക് അവകാശമുണ്ട് (അവകാശം എന്നുപറഞ്ഞാൽ സ്നേഹത്തിൽ നിന്നും ഉണ്ടാകുന്ന അവകാശം ) എന്ന് കാണിക്കുവാനും മാത്രമാണ് നമ്മൾ അത്ര അടുപ്പമുള്ള ആ വാക്കുകൾ ഉപയോഗിക്കുന്നത്….അതിന് മറ്റൊരു കാരണം കൂടിയുണ്ട്.

പ്രത്യക്ഷമായി നില നിൽക്കുന്ന ഒരു ബന്ധത്തിൽ, സ്നേഹിക്കുന്നു എന്ന് പ്രേത്യേകിച്ചു പറയേണ്ട ആവശ്യം വരുന്നില്ല. അമ്മ മക്കളെ, മക്കൾ അമ്മയെ, ഭാര്യ ഭർത്താക്കന്മാർ ഇവരുടെയൊക്കെയിടയിൽ സ്നേഹം കാണണം, അല്ലെങ്കിൽ കാണും എന്ന് എല്ലാവരും പരസ്പരം വിശ്വസിക്കുന്നു എന്നുള്ളത് കൊണ്ട് അവരൊക്കെ തമ്മിൽ എപ്പോഴും അത് പറഞ്ഞു കൊണ്ടിരിക്കേണ്ട അവശ്യമില്ല….എന്നാൽ ഇങ്ങനെയുള്ള ബന്ധങ്ങൾ ഒന്നും പറയാൻ ഇല്ലാത്ത ഒരാളാണെങ്കിൽനമുക്ക് അവരോടുള്ള സ്നേഹം, അടുപ്പം അവരോട് പറഞ്ഞാലേ അവരെ അറിയിക്കാൻ കഴിയൂ. വാക്കുകൾ വഴിയും പ്രവൃത്തികൾ വഴിയും അല്ലാതെ അത് അറിയിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെ ഇല്ലല്ലോ.

അത് പോലെ തന്നെയാണ് ദൈവത്തെ സംബോധന ചെയ്യുമ്പോൾ നമ്മളല്ലാവരും എപ്പോഴും ‘എന്റെ’ എന്ന വാക്ക് ചേർത്താണ് വിളിക്കാറുള്ളത്. ‘എന്റെ ദൈവമേ’ എന്ന്. എന്നാൽ അവിടെയും നമ്മളെല്ലാം ബോധവാന്മാരാണ്, ദൈവം എന്നത് നമ്മുടെ മാത്രം സ്വകാര്യസ്വത്തല്ല എന്നത്. എങ്കിലും ദൈവത്തോടുള്ള നമ്മുടെ സമർപ്പണത്തെയും സ്നേഹത്തെയും അടുപ്പത്തെയും കാണിക്കുവാൻ വേണ്ടി ആ വാക്ക് നമ്മൾ കൂട്ടിച്ചേർക്കുന്നു. അങ്ങനെ തന്നെയാണ് നമുക്ക് പ്രിയപ്പെട്ടവരോട് പറയുമ്പോഴും അങ്ങനെയുള്ള വാക്കുകൾ നമ്മൾ ഉപയോഗിക്കുന്നത്.
യഥാർത്ഥ സ്നേഹം അല്ലെങ്കിൽ, ആത്മാർത്ഥ സ്നേഹം എന്താണെന്ന് മനസ്സിലാക്കാൻ, അതിൽ നിന്നും കുറച്ചു കാര്യങ്ങൾ മാത്രമാണ് ഞാൻ ഇവിടെ പറഞ്ഞത്.

