അന്തിച്ചുവപ്പിനാൽ ദിക്കുകൾ ഏറേ തുടുത്തിരുന്നു.മനോഹാരിതയാർന്ന ആ സായംസന്ധ്യയിൽ ജനാലയെ ഭേദിച്ച് കൊണ്ട് ഊളിയിട്ട് വരുന്ന മന്ദമാരുതനിൽ ഉണങ്ങിയ കരിയില കണക്കേ അവളുടെ കാർകൂന്തലും പാറി പറന്നിരുന്നു. നെറ്റിയിലേക്ക് ഊർന്നു വീണ മുടിനാരിഴ തെല്ലൊന്നൊതുക്കി കിടക്കയിൽ നിന്ന് മെല്ലെ എഴുന്നേറ്റിരുന്നു.

”മായേ ദേ വിളക്ക് വെക്കുന്നുണ്ടേ”

ശാരദാമ്മ ,പറഞ്ഞു കൊണ്ട് നിലവിളക്കുമായി ഉമ്മറക്കോലയിൽ ദീപം നിറത്തി.

അമ്മ,സഹസ്രനാമം ചൊല്ലാനായി ഇരിക്കുന്നതിന് മുന്നേ ഒന്നു വിളക്ക് കണ്ടു തൊഴുതു. അതിന് ശേഷം മുറിയിൽ തന്നെ ഇരുന്നു.


അമ്മയുടെ പ്രാർത്ഥന ഈയിടെയായ് കുറച്ച് കൂടുതലാണെന്നുതന്നെ പറയാം. മകളുടെ ജീവിത സൗഭാഗ്യങ്ങളിൽ വന്ന മാറ്റം കൊണ്ടാവണം ഏതൊരമ്മയെയും പോലെ ശാരദാമ്മയുടെ നെഞ്ചു പൊള്ളിയത്. പൂങ്കുല പോലെ വിടർന്ന് സൗരഭ്യം പരത്തേണ്ട ഇളം പ്രായത്തിൽ വാടി കൊഴിയാൻ വെമ്പുന്നത് ആ അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിക്കണം.

താൻ, മുറിയിൽ തന്നെ ഒതുങ്ങി കൂടാൻ തുടങ്ങിയിട്ട് കുറഞ്ഞ നാളുകൾ മാത്രമേ ആയുള്ളൂവെങ്കിലും മനസിന് വല്ലാത്തൊരാധിയാണ്.

‘താൻ നെഞ്ചോട് ചേർത്ത് വച്ച സ്വപ്നങ്ങളത്രയും വിടരാതെ കൊഴിയുകയാണോ’

ഒരു മോഹവും പൂർണ്ണമല്ലെന്ന തോന്നലുണ്ടായതും അന്നാളിലായിരുന്നു.

കുഞ്ഞുനാളു തൊട്ടേ തന്റെ മധുരമായ ശബ്ദത്തിലൂടെ ഒട്ടനവധി വേദികളെ മനോഹരമാക്കിയിരുന്ന ഒരു കലാകാരിയായിരുന്നു മായ.

പൂർവ്വികമായി അവൾക്ക് കൈവന്ന സർഗാത്മികമായ കഴിവായിരുന്നു സംഗീതം. എങ്കിലും ഇല്ലായ്മകളിലൂടെയാണ് അവൾ വളർന്ന് വന്നത്. അതിൽ ആരോടും പരിഭവമോ പരാതിയോ അവൾക്കില്ലായിരുന്നു.

അവളുടെ പെട്ടെന്നുള്ള വളർച്ചയിൽ ഒരു ഭാഗത്ത് നിന്ന് കുശുകുശുപ്പും മുറുമുറക്കലും ഉണ്ടായെങ്കിലും എല്ലാത്തിനേയും അതിജീവിച്ച് കൊണ്ടായിരുന്നു അവളുടെ യാത്ര.

അമ്മയുടെ സഹസ്രനാമം ചൊല്ലി തീരാറായപ്പോഴാണ് മനുവേട്ടന്റെ ശബ്ദം കേട്ടത്. എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെങ്കിൽ മാത്രമാണ് സന്ധ്യ നേരത്ത് മനുവേട്ടൻ വീട്ടിലേക്ക് വരുന്നത്. അറിയാനുള്ള ആകാംക്ഷയോടെ ധൃതി പിടിച്ച് എഴുന്നേൽക്കുമ്പോഴേക്ക് അമ്മയുടെ കൂടെ മനുയേട്ടനും മുറിയിൽ എത്തിയിരുന്നു.

”മായേ നാളെ സ്കൂളിൽ വച്ച് നടത്താനിരുന്ന ക്ലബ്ബിന്റെ വാർഷികാഘോഷ പരിപാടി അറിഞ്ഞിരിക്കുമല്ലോ ആ വേദിയിൽ വച്ച് നിന്നെയും ആദരിക്കുകയാണ്”

മുഴുവൻ പറഞ്ഞു തീരുന്നതിന് മുന്നേ രണ്ട് മിഴികളിൽ നിന്നും നീർചാലുകളായി പെയ്തിറങ്ങി.മുഖാമുഖം നോക്കാതെ ഇത്രയും പറഞ്ഞു മനുവേട്ടൻ തിരിഞ്ഞു നടന്നു.

”അതെ തന്നെ ആദരിക്കുകയാണ്.” അവൾക്ക് വിശ്വസിക്കാനായില്ല.

തന്റെ മധുരമായ ശബ്ദത്തെ ആസ്വദിക്കാൻ കലാസ്നേഹികളുടെ ഒഴുക്ക് കൂടി കൂടി വന്നപ്പോൾ അന്യ ദേശേത്തേക്കും തനിക്കായി വേദിയൊരുങ്ങി. ഓരോ വേദിയെയും മനോഹരമാക്കാൻ കഴിഞ്ഞത് കൊണ്ടാവണം നിരവധി പുരസ്ക്കാരങ്ങളും ആദരവും തന്നെ തേടിയെത്തിയത്.

സന്തോഷകരമായ നിമിഷങ്ങൾ കാലം സമ്മാനിച്ചെങ്കിലും ജന്മനാട് നൽകാത്ത ആദരവ് അത് ഒരു നോവ് തന്നെയായിരുന്നു. ആശിച്ചത് പോലെ ആ ദിവസവും സമാഗതമാവുകയാണ്.ജന്മനാടിന്റെ ആദരവ് അതിനോളം വരില്ല മറ്റൊന്നും എന്ന തോന്നലു കൊണ്ടാവാം ആ മിഴികളും നിറഞ്ഞൊഴുകിയത്.

അറിവിന്റെ ആദ്യാക്ഷരം പകർന്നു തന്ന കലാലയം, താൻ ആദ്യമായി പാടിയ വേദി ഇതാ ,ഒരിക്കൽക്കൂടി തനിക്കായി ഒരുങ്ങി കഴിഞ്ഞു. തന്റെ ബാല്യ കുസൃതികൾക്കും, കൗമാര ശാഠ്യങ്ങൾക്കും സാക്ഷിയായ ആ കലാലയം വീണ്ടും ഒരു ആദരിക്കൽ ചടങ്ങിന് സാക്ഷിയാവുകയാണ്.

അടക്കാനാവാത്ത സന്തോഷം കൊണ്ട് ആരാത്രി ഒരു പോള കണ്ണടക്കാനും ആയില്ല. പഴയ കാലത്തിന്റെ ഓർമ്മിയിലേക്ക് മനസു കൊണ്ട് യാത്രയാവുകയും ആയിരുന്നു

കലോത്സവ വേദികളിൽ നിറസാന്നിധ്യമായി സ്കൂളിന്റെ അഭിമാനത്തെ വാനോളം ഉയർത്തിയിരുന്ന കാലം. ആരാധകരുടെ എണ്ണവും കൂടി കൂടി വന്നു.

താൻ പാടിയിരുന്ന എല്ലാ വേദികളിലും മുൻനിരയിൽ സ്ഥാനം പിടിച്ച് തന്റെ സ്വരത്തിനൊത്ത് താളം പിടിച്ചിരുന്ന ഒരു കൂട്ടുകാരനായിരുന്നു ശ്യാം.തന്റെ പെട്ടെന്നുള്ള വളർച്ചയിൽ ആ ആരാധന കടലോളം വളർന്നിരുന്നു.പിന്നിടെപ്പോഴോ അത് പ്രണയത്തിലേക്കും വഴിമാറി. അന്നാളിലായിരിക്കണം തന്റെ മനസിലും കൊച്ചു പ്രണയം മൊട്ടിട്ടത്.

കൂട്ടുകാരുടെ പ്രോത്സാഹനമൊന്നു കൊണ്ട് മാത്രമായിരിക്കണം മൊട്ടിട്ട പ്രണയം പെട്ടെന്ന് തളിർത്തതും സിരകളിലോളം പടർന്ന് പന്തലിച്ചതും.സ്കൂൾ ജീവിതത്തിന്റെ അവസാന നാളിലായിരുന്നു ശ്യാമിന്റെ അച്ഛന്റെ ജോലി സ്ഥലമാറ്റം. കുടുംബത്തോടെ അന്യദേശത്തേക്ക് പറിച്ചു നടപെട്ടതും.

തന്റെ കൗമാരകാലത്തിലെ വലിയൊരു നോവ് തന്നെയായിരുന്നു നിറമിഴിയോടെ ശ്യാമിനെ യാത്രയാക്കിയത്.കണ്ണെത്താ ദൂരം വരെ തിരിഞ്ഞു നോക്കി കൊണ്ട് നിറമിഴികളോടെ അവനും നടന്നു നീങ്ങി.
ശംഖധ്വനി കണക്കേ മുഴങ്ങിയിരുന്ന അവന്റെ പൊട്ടിച്ചിരി ഇന്നും തന്റെ കാതുകളിൽ മുഴങ്ങുന്നു.