ആത്മാർത്ഥ സ്നേഹത്തിന്റെ നിർവചനങ്ങൾ വിശാലമാണ്. എത്ര പറഞ്ഞാലും പറഞ്ഞാലും ഒരിക്കലും തീരാത്തയത്ര .
അതിനാൽ ഈ രീതിയിൽ നിങ്ങളോട് ആത്മബന്ധം പുലർത്തുന്ന ആരെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ, ഒരു നാളും അവരെ നഷ്ടപ്പെടുത്താതിരിക്കുക. ഒരിക്കൽ നഷ്ടപ്പെടുത്തുന്ന സ്നേഹം പിന്നെ തിരിച്ചു കിട്ടണമെന്നില്ലല്ലോ. കാരണം അങ്ങനെയുള്ളവരെ എല്ലാവർക്കും കിട്ടുന്നതല്ല. ഭാഗ്യം ഉള്ളവർക്ക് മാത്രം അപൂർവ്വമായി കിട്ടുന്ന ഏറ്റവും മൂല്യവത്തായ ഒരു നിധിയാണ് അത്. ഒരാളുടെ ജീവിതകാലത്തിൽ പലപ്പോഴും ഒരിക്കൽ മാത്രം കിട്ടുന്ന ഒന്ന്.
എന്നാൽ ഇങ്ങനെയൊക്കെ ആത്മാർത്ഥമായി നമ്മൾ ഒരാളെ സ്നേഹിച്ചാലും, പലപ്പോഴും അവരുടെ മനസ്സിലോ ജീവിതത്തിലോ നമുക്ക് ഒരു സ്ഥാനവും പലപ്പോഴും കിട്ടാതിരിക്കാം എന്ന് മാത്രമല്ല, നമ്മളെ പലപ്പോഴും വേദനിപ്പിച്ചു എന്നും വരാം.

എന്നാൽ, നമുക്ക് അവരോടുള്ള ആത്മബന്ധം മൂലം, അപ്പോഴും അവരെ നമുക്ക് ഇങ്ങനെ ചിന്തിച്ചുകൊണ്ട് മനസ്സിലാക്കാൻ ശ്രമിക്കാം… ന്യായീകരിക്കാൻ ശ്രെമിക്കാം….
എന്തെന്നാൽ,
അവരുടെ ജീവിതത്തിൽ അവർ പ്രാധാന്യം കൊടുക്കുന്നവരും, അവർ സ്നേഹിക്കുന്നവരും അവരുടെ ബന്ധങ്ങളും സ്വന്തങ്ങളും എല്ലാം തന്നെ, അവരെ സ്നേഹിക്കുന്നതും, അവരുടെ കൂടെ നിൽക്കുന്നതും, അവർ അവരെ സ്നേഹിക്കുന്നതു കൊണ്ടു മാത്രമാണ്…. അല്ലെങ്കിൽ അവർക്കുവേണ്ടി അവരും എന്തെങ്കിലുമൊക്കെ കടമകൾ ചെയ്യുന്നത് കൊണ്ട് മാത്രമാണ്…..
എന്നാൽ, നമ്മൾ അവരെ സ്നേഹിക്കുന്നത്, അവർ നമുക്ക് ഒന്നും തന്നിട്ടല്ല. കടമകളോ, കടപ്പാടുകളോ ഉള്ളതുകൊണ്ടുമല്ല. അവർ നമുക്ക്, ഒരു ദൈവിക നിയോഗം പോലെ അത്രയും പ്രിയപ്പെട്ടതായത് കൊണ്ട് മാത്രമാണ്.

അത് അവർക്കും അറിയാവുന്നത് കൊണ്ട് മാത്രം ആയിരിക്കും അവർ നമ്മളോട് അങ്ങനെ പെരുമാറുന്നത് എന്ന്.
കാരണം…നമ്മുടെ മനസ്സ് മനസ്സിലാക്കാൻ കഴിയും എന്ന് നമുക്ക് ഉറപ്പ് ഉള്ളവരോടും, നമ്മുടെ സ്വന്തമെന്ന് നമ്മൾ കരുതുന്നവരോടും, ഒരിക്കലും നമ്മളെ ഉപേക്ഷിച്ചു പോകാൻ കഴിയില്ല എന്ന് നമ്മൾ വിശ്വസിക്കുന്നവരുടെയുമൊക്കെ അടുത്തല്ലേ നമ്മൾ സാധാരണ സ്വാതന്ത്ര്യമായി എന്തും പറയാറുള്ളൂ, ദേഷ്യപ്പെടാറുള്ളു, പിണങ്ങാറുള്ളു…..
അതിനാൽ, അത് കൊണ്ടൊക്കെ തന്നെയാവും അവരും നമ്മളോട് അങ്ങനെ പെരുമാറുന്നത് എന്ന്.

By ivayana