”മോളേ മായേ ഇന്നല്ലേ പരിപാടിക്ക് പോകേണ്ടത്.മെല്ലെ എഴുന്നേറ്റ് ഒരുങ്ങാൻ നോക്കണം. എന്തേലും കുറച്ച് കുറച്ച് കഴിച്ച് മരുന്നുകൾ ഒന്നൊന്നായി കഴിക്കണം.അവർ അയക്കുന്ന വണ്ടി വരുമ്പോൾ പോകാനുള്ളതാ”

അമ്മ ഇങ്ങനെ പറയുന്നുണ്ടെങ്കിലും അവൾക്ക് എഴുന്നേൽക്കാനായില്ല. ഭക്ഷണത്തിനേക്കാൾ കൂടുതൽ മരുന്നു കഴിക്കുന്നത് ആ ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു.അതു കൊണ്ട് തന്നെയാവണം മുറിയിൽ തന്നെ ഒതുങ്ങി കൂടുന്നതും.

വേദികളിൽ നിന്ന് വേദികളിലേക്കുള്ള ഓട്ടത്തിലേപ്പോഴാണ് എന്നറിയില്ല.തന്റെ സ്വരത്തെയും ശ്വാസകോശത്തെയും കാർന്നു തിന്നുന്ന വില്ലനായി അവൻ തന്നിലേക്കടുത്തത്. കുറഞ്ഞ നാളുകൾ കൊണ്ട് ക്ഷീണിതയും ആയി.ഓരോ രാവും കടന്നു പോകുന്നതിനനുസരിച്ച് തളർച്ചയും കൂടി കൊണ്ടേയിരുന്നു.

”വാർഷികാഘോഷ പരിപാടികൾ തുടങ്ങിയിരിക്കുന്നു.
ആദരിക്കൽ ചടങ്ങിന് സമയം ആകുമ്പോൾ വണ്ടി എത്തുമെന്ന്”

മനുവേട്ടൻ അമ്മയെ വിളിച്ചു പറഞ്ഞു.
അമ്മ വിളമ്പി തന്ന കഞ്ഞി ഒരു കപ്പിലാക്കി വലിച്ചു കുടിച്ചതിന് ശേഷം മരുന്നുകളൊക്കെ ഈ ദിവസത്തേത് ഒന്ന് മാറ്റി നിറുത്തി പോകാനായി ഇറങ്ങി.

മനുവേട്ടൻ അയച്ച വണ്ടിയിൽ അമ്മയ്ക്കൊപ്പം മെല്ലെ കയറി ഇരുന്നു. തന്റെ പൂർവ്വ വിദ്യാലയത്തിലേക്ക് വണ്ടി നീങ്ങി.സ്കൂളിന്റെ കവാടത്തിൽ വണ്ടി എത്തിയപ്പോൾ മനുയേട്ടനും, സംഘാടകരും ചേർന്നു തന്നെ അലങ്കരിക്കപ്പെട്ട ആ വേദിയിലേക്ക് ആനയിച്ചു.

തികച്ചും രോഗശയ്യയിൽ കിടന്ന തനിക്ക് അധികം നിൽക്കാനും ഇരിക്കാനും പറ്റാത്തത് കൊണ്ടായിരിക്കാം വേദിയിലെത്തിയപ്പോൾ സംഗീത ലോകത്തെ തന്റെ നല്ല സൗഹൃദങ്ങളിൽ ഒരാളായിരുന്ന രുദ്ര പൊന്നാട അണിയിച്ച് ആദരിച്ചത്.

നിറമിഴികളോടെ കൈകൂപ്പി ആ സദസിന് മുന്നിൽ അല്പനേരം നിന്നു. അവസാനമായി രണ്ട് വരി പാടാനും ഒരു മറുവാക്കിനും ആവശ്യപെട്ടു മൈക്ക് നീട്ടിയപ്പോൾ രണ്ട് വരി പാടി തീർത്തെങ്കിലും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുന്നിൽ അലങ്കരിക്കപെട്ട ആ വേദിയിൽ അവൾ കുഴഞ്ഞു വീഴുകയായിരുന്നു.ആദ്യമായും അവസാനമായും താൻ പാടിയ വേദിയിൽ വച്ച് ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിലേക്ക് അവൾ വഴുതി വീണു. അവൾ ഏറേ കൊതിച്ചിരുന്നതും സ്വപ്നവും ആയിരുന്നു ജന്മനാടിന്റെ ആദരവ്. ആ പൊന്നാടയെ ഹൃദയത്തോട് ചേർത്ത് വച്ച് അവൾ യാത്രയായി.

ബേബിസബിന

By ivayana